Saturday, 24 September 2011


ഫേസ്‌ബുക്കിലേക്ക് സര്‍ക്കാരും


E-mailPrintPDF
ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ പോലെയുള്ള ഇന്റര്‍നെറ്റ്‌ സൗഹൃദകൂട്ടായ്‌മകളുടെ പ്രാധാന്യം കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നു. ഇപ്പോള്‍ രാജ്യത്തെ പൗരന്‍മാരുമായി ഫലപ്രദമായി ആശയവിനിമയം നടത്താന്‍ ഇത്തരം സൈറ്റുകളെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്‌.
ഇതിന്റെ തുടക്കമെന്ന നിലയില്‍ കമ്മ്യൂണിക്കേഷന്‍സ്‌ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഒരു പദ്ധതി ആവിഷ്‌ക്കരിച്ചുവരികയാണ്‌. ചണ്ഡിഗഢില്‍ നടക്കുന്ന ഐടി കോണ്‍ക്‌ളേവായ ഇ-റെവല്യൂഷന്‍ എന്ന പരിപാടിയില്‍ സംസാരിക്കവെ ഐടി അഡീഷണല്‍ സെക്രട്ടറി ശങ്കര്‍ അഗര്‍വാളാണ്‌ ഇക്കാര്യം അറിയിച്ചത്‌.
സര്‍ക്കാര്‍ ഏതെങ്കിലും ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ ജനങ്ങളുടെ അഭിപ്രായം തേടുന്നത്‌ നല്ലതാണ്‌. കൂടാതെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സുതാര്യമാണെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. ഇതിന്‌ ഫേസ്‌ബുക്കിനെയും മറ്റും ഫലപ്രദമായി ഉപയോഗിക്കാമെന്നാണ്‌ പ്രത്യാശിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഫേസ്‌ബുക്കുമായി ബന്ധപ്പെടുത്തി ജനസമ്പര്‍ക്ക പരിപാടി തുടങ്ങുന്നതിന്‌ മുമ്പ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ബ്രോഡ്‌കാസ്‌റ്റിംഗ്‌, ആഭ്യന്ത്ര മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അന്നാ ഹസാരെയുടെ സമരം വന്‍വിജയമാക്കി തീര്‍ത്തതില്‍ ഫേസ്‌ബുക്കും മറ്റും കാര്യമായ പങ്കാണ്‌ വഹിച്ചത്‌. ഇതുമനസിലാക്കിയാണ്‌ ജനങ്ങളുമായി ബന്ധപ്പെടാന്‍ ഫേസ്‌ബുക്കിനെയും മറ്റും ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌.

No comments:

Post a Comment