സാങ്കേതിക വിദ്യയുടെ രണ്ടു വശങ്ങള്‍
#########################################
കടപാട്-പി രാജീവ്
ഡല്‍ഹിയില്‍ എംപിമാരുടെ താമസസ്ഥലത്ത് അതിരാവിലെ നൂറുകണക്കിന് കടലാസുകളാണ് കെട്ടില്‍ വരുന്നത്. പാര്‍ലമെന്റിലെ ആ ദിവസത്തെ അജന്‍ഡയും ചോദ്യോത്തരങ്ങളും തുടങ്ങി പല തരത്തിലുള്ള ഔദ്യോഗിക അറിയിപ്പുകളാണ് ഇങ്ങനെ വരുന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ കൂടിയുണ്ടെങ്കില്‍ കവറുകളുടെ എണ്ണം വര്‍ധിക്കും. അച്ചടിച്ച റിപ്പോര്‍ട്ടുകളാണെങ്കില്‍ ചില ദിവസം കെട്ടുകണക്കിനുണ്ടാകും. കിലോക്കണക്കിന് കടലാസുകളാണ് പാര്‍ലമെന്റ് ഓരോ ദിവസവും ഉപയോഗിക്കുന്നത്. ചിലപ്പോള്‍ അച്ചടിച്ച റിപ്പോര്‍ട്ടുകളില്‍ നല്ലൊരു പങ്കും പബ്ലിഷിങ് ഹൗസില്‍തന്നെ കെട്ടിക്കിടക്കുന്നുണ്ടാകും. എല്ലാ അംഗങ്ങള്‍ക്കും എല്ലാ റിപ്പോര്‍ട്ടുകളും ആവശ്യമായെന്നു വരില്ല. പക്ഷേ, ആവശ്യപ്പെട്ടാല്‍ നല്‍കാതിരിക്കാനും കഴിയില്ല. അതുകൊണ്ട് അച്ചടിക്കുന്ന കോപ്പിയുടെ എണ്ണത്തില്‍ കുറവ് വരുത്താനും കഴിയില്ല. ഇതിനായി എത്ര മരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടാകും?
ഈ ചോദ്യങ്ങളാണ് രാജ്യസഭയുടെ കംപ്യൂട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മിറ്റി പരിശോധിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കടലാസിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാമെന്നതു സംബന്ധിച്ച് പഠിക്കുന്നതിന് പ്രത്യേക കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. അവര്‍ പഠനം നടത്തി ശുപാര്‍ശകള്‍ പാര്‍ലമെന്റിന്റെ മുമ്പാകെ സമര്‍പ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭ എല്ലാ അംഗങ്ങള്‍ക്കും ടാബ്ലെറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചു. പ്രമുഖ കംപ്യൂട്ടര്‍ കമ്പനിയായ ആപ്പിളാണ് ടാബ്ലെറ്റ് ആദ്യം അവതരിപ്പിച്ചത്. ലാപ്ടോപ്പിന്റെ എല്ലാ സൗകര്യങ്ങളും ഇതിനകത്തുണ്ട്. കൈയിലൊതുങ്ങുന്ന വലിപ്പം. പുസ്തകം പോലെ കൈയില്‍ കൊണ്ടുനടക്കാം. ടച്ച് സ്ക്രീനാണ്. സാങ്കേതികവിദ്യയുടെ വികാസം അത്ഭുതപ്പെടുത്തുന്നതാണ്. ഇപ്പോള്‍ ആപ്പിള്‍ രണ്ടാണ് താരം. സാംസങ്ങിന്റെ ഗാലക്സിയും വിപണിയില്‍ സജീവം. അതിനു വലിപ്പം കുറവാണ്. കുറേക്കൂടി സൗകര്യപ്രദമായി കൈയില്‍ കൊണ്ടുനടക്കാം. ഫോണ്‍ വിളിക്കുന്നതിനുള്ള സൗകര്യവും ഇതിനകത്തുണ്ട്. പല ചൈനീസ് കമ്പനികളും ഇപ്പോള്‍ കുറച്ചുകൂടി സൗകര്യപ്രദമായി കൊണ്ടുനടക്കാവുന്ന ടാബ്ലെറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. വിലയും കുറവാണ്. പതിനായിരം രൂപക്ക് വരെ ലഭിക്കുന്നവ വിപണിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ , ആപ്പിള്‍തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അതുകൊണ്ട് രാജ്യസഭയില്‍ മിക്കവാറും ആളുകള്‍ ആപ്പിള്‍തന്നെയാണ് തെരഞ്ഞെടുത്തത്. ആപ്പിളോ ഗാലക്സിയോ തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം അംഗങ്ങള്‍ക്കുണ്ടായിരുന്നു.
രാജ്യസഭയുടെ ബിസിനസും തുടങ്ങി എല്ലാ കാര്യങ്ങളും ഇതില്‍ കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്വെയറുകള്‍ എന്‍ഐസി വികസിപ്പിച്ചിട്ടുണ്ട്. പത്രങ്ങളും ചാനലുകളും മറ്റും തത്സമയം തന്നെ കിട്ടും. രാജ്യസഭയുടെയും ലോക്സഭയുടെയും ചാനലുകളും അടുത്തുതന്നെ ലഭിച്ചുതുടങ്ങും. സഭ നടക്കുമ്പോള്‍ അംഗങ്ങള്‍ക്ക് ടാബ്ലെറ്റ് ഉപയോഗിക്കുന്നതിനുള്ള അനുവാദം ഉണ്ട്. നേരത്തെ ലാപ്ടോപ്പ് ഉപയോഗിക്കുന്നതിന് അനുവാദം ഉണ്ടായിരുന്നില്ല. വൈഫൈ കണക്ഷന്‍ ഉള്ളതുകൊണ്ട് തത്സമയം തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മന്ത്രി നല്‍കിക്കഴിഞ്ഞാല്‍ അംഗങ്ങള്‍ക്ക് വേണമെങ്കില്‍ സെര്‍ച്ച്ചെയ്ത് പുതിയ ചോദ്യങ്ങള്‍ ഉന്നയിക്കാം. പ്രസംഗങ്ങള്‍ തയ്യാറാക്കി കൊണ്ടുവരാം. അതുകൊണ്ട് പേപ്പറുകള്‍ നോക്കാതെ ടാബ്ലെറ്റില്‍ നോക്കി അംഗങ്ങള്‍ക്ക് പ്രസംഗിക്കാം. സ്പീക്കറുടെ നേതൃത്വത്തില്‍ സ്വീഡന്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ചപ്പോള്‍ അംഗങ്ങള്‍ ലാപ്ടോപ്പ് ഉപയോഗിക്കുന്നത് കണ്ടിരുന്നു. വളരെ ഗൗരവത്തോടെയുള്ള പാര്‍ലമെന്ററി പ്രവര്‍ത്തനമാണ് അവിടെയുള്ളത്. ഐ പാഡില്‍ മലയാളവും കമ്പോസ് ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാല്‍ , മലയാളം എഡിറ്റര്‍ മാത്രമാണ് അതിനകത്ത് ഇപ്പോള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്നത്. തൊണ്ണൂറുകളുടെ അവസാനം മുതല്‍ ഞാന്‍ കംപ്യൂട്ടറിലാണ് എഴുതാറുള്ളത്. ആദ്യം മംഗ്ലീഷായിരുന്നു. ദേശാഭിമാനിയില്‍ ചുമതല എടുത്തതോടെ അത് ഹരിശ്രീയായി. അതില്‍ കുറച്ചു കീ ഉപയോഗിച്ചാല്‍ മതി. അതിന്റെ കീബോര്‍ഡുമായി സാമ്യമുള്ള ഏതെങ്കിലും സോഫ്റ്റ്വെയര്‍ ഐപാഡില്‍ അപ്ലോഡ് ചെയ്യാവുന്നത് കണ്ടെത്തണം. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കണമെങ്കില്‍ ഇപ്പോള്‍ ഓരോ സെഷനിലും പ്രത്യേകം ഫോറം വാങ്ങി അതില്‍ എഴുതി നല്‍കണം. കാലക്രമേണ അതും ഓണ്‍ ലൈനിലേക്ക് മാറും. ഓരോ അംഗത്തിനും ലോഗിന്‍ ചെയ്യുന്നതിന് പ്രത്യേക യൂസര്‍ നെയിമും പാസ്വേഡും ഉണ്ട്. അംഗങ്ങള്‍ക്ക് എല്ലാ ഔദ്യോഗിക വിവരങ്ങളും അതില്‍ ലഭ്യമാകും. സാങ്കേതികവിദ്യ ജീവിതത്തെതന്നെ മാറ്റിമറിക്കും. പല അറിവുകളും അതിവേഗത്തില്‍ വിവരങ്ങളായി മാറും. ടാബ്ലെറ്റ് ഒരു ഇ-റീഡര്‍ കൂടിയാണ്. ആവശ്യത്തിനു പുസ്തകങ്ങള്‍ നമുക്ക് ഇതിനകത്ത് അപ്ലോഡ് ചെയ്യാന്‍ കഴിയും. ലൈബ്രറിയില്‍ വിരല്‍ അമര്‍ത്തിയാല്‍ ഷെല്‍ഫ് തെളിഞ്ഞുവരും. ഡൗണ്‍ലോഡ് ചെയ്തെടുത്ത പുസ്തകങ്ങള്‍ ഷെല്‍ഫില്‍ നിറഞ്ഞിരിക്കുന്നത് കാണാം. അതില്‍നിന്ന് ഇഷ്ടമുള്ള പുസ്തകത്തില്‍ വിരല്‍ അമര്‍ത്തിയാല്‍ പുസ്തകം തുറന്നുവരും. പേജുകള്‍ മറിക്കാം. മര്‍മരം കേള്‍ക്കാന്‍ കഴിയില്ലെന്ന് മാത്രം! നേരത്തെ ഇ-റീഡറിനെക്കുറിച്ച് ഈ കോളത്തില്‍ സുചിപ്പിച്ചിരുന്നു. ആദ്യം ആമസോണാണ് ക്വിന്റില്‍ വിപണിയില്‍ എത്തിച്ചത്. ഇപ്പോള്‍ വിങ്കിനും നല്ല ആവശ്യക്കാരുണ്ട്. ഡിസിയുടെ പുസ്തകങ്ങള്‍ ഇതില്‍ ലഭ്യമാണ്. അച്ചടി ആവശ്യമില്ലാത്തതിനാല്‍ കടലാസ് ലാഭം. പണവും കുറവ്. വായനയുടെ പുതിയ അനുഭവം.
സാങ്കേതികവിദ്യക്ക് ഗുണവും ദോഷവുമുണ്ട്. കംപ്യൂട്ടറിനെ തൊഴില്‍ ആയാസരഹിതവും സര്‍ഗാത്മകവുമാക്കാന്‍ ഉപയോഗിക്കുന്നതോടൊപ്പം തൊഴില്‍ നിഷേധിക്കാനും ഉപയോഗിക്കാം. പ്രധാന സ്ഥാപനങ്ങളില്‍ ജോലി കിട്ടിയാല്‍ ആദ്യം നല്‍കുന്നത് ഇപ്പോള്‍ ബ്ലാക്ക്ബെറി ഫോണാണ്. ഇതില്‍ പുഷ്അപ് മെയിലാണ്. എസ്എംഎസ് പോലെ മെയിലുകള്‍ ഫോണില്‍ നിറയും. കമ്പനിയില്‍നിന്ന് വീട്ടില്‍ എത്തിക്കഴിയുമ്പോഴായിരിക്കും പുതിയ അസൈന്‍മെന്റ് ഇന്‍ബോക്സില്‍ തെളിയുന്നത്. മെയില്‍ നോക്കിയില്ലെന്നു പറഞ്ഞ് ഒഴിയാന്‍ ബ്ലാക്ക്ബെറി സമ്മതിക്കില്ല. അതുപോലെതന്നെയാണ് ജിപിഎസും. അറിയാത്ത വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഇവന്‍ നമുക്ക് വഴി പറഞ്ഞുതരും. കമ്പനികള്‍ നല്‍കുന്ന വാഹനങ്ങളില്‍ ജിപിഎസുണ്ടായിരിക്കും. എവിടെ പോയാലും മാനേജ്മെന്റിന്റെ കണ്‍വെട്ടത്തുതന്നെയായിരിക്കും. അടുത്തകാലത്ത് ഒരു വ്യവസായസ്ഥാപനം എല്ലാ തൊഴിലാളികള്‍ക്കും പുതിയ വാച്ച് നല്‍കി. ഇതില്‍ ജിപിഎസുമുണ്ടായിരുന്നു. കണ്ണട മേശപ്പുറത്ത് വെച്ച് പുറത്തുപോയാലും അല്ലാതെ പോയാലും തൊഴിലാളി എവിടെയുണ്ടെന്ന് വാച്ച് പറഞ്ഞുകൊടുക്കും. ഓഫീസിലെ കംപ്യൂട്ടര്‍ സ്ക്രീനില്‍ അത് തെളിഞ്ഞുവരും. വ്യവസായശാലക്ക് അകത്തുകടക്കുന്നതോടെ തൊഴിലാളി മൂലധനത്തിന്റെ അടിമയാകുമെന്നതായിരുന്നു മുതലാളിത്തത്തിന്റെ ഒരു പ്രത്യേകത. എന്നാല്‍ , ആഗോളവല്‍ക്കരണകാലത്ത,് ആധുനിക സാങ്കേതികവിദ്യയുടെ കാലത്ത് ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും നിങ്ങള്‍ അടിമയാകാമെന്നതാണ്
വാല്‍ക്കഷ്ണം
കുറച്ചുകാലം മുമ്പ് സെക്രട്ടറിയറ്റില്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇ- മെയിലുകള്‍ ഏര്‍പ്പെടുത്തി. പരാതികള്‍ക്ക് അതിവേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ഇത് സഹായകരമായിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ , ഒരു സെക്രട്ടറി ക്ലര്‍ക്കിന് പുതിയ അസൈന്‍മെന്റ് നല്‍കി. വരുന്ന മെയിലുകളുടെ പ്രിന്റ് ഔട്ട് എടുത്ത് ഒരു പുതിയ ഫയല്‍ തുറക്കാനായിരുന്നു ഉത്തരവ്!
No comments:
Post a Comment