Saturday, 24 September 2011


സംസാരിക്കുന്ന കാറുകള്‍ വരുന്നു!


E-mailPrintPDF
എന്താ, അത്‌ഭുതം തോന്നുന്നുണ്ടോ? എന്നാല്‍ സംഗതി യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്‌. കാറുകള്‍ക്ക്‌ പരസ്‌പരം ആശയവിനിമയം സാധ്യമാക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങള്‍ വിജയകരമായി പുരോഗമിക്കുകയാണ്‌. ഇറ്റലിയിലെ ബൊളോഗ്‌ന സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകരാണ്‌ കാറുകള്‍ക്ക്‌ സംസാരശേഷി നല്‍കുന്നത്‌.
പ്രത്യേകമായി വികസിപ്പിച്ചെടുത്ത കംപ്യൂട്ടര്‍ സോഫ്‌റ്റ്‌വെയറാണ്‌ കാറുകളുടെ ആശയവിനിമയം സാധ്യമാക്കുന്നത്‌. ആദ്യവട്ട പരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞു. ഇത്‌ പ്രാവര്‍ത്തികമാകുന്നതോടെ കാര്‍ അപകടങ്ങള്‍ 40 ശതമാനം വരെ കുറയ്‌ക്കാന്‍ സാധിക്കും. ലോകപ്രശസ്‌തമായ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌സ്‌ എന്ന ജേര്‍ണലില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
ബൊളോഗ്‌ന സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി പരീക്ഷിക്കാന്‍ പോകുന്നത്‌ ടയോട്ടയാണ്‌. 2011 ഓഗസ്‌റ്റില്‍ ലോസേഞ്ചല്‍സിലായിരിക്കും ടയോട്ടയുടെ കാറുകള്‍ക്ക്‌ സംസാരശേഷി നല്‍കുക. വളരെ ദൂരെ നിന്നേ എന്ത്‌ സംഭവിക്കുമെന്ന്‌ മനസിലാക്കാനും അതിനനുസരിച്ച്‌ എതിരെവരുന്ന കാറുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കാനും കാറുകള്‍ക്ക്‌ ശേഷിയുണ്ടാകും. കംപ്യൂട്ടര്‍ പ്രോഗ്രാമിനൊപ്പം വൈ-ഫൈ സെന്‍സറുകള്‍ വഴിയാണ്‌ ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുക. ഇതിന്‌ ആവശ്യമായ സോഫ്‌റ്റ്‌വെയര്‍, കാര്‍ ഓടിക്കുന്നയാളുടെ സ്‌മാര്‍ട്‌ഫോണില്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ സൂക്ഷിക്കണം. കാറിന്‌ മുന്നിലെ തടസങ്ങള്‍ മനസിലാക്കി സ്വയം ബ്രേക്ക്‌ ചെയ്‌ത്‌ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഈ സാങ്കേതികവിദ്യയ്‌ക്ക്‌ സാധിക്കും. ഇത്തരം സാഹചര്യത്തില്‍ അലാറം സന്ദേശം വഴിയാണ്‌ കാറുകള്‍ തമ്മില്‍ സംസാരിക്കുക.

No comments:

Post a Comment