Sunday, 29 January 2012

ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഭീമന്‍ ബങ്കര്‍ ബസ്റ്റര്‍ നിര്‍മിക്കുന്നു




യൂറോപ്പിന് എണ്ണ വില്‍ക്കുന്നത് ഇറാന്‍ നിര്‍ത്തിവയ്ക്കുന്നു

തെഹ്റാന്‍ : ആണവ പ്രശ്നത്തില്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) എണ്ണ ഉപരോധം പ്രഖ്യാപിച്ചതിനെതിരെ ഇറാന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. ഇയു രാജ്യങ്ങള്‍ക്കുള്ള എണ്ണ കയറ്റുമതി ഈയാഴ്ചമുതല്‍ ഇറാന്‍ നിര്‍ത്തിവച്ചേക്കും. ഇത് സംബന്ധിച്ച ബില്‍ ഞായറാഴ്ച ഇറാന്‍ പാര്‍ലമെന്റ് ചര്‍ച്ചചെയ്യും. ഞായറാഴ്ചതന്നെ പാസാക്കുമെന്നും സൂചനയുണ്ട്. തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടാന്‍ കിണഞ്ഞുശ്രമിക്കുന്ന യൂറോപ്യന്‍ സമ്പദ്വ്യവസ്ഥകള്‍ക്ക് കനത്ത പ്രഹരമാകും ഇറാന്റെ നീക്കമെന്ന് പാശ്ചാത്യവിദഗ്ധര്‍തന്നെ മുന്നറിയിപ്പ് നല്‍കുന്നു. ഇറാനിയന്‍ എണ്ണയെ വന്‍തോതില്‍ ആശ്രയിക്കുന്ന യൂറോപ്യന്‍ എണ്ണശുദ്ധീകരണശാലകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പ്രയാസമാകും. തകര്‍ച്ച നേരിടുന്ന ഗ്രീസും ഇറ്റലിയും മറ്റുമാകും കൂടുതല്‍ പ്രയാസത്തിലാവുക. ഗ്രീക് റിഫൈനറികള്‍ക്കാവശ്യമായ എണ്ണയില്‍ പകുതിയിലധികവും ഇറാനില്‍നിന്നാണ്.

ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്യുന്നവരില്‍ രണ്ടാംസ്ഥാനത്തുള്ള യൂറോപ്യന്‍ യൂണിയന്‍ തങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ച ഏര്‍പ്പെടുത്തിയ ഉപരോധം നടപ്പാക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് ജൂലൈവരെ സമയം അനുവദിച്ചിട്ടുണ്ട്. ഇറാന്‍ എണ്ണ ഇല്ലെങ്കില്‍ പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും പിടിച്ചുനില്‍ക്കാനാകില്ല എന്നതാണ് പ്രധാന കാരണം. എന്നാല്‍ , ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഈ ആഴ്ചതന്നെ നടപ്പാക്കുമെന്ന് ഊര്‍ജസമിതി അംഗം മുഅയിദ് ഹുസൈനി സദര്‍ വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ നഷ്ടം യൂറോപ്യന്‍ യൂണിയനായിരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദ് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേസമയം, ആണവപ്രശ്നത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി യുഎന്‍ ആണവ പരിശോധകര്‍ ഞായറാഴ്ച ഇറാനില്‍ എത്തുന്നുണ്ട്.


ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഭീമന്‍ ബങ്കര്‍ ബസ്റ്റര്‍ നിര്‍മിക്കുന്നു

വാഷിങ്ടണ്‍ : അതീവ സുരക്ഷിതമായ ഇറാന്റെ ഭൂഗര്‍ഭ ആണവ നിലയങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക കൂടുതല്‍ ശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നിര്‍മിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 13.6 ടണ്‍ ഭാരമുള്ള പുതിയ ബങ്കര്‍ ബസ്റ്ററുകള്‍ അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ആയുധമായിരിക്കും. നിലവിലുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്ക് കനത്ത ഭൂഗര്‍ഭ കോട്ടകള്‍ തുളച്ചുകടന്ന് ഇറാന്റെ ആണവപദ്ധതിയെ തകര്‍ക്കാനാകില്ലെന്ന് മനസ്സിലാക്കിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ അമേരിക്ക പുതിയവ നിര്‍മിക്കുന്നത്. എന്നാല്‍ , ഇവയും ലക്ഷ്യം കാണാന്‍ അപര്യാപ്തമാണെന്നാണ് പ്രാഥമിക പരീക്ഷണങ്ങളില്‍ കണ്ടത്. അതിനാല്‍ ഇവ കൂടുതല്‍ ശക്തമാക്കാന്‍ ധനസഹായത്തിന് പെന്റഗണ്‍ ഈ മാസമാദ്യം രഹസ്യമായി യുഎസ് കോണ്‍ഗ്രസിനെ സമീപിച്ചിരിക്കുകയാണെന്നും മര്‍ഡോക് പത്രം റിപ്പോര്‍ട്ട് ചെയ്തു.

പുതിയ 20 ബങ്കര്‍ ബസ്റ്റര്‍ നിര്‍മിക്കാന്‍ പെന്റഗണ്‍ ഇതുവരെ 33 കോടി ഡോളറാണ് (1625 കോടി രൂപ) ചെലവഴിച്ചത്. എന്നാല്‍ , ബോംബുകള്‍ കൂടുതല്‍ ശക്തമാക്കാന്‍ 8.2 കോടി ഡോളര്‍കൂടി ആവശ്യപ്പെട്ടിരിക്കുകയാണ്. 20 അടി നീളമുള്ള പുതിയ ബങ്കര്‍ ബസ്റ്ററുകളില്‍ 5300 റാത്തല്‍ (2400 കിലോ) സ്ഫോടകവസ്തുവുണ്ടാകും. ഭൂമി തുളച്ച് 200 അടിവരെ താഴെ എത്തിയശേഷമേ അവ പൊട്ടൂ. പുതിയ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അമേരിക്കന്‍ വ്യോമസേനയുടെ ബി-2 സ്റ്റെല്‍ത് ബോംബര്‍ വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ ബോയിങ്ങിന് നേരത്തെ കരാര്‍ നല്‍കിയിരുന്നു. അമേരിക്കയ്ക്കു പുറമെ ഇസ്രയേലിന് മാത്രമാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുള്ളത്.

Saturday, 28 January 2012

എന്താണ് കമ്യൂണിസം


വർഗ്ഗങ്ങൾക്കോ രാഷ്ട്രങ്ങൾക്കോ പ്രാധാന്യമില്ലാത്ത (അഥവാ വർഗ്ഗരഹിത-രാഷ്ട്രരഹിതമായ) സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടി ലക്ഷ്യം വയ്ക്കുന്ന ഒരു ആശയമാണ് കമ്യൂണിസം. ഇത്തരം സമൂഹ്യവ്യവസ്ഥയെ കമ്യൂണിസ്റ്റ് വ്യവസ്ഥ എന്ന് വിളിക്കുന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥയിൽ ഉത്പാദനോപാധികളെല്ലാം പൊതു ഉടമസ്ഥാവകാശത്തിലായിരിക്കും. ഉത്പാദനോപാധികൾ സ്വകാര്യ ഉടമസ്ഥതയിലുണ്ടാവില്ല എന്ന കാഴ്ചപ്പാട് ചിലപ്പോഴെങ്കിലും സ്വകാര്യ സ്വത്ത് ഉണ്ടാവില്ല എന്നായി വ്യാഖ്യാനിക്കപ്പെടാറുണ്ട്, ഇത് പൂർണ്ണമായും ശരിയല്ല.

സോഷ്യലിസം എന്ന കുറേക്കുടി വിശാലമായ ആശയഗതിയുടെ ഒരു പ്രധാന ശാഖയാണ് കമ്യൂണിസം. കമ്യൂണിസത്തിനകത്തുതന്നെ പരസ്പരം ചെറിയതോതിൽ വ്യത്യാസപ്പെട്ടിരിക്കുന്ന അനേകം ആശയഗതികളുണ്ട്. മാവോയിസം, സോവിയറ്റ് കമ്യൂണിസം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഈ രണ്ട് കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസം ലോക കമ്യൂണ്സ്റ്റ് പ്രസ്ഥാനങ്ങളിലെല്ലാം പിളർക്കുകയുണ്ടായി.

കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് കാൾ മാക്സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതിൽ പിന്നീട് നടന്ന കൂട്ടിച്ചേർക്കലുകളും മാക്സിസം എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും മാക്സിസവും വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുക എന്ന ആശയവുമാണ്. ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ മാക്സിയൻ ചരിത്രവീക്ഷണം എന്ന ഒരു ചരിത്ര വിശകലനവും പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ഒരു സിദ്ധാന്തവും കൂടിയുൾപ്പെട്ടതാണ് മാക്സിസം.

സുകുമാര്‍ അഴീക്കോട് അഥവ മലയാള പ്രസംഗകലയുടെ അവസാന വാക്ക്


പതിറ്റാണ്ടുകളായി മലയാളിയുടെ നിത്യജീവിതത്തെ സ്വാധീനിച്ച രണ്ട് ശബ്ദങ്ങളാണുള്ളത്. ഒന്ന് ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദം. മറ്റൊന്ന് അര്‍ഥ സാന്ദ്രമായ അഴീക്കോടിന്റെ ശബ്ദം. സുകുമാര്‍ അഴീക്കോട് അവിവാഹിതനായിരുന്നു. എങ്കിലും അദ്ദേഹത്തിന് മൂന്നു ഭാര്യമാരുണ്ടായിരുന്നു - പ്രഭാഷണം, എഴുത്ത്, അധ്യാപനം. ഇതിനോടൊന്നിനോടും ജീവിതത്തില്‍ ഒരു സൌന്ദര്യപ്പിണക്കം പോലുമുണ്ടായിരുന്നില്ല അഴീക്കോടിന്. പതിറ്റാണ്ടുകള്‍ മൈക്കിനുമുന്‍പില്‍ ഇടറാതെ നിന്നു പ്രസംഗിച്ച് ഇറങ്ങിപ്പോകുമ്പോഴും ശബ്ദങ്ങളുടെ മാന്ത്രികന് വാക്കുകളുടെ മായാജാലത്തില്‍ കമ്പം അവസാനിക്കുന്നില്ല. മലയാളത്തില്‍ പ്രസംഗകലയുടെ അവസാന വാക്കായിരുന്നു അഴീക്കോട്. ശബ്ദ വിസ്മയത്തില്‍ വാക്കുകള്‍ക്കു പരിണാമം സംഭവിക്കുമ്പോള്‍ അഴീക്കോടും മൈക്കും തമ്മിലുള്ള അതിര്‍വരമ്പുകള്‍ കേള്‍വിക്കാരന്‍ മറന്നുപോയിരുന്നു.

ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ഉറച്ചു വിശ്വസിച്ച അഴീക്കോടിന്റെ ആദ്യ രാഷ്ട്രീയ തട്ടകം കോണ്‍ഗ്രസ് പ്രസ്ഥാനമായിരുന്നു. കോണ്‍ഗ്രസിന്റെയും അതിന്റെ പോഷക സംഘടനകളുടെയും പരിപാടികളില്‍ പ്രസംഗിച്ചായിരുന്നു അദ്ദേഹത്തിന്റെ ശബ്ദജീവിതത്തിന്റെ തുടക്കം. ഇന്ത്യക്കു സ്വാതന്ത്യ്രം കിട്ടുന്നതിനും മുമ്പായിരുന്നു ആദ്യ പ്രസംഗം. പിന്നീട് വിമോചന സമര കാലത്ത് അഴീക്കോടിന്റെ വാക്കുകള്‍ ചാട്ടുളി പോലെ കമ്യൂണിസ്റ്റ്കാര്‍ക്കു മേല്‍ ആഞ്ഞു പതിച്ചു. പ്രഭാഷണ കലയുടെ സകല മര്‍മങ്ങളും അഴീക്കോടിന് അറിയാമായിരുന്നു. ഒരു തലോടലായി തുടങ്ങുന്ന പ്രഭാഷണം, പതുക്കെ ഇളംകാറ്റിലേക്കാവുന്നു. പിന്നെ അതൊരു കൊടുങ്കാറ്റായി മാറാന്‍ നിമിഷാര്‍ധം പോലും ആവശ്യമുണ്ടായിരുന്നില്ല. ഒരു ട്രപ്പീസു കളിക്കാരന്റെ ചാതുരിയോടെ വാക്കുകളെ അദ്ദേഹം അന്തരീക്ഷത്തിലെറിഞ്ഞു. അതില്‍ കല്ലും കല്‍ക്കണ്ടവുമുണ്ടായിരുന്നു. കേള്‍വിക്കാരന് ഒരു നിമിഷം പോലും അതില്‍ നിന്നു മാറി നില്‍ക്കാന്‍ കഴിയാത്തത്ര ലഹരിയായിരുന്നു അത്.

വിഷയത്തില്‍ നിന്നു ഉപകഥകളിലേക്കു പോകുമ്പോള്‍ പലപ്പോഴും തിരിച്ചു വിഷയത്തിലേക്കു വരാന്‍ കഴിയാത്തതാണ് പല പ്രഭാഷകരുടെയും പരാജയം. എന്നാല്‍ കഥയ്ക്കപ്പുറം കടല്‍ കടന്നാലും അഴീക്കോട് ഞൊടിയിടയില്‍ വിഷയത്തിലേക്കു തിരിച്ചു വന്ന് കേള്‍വിക്കാരനെ അദ്ഭുതപ്പെടുത്തി. രാഷ്ട്രീയ പ്രഭാഷണങ്ങളില്‍ തീക്കൊള്ളിയാകുന്ന അഴീക്കോടിന്റെ വാക്കുകള്‍, അനുസ്മരണ പ്രസംഗങ്ങളില്‍ കവിതയുടെ ആര്‍ദ്രതയായി. സാഹിത്യം പറയുമ്പോള്‍ ഭൂഖണ്ഡാന്തരങ്ങളില്‍ നിന്ന് നാം കേള്‍ക്കാത്ത അജ്ഞാതര്‍ വരെ നമുക്ക് മുന്‍പില്‍ നേരിട്ട് സംവദിച്ചു.

പ്രസംഗം കൊണ്ട് എവിടെയെങ്കിലും കള്ളനെ പിടിച്ചതായി കേട്ടിട്ടുണ്ടോ? ഉണ്ട്, അങ്ങനെയും ഒരു സംഭവമുണ്ടായിട്ടുണ്ട്. കാല്‍ നൂറ്റാണ്ടു മുന്‍പ്. സുകുമാര്‍ അഴീക്കോട് കാലിക്കറ്റ് സര്‍വകലാശാലയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് സംഭവം. റേഡിയോയോടു മല്‍സരിച്ച് ടേപ്പ് റിക്കോര്‍ഡര്‍ വിജയക്കൊടി നാട്ടിവരുന്ന കാലം. മോണോയും സ്റ്റീരിയോയും ടൂ ഇന്‍ വണ്ണുമൊക്കെ അന്നു പ്രചാരത്തിലുണ്ടായിരുന്നെങ്കിലും പില്‍ക്കാലത്തെപ്പോലെ സര്‍വവ്യാപിയായിരുന്നില്ല. അഴീക്കോടിന്റെ വീട്ടിലെ ടേപ്പ് റിക്കോര്‍ഡര്‍ ഒരുനാള്‍ കാണാതായി. നാട്ടുനടപ്പനുസരിച്ചു പൊലീസില്‍ പരാതിയും നല്‍കി. അന്വേഷണം നടക്കുന്നതിനിടെ അവര്‍ക്കൊരു വിവരം ലഭിച്ചു. ഒരു വീട്ടില്‍ നിന്ന് ഇടതടവില്ലാതെ അഴീക്കോടിന്റെ പ്രസംഗം കേള്‍ക്കുന്നെന്ന്.

അഴീക്കോടിന്റെ വേലക്കാരന്റെ വീടായിരുന്നു അത്. ജോലി നിര്‍ത്തി പോയപ്പോള്‍ ഒരു കൂട്ടിന് ടേപ്പ് റിക്കോര്‍ഡര്‍ കൂടി എടുത്ത കക്ഷിക്ക് അഴീക്കോടിന്റെ വീട്ടില്‍നിന്നു കിട്ടിയ കസെറ്റുകളല്ലാതെ വേറൊന്നും വാങ്ങിയിടാനായില്ല. മാഷിന്റെ വീട്ടില്‍നിന്നു കിട്ടിയ കസെറ്റുകള്‍ മുഴുവന്‍ മാഷിന്റെ പ്രസംഗവുമായിരുന്നു. അത് ഉച്ചത്തില്‍ വച്ചതാണ് അയല്‍ക്കാര്‍ക്കു സംശയമുണ്ടാകാനും പൊലീസ് വിവരമറിയാനും കാരണമായത്.

പ്രസംഗകലയില്‍ പല പരീക്ഷണങ്ങളും നടത്തിയ ആളായിരുന്നു അഴീക്കോട്. ഗാന്ധിജിയുടെ 125-മത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേരളത്തിലെ 125 ഗ്രാമങ്ങളില്‍ സഞ്ചരിച്ച് അദ്ദേഹം പ്രസംഗിച്ചു. ഏറ്റവും കൂടുതല്‍ നാള്‍ നീണ്ടുനിന്ന അഴീക്കോടിന്റെ പ്രസംഗപര്യടനം അതായിരുന്നു. ഗാന്ധിയന്‍ ത്വത്തങ്ങളെ പുനഃസ്ഥാപിക്കുകയും യുവജനങ്ങളെ അതിനായി സജ്ജമാക്കുകയുമായിരുന്നു ആ പ്രസംഗപരമ്പരയുടെ ലക്ഷ്യം. അഴീക്കോടിന്റെ വാഗ്ധോരണിക്കു മുന്‍പില്‍ അദ്ഭുതപ്പെട്ടു നിന്നവരില്‍ എത്രയെത്ര പ്രതിഭാശാലികള്‍! ആദ്യ ലോകമലയാള സമ്മേളനത്തിന്റെ ഉദ്ഘാടനവേളയില്‍ ചെയ്ത പ്രസംഗം കേട്ട് ആദരപൂര്‍വം നിന്നവരില്‍ മലയാളികള്‍ മാത്രമല്ല, വിദേശികളുമുണ്ടായിരുന്നു. മലയാളത്തിലായിരുന്നു പ്രസംഗം. എന്നിട്ടും എ.എല്‍. ബാഷാംവും ചെലിഷേവും ഉള്‍പ്പെടെയുള്ള വിദേശികള്‍ അഭിനന്ദനവര്‍ഷം ചൊരിഞ്ഞു. 'യു ആര്‍ എ നാച്വറല്‍ ഒറേറ്റര്‍ എന്നായിരുന്നു ബാഷാംയുടെ കമന്റ്. റഷ്യയിലോ യൂറോപ്പിലോ 15 കൊല്ലത്തിനുള്ളില്‍ ഇത്തരത്തിലൊരു പ്രസംഗം കേട്ടിട്ടില്ലെന്നായി ചെഷ്നോവ്. ഒട്ടേറെ ജപ്പാന്‍കാരുമുണ്ടായിരുന്നു അഭിനന്ദനമറിയിക്കാന്‍. ഭാഷയുടെ അതിര്‍വരമ്പുകളെ പ്രസംഗം എങ്ങനെ ഭേദിച്ചുവെന്ന് തനിക്കു മനസിലായില്ലെന്നാണ് അഴീക്കോട് പിന്നീട് ഇതേക്കുറിച്ചു പറഞ്ഞത്.

നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാനായിരിക്കെ ഡല്‍ഹിയില്‍ ലോക പുസ്തകമേള നടത്തിയപ്പോള്‍ ഉദ്ഘാടനവേളയില്‍ ചെയ്ത സ്വാഗത പ്രസംഗം ഹ്രസ്വമായിരുന്നെങ്കിലും ഓര്‍മയില്‍ നില്‍ക്കുന്നതാണ്. ആകെ എട്ടു മിനിറ്റേ പ്രസംഗം നീണ്ടുള്ളു. അതിനിടയില്‍ അഞ്ചു തവണ കൈയടി കിട്ടി. ആംഗലേയത്തിലുള്ള ആ സ്വാഗത പ്രസംഗം കേട്ട യു.ആര്‍. അനന്തമൂര്‍ത്തി പിന്നീട് ഫോണ്‍ ചെയ്തു പറഞ്ഞു 'ഐ വില്‍ നെവര്‍ ഫൊര്‍ഗറ്റ് ദാറ്റ് സ്പീച്ച്.

ശാരീരികമായ ക്ളേശങ്ങള്‍ പോലും അവഗണിച്ചാണ് അഴീക്കോട് അവസാനകാലത്തും ഓടിനടന്ന് പ്രസംഗിച്ചത്. ഒരു ദിവസം ആറ് പ്രംസംഗങ്ങള്‍ വരെ അദ്ദേഹം ഈ സമയത്ത് ചെയ്തിരുന്നു. ''ശബ്ദമില്ലാത്തവനുവേണ്ടി ഞാന്‍ ഗര്‍ജിക്കാം, എന്റെ തൊണ്ടയിലെ മാംസപേശികളുടെ അവസാന ചലനവും നിലയ്ക്കുന്നതു വരെ. ആ വാക്ക് അദ്ദേഹം പാലിച്ചു