Saturday, 28 January 2012

എന്താണ് കമ്യൂണിസം


വർഗ്ഗങ്ങൾക്കോ രാഷ്ട്രങ്ങൾക്കോ പ്രാധാന്യമില്ലാത്ത (അഥവാ വർഗ്ഗരഹിത-രാഷ്ട്രരഹിതമായ) സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടി ലക്ഷ്യം വയ്ക്കുന്ന ഒരു ആശയമാണ് കമ്യൂണിസം. ഇത്തരം സമൂഹ്യവ്യവസ്ഥയെ കമ്യൂണിസ്റ്റ് വ്യവസ്ഥ എന്ന് വിളിക്കുന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥയിൽ ഉത്പാദനോപാധികളെല്ലാം പൊതു ഉടമസ്ഥാവകാശത്തിലായിരിക്കും. ഉത്പാദനോപാധികൾ സ്വകാര്യ ഉടമസ്ഥതയിലുണ്ടാവില്ല എന്ന കാഴ്ചപ്പാട് ചിലപ്പോഴെങ്കിലും സ്വകാര്യ സ്വത്ത് ഉണ്ടാവില്ല എന്നായി വ്യാഖ്യാനിക്കപ്പെടാറുണ്ട്, ഇത് പൂർണ്ണമായും ശരിയല്ല.

സോഷ്യലിസം എന്ന കുറേക്കുടി വിശാലമായ ആശയഗതിയുടെ ഒരു പ്രധാന ശാഖയാണ് കമ്യൂണിസം. കമ്യൂണിസത്തിനകത്തുതന്നെ പരസ്പരം ചെറിയതോതിൽ വ്യത്യാസപ്പെട്ടിരിക്കുന്ന അനേകം ആശയഗതികളുണ്ട്. മാവോയിസം, സോവിയറ്റ് കമ്യൂണിസം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഈ രണ്ട് കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസം ലോക കമ്യൂണ്സ്റ്റ് പ്രസ്ഥാനങ്ങളിലെല്ലാം പിളർക്കുകയുണ്ടായി.

കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് കാൾ മാക്സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതിൽ പിന്നീട് നടന്ന കൂട്ടിച്ചേർക്കലുകളും മാക്സിസം എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും മാക്സിസവും വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുക എന്ന ആശയവുമാണ്. ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ മാക്സിയൻ ചരിത്രവീക്ഷണം എന്ന ഒരു ചരിത്ര വിശകലനവും പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ഒരു സിദ്ധാന്തവും കൂടിയുൾപ്പെട്ടതാണ് മാക്സിസം.

1 comment:

  1. കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ അറിവ് പകർന്നേനെ .....

    ReplyDelete