ഒടുവില്‍ സിനിമയിലെപ്പോലെ ജീവിതത്തിലും സംഭവിക്കാന്‍ പോകുന്നു. സിനിമയില്‍ ആത്മഹത്യാശ്രമം നടത്തുന്ന നായികയോട് അരികെ നിന്ന് വിതുമ്പിക്കരഞ്ഞുകൊണ്ട് അമ്മച്ചി എന്തിനായിരുന്നു മോളെ ? എന്നു ചോദിക്കുമ്പോള്‍ ഡോക്ടര്‍ വന്ന് നൗ ഷി ഈസ് പെര്‍ഫെക്‍ട്‍ലി ഓള്‍റൈറ്റ്, നിങ്ങള്‍ക്കു വീട്ടില്‍പ്പോകാം എന്നു പറയുന്നതോടെ ആത്മഹത്യാശ്രമം എന്ന അധ്യായം അവസാനിക്കുമായിരുന്നു. അതുവരെ കറിവേപ്പിലയായി കിടന്ന കക്ഷിക്ക് ആത്മഹത്യാശ്രമത്തോടെ കിട്ടുന്ന സ്നേഹവും പരിഗണനയും മറ്റും കാണുമ്പോള്‍ ആര്‍ക്കായാലും ഒരു ആത്മഹത്യാശ്രമമൊക്കെ നടത്താന്‍ തോന്നും.
എന്നാല്‍, സിനിമ കണ്ടിട്ട് ജീവിതത്തില്‍ ഈ മിമിക്രി നടപ്പാക്കിയാല്‍ കാര്യങ്ങള്‍ രണ്ടു ഡയലോഗുകള് കൊണ്ട് അവസാനിക്കില്ല.ആശുപത്രിയില്‍ നിന്നു നേരേ ജയിലിലേക്കു പോകാവുന്ന സെറ്റപ്പാണ് ഇവിടെയുള്ളത്. ഒരു വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ അനുഭവിച്ച് പുറത്തിറങ്ങിയാലേ അടുത്ത ശ്രമം നടത്താന്‍ പറ്റൂ. ഒരു തവണ ജയിലില്‍ കിടന്നവന് അടുത്ത തവണ ആത്മഹത്യക്കു ശ്രമിക്കുമ്പോള്‍ തോല്‍പിക്കാനുള്ളവരുടെ ലിസ്റ്റില്‍ പൊലീസും കോടതിയും കൂടി ഉണ്ടാവുമെന്നതിനാല്‍ സംഗതി വിജയിക്കും.
ഐപിസി 309 പ്രകാരം ആത്മഹത്യാശ്രമം കുറ്റകരമാണ്. സത്യത്തില്‍ ആത്മഹത്യയാണത്രേ കുറ്റകരം. ചത്തുപോയവനെ പിന്നെ ശിക്ഷിക്കാന്‍ വകുപ്പില്ലാത്തതുകൊണ്ട് ശ്രമം പരാജയപ്പെട്ട് ജീവിച്ചവരെ ശിക്ഷിക്കുകയാണ്. ചാകാതെ തിരിച്ചുവന്നതിനുള്ള ശിക്ഷയായും വ്യാഖ്യാനിക്കാം. എന്തായാലും അത് മാറുകയാണ്. സര്‍ക്കാര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ അടുത്ത വര്ഷം മുതല്‍ അബോര്‍ഷന്‍ നടത്തുന്നതുപോലെ സിംപിളായി ആത്മഹത്യാശ്രമവും നടത്താം.
ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന ഐപിസി 309 ഭേദഗതി ചെയ്യാനുള്ള ആലോചനയില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭിപ്രായം ചോദിച്ചിരിക്കുകയാണ്. ബിഹാര്‍, മധ്യപ്രദേശ്, സിക്കിം സംസ്ഥാനങ്ങള്‍ എതിര്‍ത്തിട്ടുണ്ട് എന്നു കേള്‍ക്കുന്നു. ഐപിസി നിയമം ബാധകമല്ലെന്നു കശ്മീര്‍ പ്രതികരിച്ചു.അവിടെ ആളെ കൊല്ലാന്‍ തന്നെ തികയുന്നില്ല, പിന്നെയാണ് ആത്മഹത്യ.
ആത്മഹത്യശ്രമം കുറ്റകരമായി കാണുന്ന വകുപ്പ് ഐപിസി 309 എടുത്തുകളയണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. വകുപ്പ് എടുത്തുകളയാനുള്ള ഭേദഗതി സാധ്യമല്ല. എന്നാല്‍ ഐപിസി ക്രിമിനല്‍ നടപടിച്ചട്ടം, എവിഡന്‍സ് ആക്റ്റ് എന്നിവയില്‍ സമഗ്ര ഭേദഗതി വരുത്തി ശിക്ഷ ഒഴിവാക്കുന്നത് പരിഗണിക്കും. സംഗതി ഒരു വര്‍ഷത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും.
എന്തായാലും ആത്മഹത്യാശ്രമവും ആത്മഹത്യയും ഭാവിയില്‍ രണ്ടായിത്തന്നെ കാണേണ്ടിവരും. ഇപ്പോള്‍ നല്ലൊരു ശതമാനം ആളുകളും മരിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവരാണെങ്കില്‍ ശിക്ഷ ഒഴിവാകുന്നതോടെ കൂടുതല്‍ നന്നായി ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൂടിവരും. എങ്കിലും പ്രത്യേകിച്ച് ഗുണമൊന്നുമില്ലാത്ത ഒരു ശിക്ഷാനടപടി ഒഴിവാക്കപ്പെടുന്നത് നല്ല കാര്യം തന്നെയാണ്.
കടപാട്: berlytharangal
No comments:
Post a Comment