Tuesday, 27 September 2011

ഐസ്ക്രീം പൂജപ്പുരയിലെത്തുമോ???


കടപാട്: ബഷിര്‍





ടി വി യില്‍ പലപ്പോഴും കാണിക്കുന്ന ജഗതി ശ്രീകുമാറിന്റെ ഒരു കോമഡി സീനുണ്ട്. തലയിണയും പായയുമായി പോലീസ് സ്റ്റേഷനില്‍ വന്നു 'എന്നെ ലോക്കപ്പിലടക്കൂ സാര്‍ ' എന്ന് പറയുന്ന സീന്‍. ഐസ് ക്രീം കേസിന്റെ പുതിയ പോക്ക് കണ്ടിട്ട് എനിക്ക് ആ രംഗമാണ് മനസ്സിലെത്തുന്നത്. ജഗതി ചെയ്തത് പോലെ കുഞ്ഞാലിക്കുട്ടി സാഹിബിനു ഇനി നല്ലത് വിധി വരുന്നതിനു മുമ്പ് തന്നെ ഒരു പായയും തലയിണയും എടുത്തു ബാലകൃഷ്ണ പിള്ളയെ കാണാന്‍ പോവുകയാണ്. ഏതാണ്ട് ആ ദിശയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. റോസ്‌ലിന്‍, സിന്ധു എന്നീ 'പീഡിത' കളുടെ ലേറ്റസ്റ്റ് മൊഴികളുടെ വരവോടെ കഥ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. കുഞ്ഞാലിക്കുട്ടി മാത്രമല്ല, മൊത്തം ലീഗും വെള്ളത്തിലാകുന്ന ലക്ഷണമാണ് കാണുന്നത്. ലീഗിനോടൊപ്പം കുഞ്ഞൂഞ്ഞു സാറും കോണ്‍ഗ്രസ്സും ആകെ മൊത്തം ഐക്യമുന്നണിയും വെള്ളത്തിലായേക്കാനിടയുണ്ട്.





ഈ കേസ് ഈ പരുവത്തിലാക്കിയത് റഊഫ് ആണ്. കേരളത്തിലെ കാക്കത്തൊള്ളായിരം പീഡനക്കേസുകളുടെ കൂട്ടത്തില്‍ ഒന്നാവേണ്ടിയിരുന്ന ഈ കേസിനെ ഹിമാലയത്തോളം വളര്‍ത്തി വലുതാക്കിയതിന്റെ ക്രെഡിറ്റ്‌ കേരളത്തിലെ മാധ്യമങ്ങള്‍ക്കൊപ്പം റഊഫിന് കൂടി അവകാശപ്പെട്ടതാണ്. പീഡനക്കേസ് പുറത്തു വന്ന ഉടനെ ജഗതി ചെയ്ത പണി കുഞ്ഞാലിക്കുട്ടി ചെയ്തിരുന്നെങ്കില്‍ ഈ പുകിലൊന്നും ഉണ്ടാകുമായിരുന്നില്ല. സംഗതി ഉള്ളതായാലും ഇല്ലാത്തതായാലും ഇത്തരം 'ഉഭയസമ്മത പീഡനക്കേസുകള്‍ ' വന്നാല്‍ നിയമത്തിനു കൊടുക്കാവുന്ന ശിക്ഷക്ക് ഒരു പരിധിയുണ്ട്. ഒരു പെറ്റിക്കേസും ഏതാനും ദിവസത്തെ 'ലോക്കപ്പും' കഴിഞ്ഞാല്‍ സംഗതി ക്ലീന്‍ ക്ലീനായി പുറത്തു വരാം. എന്നാല്‍ കാശിറക്കി റഊഫിനെപ്പോലൊരു ഭൂലോക കില്ലാഡിയെ കേസ് ഇല്ലാതാക്കാന്‍ എല്പിച്ചതാണ് കുഞ്ഞാലിക്കുട്ടി ചെയ്ത ഏറ്റവും വലിയ പൊട്ടത്തരം. ഈ പത്തു പതിനഞ്ചു വര്‍ഷത്തിനിടക്ക് ഒരു ജീവപര്യന്തം തടവ്‌ ശിക്ഷ അനുഭവിക്കുന്നതിനേക്കാള്‍ പ്രയാസം കുഞ്ഞാലിക്കുട്ടിയും കുടുംബവും അനുഭവിച്ചു കഴിഞ്ഞിരിക്കണം. പെണ്‍കുട്ടികള്‍ക്ക് കാശ് കൊടുത്തതും വീടുണ്ടാക്കിയതും ഗള്‍ഫില്‍ അയച്ചതും വ്യാജരേഖ ഉണ്ടാക്കിയതും ജഡ്ജിമാരെ കണ്ടതുമെല്ലാം റഊഫിന്റെ മേല്‍നോട്ടത്തില്‍ ആണ്. ഇതെല്ലാം ചെയ്യുന്നതോടൊപ്പം അതിന്റെയൊക്കെ പ്രൂഫും ഫോട്ടോകോപ്പിയും സീഡിയും പുള്ളി സ്വകാര്യമായി സൂക്ഷിച്ചിട്ടുമുണ്ട്‌. 'മൂപ്പരെ' ആപ്പിലാക്കണം എന്ന ഉദ്ദേശം പുള്ളിക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു എന്ന് സാരം. ഇത് പോലൊരു ഇളയച്ചനെ ഭൂമിയില്‍ വേറൊരാള്‍ക്കും കൊടുക്കരുതേ പടച്ചോനെ എന്ന് പ്രാര്‍ത്ഥിക്കേണ്ട പരുവത്തിലാണ് കാര്യങ്ങളുടെ കിടപ്പ്.




മുനീര്‍ സാഹിബിന്റെ 'സ്വന്തം' ഇന്ത്യാവിഷനിലൂടെ റജീന പീഡന ബോംബു പൊട്ടിച്ച ശേഷം ആദ്യമായി കുഞ്ഞാലിക്കുട്ടിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം കിട്ടിയത് എനിക്കാണ്. പഴയ ഒരു പോസ്റ്റില്‍ അക്കാര്യം വിശദമായി എഴുതിയിട്ടുണ്ട്. അന്നൊന്നും ഇത്രമാത്രം പുകിലിലേക്ക് ഈ വിഷയം എത്തിയിരുന്നില്ല. അക്ഷോഭ്യനായി പ്രശ്നത്തെ അഭിമുഖീകരിച്ച കുഞ്ഞാലിക്കുട്ടിയെയാണ് അന്ന് കണ്ടത്. ഇന്നിപ്പോള്‍ സ്ഥിതി മാറി. കുഞ്ഞാലിക്കുട്ടിയും ലീഗുകാരുമൊക്കെ അങ്കലാപ്പിലാണ്. ഇന്നലെ ഏഷ്യാനെറ്റിലെയും ഇന്ത്യവിഷനിലെയും ചാനല്‍ ചര്‍ച്ചകളില്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വാദിക്കാന്‍ ഒരു ലീഗ് നേതാവും എത്തിയില്ല. അവര്‍ക്ക് പോലും മറുപടി പറയാന്‍ കഴിയാത്ത വിധം പ്രശ്നങ്ങള്‍ കൈവിട്ടു പോയി എന്ന് ചുരുക്കം.ഇതൊക്കെയാണെങ്കിലും ഒന്നും ഉറപ്പിച്ചു പറയാറായിട്ടില്ല. കാശ് കിട്ടിയാല്‍ മൊഴി ഇനിയും മാറ്റാവുന്നതേയുള്ളൂ. 'മൂപ്പര് എനിക്കുള്ളത് തന്നാല്‍ കേസ് ഞാന്‍ തന്നെ ഒതുക്കിക്കൊടുക്കാം' എന്ന് പ്രസാദ് മാസ്റ്ററോട് പറഞ്ഞ റഊഫ് നാളെ വീ എസ്സിനും പാരയാകുമെന്നതില്‍ സംശയമില്ല. ഇനിയും ഐസ് ക്രീം കൊടുത്ത് പുള്ളിയെ മടിയിലിരുത്തി കളിപ്പിക്കാത്തതാണ് വീ എസ്സിനും നല്ലത്.





കേസില്‍ കുഞ്ഞാലിക്കുട്ടി അകത്താകുമെങ്കില്‍ അദ്ദേഹത്തോടൊപ്പം അകത്തു കിടക്കേണ്ടവര്‍ നിരവധിയാണ്. കുഞ്ഞാലിക്കുട്ടിയെ മാത്രം 'പീഡിപ്പിച്ച്' ബാക്കിയുള്ളവരൊക്കെ താരങ്ങളായി വിലസുന്ന ഒരു അവസ്ഥയും ഉണ്ടായിക്കൂടല്ലോ.വ്യാജരേഖകള്‍ ചമക്കുന്നതിനും മൊഴി ഉണ്ടാക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും മൊഴി മാറ്റിക്കുന്നതിനുമൊക്കെ കൂട്ടു നിന്ന റഊഫിനെ കഴിയുന്നതും സാഹിബിന്റെ വലതു വശത്തെ സെല്ലില്‍ തന്നെ പാര്‍പ്പിക്കണം. തുട്ടു വാങ്ങിയ അന്വേഷണ ഉദ്യോഗസ്ഥന്മാരും ജഡ്ജിമാരും ഇടതു വശത്തും വേണം. കാശ് വാങ്ങി 'പീഡിപ്പിക്കാന്‍ ' നിന്ന് കൊടുത്ത ശേഷം ബ്ലാക്ക് മെയില്‍ നടത്തി ബംഗ്ലാവും കാറും ഗള്‍ഫ് യാത്രയും ഒപ്പിച്ച മാംസവില്‍പ്പനക്കാരികളും അഴിക്കുള്ളില്‍ കിടക്കണം. കാശിനു വേണ്ടി മൊഴി മാറ്റി മാറ്റി പറഞ്ഞു കോടതിയെയും നിയമ സംവിധാങ്ങളെയും ഇത്രകാലവും കളിപ്പിച്ച അവറ്റകളെ മാത്രം വെറുതെ വിടുന്നത് ശരിയല്ലല്ലോ. നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ്. സമാനപീഡനക്കേസിലെ മറ്റു പ്രതികളായ ശശിയും ദാസനും ഗോപിയുമടക്കമുള്ള സകല സഖാക്കളേയും ഒന്നിച്ചു പാര്‍പ്പിക്കാന്‍ നിയമസഭ ഹാള്‍ പോലെ വിശാലമായ ഒരു മുറി പൂജപ്പുരയില്‍ തയ്യാറാക്കിവെക്കുന്നതും നല്ലതാണ്. എല്ലാ പാര്‍ട്ടിക്കാര്‍ക്കും പ്രത്യേകം പ്രത്യേകം ചേംബര്‍ ഉണ്ടായാല്‍ വളരെ നല്ലത്. ഉഷ്ണം ഉഷ്ണേന ശാന്തി..പീഡനം പീഡനേന സ്വാഹ..

No comments:

Post a Comment