റിച്ചാര്‍ഡ് നിക്‌സണെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താഴെയിറക്കിയ വാട്ടര്‍ഗേറ്റ് ടെലഫോണ്‍ ചോര്‍ത്തല്‍ അപവാദം പുറത്ത് കൊണ്ടുവന്ന രണ്ട് പത്രപ്രവര്‍ത്തകരാണ് ബോബ് വുഡ്‌വാര്‍ഡും കാള്‍ ബേണ്‍സ്റ്റീനും. റുപര്‍ട് മര്‍ഡോക്കിനെ കുളത്തിലിറക്കിയ ന്യൂസ് ഓഫ് ദ വേള്‍ഡ് അപവാദത്തെ കുറിച്ച് ഇവരിലൊരാള്‍-കാള്‍ ബേണ്‍സ്റ്റീന്‍ - എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ' മര്‍ഡോക്കിന്റെ വാട്ടര്‍ഗേറ്റ് ? ' എന്നാണ്. സൂര്യനസ്തമിക്കാത്ത മാധ്യമസാമ്രാജ്യത്തിന്റെ അധിപനായ റൂപര്‍ട് മര്‍ഡോക്കിന്റെ അവസ്ഥ ബ്രിട്ടനിലെങ്കിലും അസ്തമനത്തിലാണ്. ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ആ മാധ്യമ ചക്രവര്‍ത്തി.
മര്‍ഡോക് സൃഷ്ടിച്ച സംസ്‌കാരത്തിന്റെതന്നെ ഇരയായിരിക്കുകയാണ് അദ്ദേഹം. അത് അനുഭവിച്ചേ തീരൂ. മര്‍ഡോക് അറിയാതെ ഒരു എഡിറ്ററും ഒരു ലേഖകനും ഇത്തരമൊരു മാധ്യമതന്ത്രം രൂപപ്പെടുത്തുകയില്ല- മര്‍ഡോക് സ്ഥാപനത്തിലെ ഒരു മുതിര്‍ന്ന എക്‌സിക്യൂട്ടീവ് കാള്‍ ബേണ്‍സ്റ്റീനോട്പറഞ്ഞു. മേല്‍ത്തട്ടിലായാലും കീഴെയായാലും മര്‍ഡോക് അറിയാതെ ഒരില ചലിക്കാത്ത സ്ഥാപനമാണ് ന്യൂസ് കോര്‍പ്പറേഷന്‍. അതിലൊരു സ്ഥാപനം മാത്രമാണ് ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന ഞായറാഴ്ചപത്രം. ലോകത്തിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രമായി ഇത് വളര്‍ന്നത് മാന്യമായ പത്രപ്രവര്‍ത്തനത്തിലൂടെയല്ല. ഏറ്റവും നീചമായ മഞ്ഞപ്പത്ര തന്ത്രങ്ങളിലൂടെയാണ്. അതിലൂടെയുണ്ടാക്കുന്ന സര്‍ക്കുലേഷന്റെയും പരസ്യവരുമാനത്തിന്റെയും മഞ്ഞലോഹക്കിലുക്കത്തില്‍ മതിമറന്നുമയങ്ങുകയായിരുന്നു മര്‍ഡോക്. ഒരു പരിധിയുമില്ലാത്ത നിയമലംഘനം ഒടുവില്‍ ബൂമറാങ്ങായി തിരിച്ചടിച്ചുതുടങ്ങിയപ്പോള്‍, ഇത്രയും കാലം ഒപ്പം നിന്ന ജീവനക്കാരെ പെരുവഴിയിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മര്‍ഡോക്. ന്യുസ് ഓഫ് ദ വേള്‍ഡ് പത്രം അദ്ദേഹം പുട്ടിക്കഴിഞ്ഞു. ബ്രിട്ടനിലെ പത്രവ്യവസായം തന്നെ അദ്ദേഹം ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നു. എല്ലാ രഹസ്യങ്ങളും മൂടിവെച്ച് ഇത്രയും കാലം മര്‍ഡോക്കിന്റെ വിശ്വസ്ത കിങ്കരന്മാരായി പ്രവര്‍ത്തിച്ച എഡിറ്റര്‍മാരും ജേണലിസ്റ്റുകളും ഇപ്പോള്‍ മര്‍ഡോക് സാമ്രാജ്യത്തിന്റെ രഹസ്യങ്ങള്‍ പുറത്തുവിടാന്‍ തയ്യാറെടുക്കുകയാണ്.
ഒരു വിവാദമുണ്ടായതുകൊണ്ടൊന്നും പത്രം അടച്ചുപൂട്ടുന്ന ആളല്ല മര്‍ഡോക് എന്ന് അറിയാത്തവരില്ല. കേസ് ഉണ്ടായി എന്നുതന്നെ കരുതുക. എന്തിന് അതിന്റെ പേരില്‍ പത്രം അടച്ചുപൂട്ടണം ? ഒരു സായാഹ്ന പത്ര ഉടമ പോലും പത്രം അടച്ചുപൂട്ടി രക്ഷപ്പെടാന്‍ ശ്രമിക്കാറില്ല. പിന്നെയല്ലേ ആഗോള മാധ്യമ ഭീമന്‍ അങ്ങനെ ചെയ്യുന്നു ! എന്തോ കുഴപ്പമുണ്ട് എന്ന് വ്യക്തം. ബ്രിട്ടനിലെ മാധ്യമപ്രവര്‍ത്തനത്തിന്റെയും മര്‍ഡോക്യന്‍ മാധ്യമ ശൈലിയുടെയും രീതികള്‍ മനസ്സിലാക്കാതെ ഈ അത്യപൂര്‍വസംഭവത്തിന്റെ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല.
അമേരിക്കയില്‍ പത്രങ്ങള്‍ പൊതുവെ ചില മാധ്യമ ധാര്‍മിക മര്യാദകളില്‍ നിന്ന് വല്ലാതെയൊന്നും താഴേക്ക് പോകുന്നവയല്ല. മാധ്യമസ്വാതന്ത്ര്യം അവിടെ ഭരണഘടനാപരമായ അവകാശമാണെങ്കിലും ആ സ്വാതന്ത്ര്യം വലുതായൊന്നും ദുരുപയോഗപ്പെടുത്താറില്ല. മാധ്യമങ്ങള്‍ കുറെയെല്ലാം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവയാണ്. മര്‍ഡോക് വ്യാപകമായി പത്രങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടും ഇംഗ്ലണ്ടിലെ പത്രശൈലി അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ മര്‍ഡോക് ശ്രമിച്ചിരുന്നില്ല. ഇംഗ്ലണ്ടില്‍ ടാബ്ലോയ്ഡ് എന്ന് വിളിക്കുന്ന പത്രവിഭാഗം വാര്‍ത്തകളുടെ സെന്‍സേഷനലൈസിങ് അവരുടെ പ്രവര്‍ത്തനശൈലിയുടെ ഭാഗമാക്കിയവരാണ്. സര്‍ക്കുലേഷന്‍ വളരെ കൂടുതലുള്ള വന്‍കിട പത്രങ്ങളാണ് ഇവ. വികസനപരമായി മാത്രമല്ല, സാംസ്‌കാരികമായി പോലും പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് ബ്രിട്ടീഷുകാര്‍ കരുതുന്നുണ്ടാവാം. പക്ഷേ ഇന്ത്യയില്‍ സെന്‍സേഷനല്‍ ടാബ്ലോയ്ഡ് പത്രങ്ങള്‍ക്ക് ബ്രിട്ടനിലെ പോലെ വന്‍ സര്‍ക്കുലേഷന്‍ ഒരു കാലത്തും ഒരു ഭാഷയിലും ഉണ്ടായിട്ടില്ല. എല്ലാ ഇന്ത്യന്‍ ഭാഷകളിലും സര്‍ക്കുലേഷനില്‍ മുന്നില്‍ നില്‍ക്കുന്നത് സാമാന്യം ഭേദപ്പെട്ട നിലവാരം പുലര്‍ത്തുന്ന ദിനപത്രങ്ങള്‍തന്നെയാണ്. ബ്രിട്ടനില്‍ കൂടുതലാളുകള്‍ വാങ്ങുന്നത് സെന്‍സേഷനല്‍ പത്രങ്ങളാണ്. ന്യൂസ് ഓഫ് ദി വേള്‍ഡ് എന്ന ഞായാറാഴ്ച പത്രം എഴുപത്തഞ്ചുലക്ഷം കോപ്പി വില്‍ക്കുന്നു എന്നാണ് അവകാശപ്പെട്ടിരുന്നത്. 75 ലക്ഷം കോപ്പി വില്‍ക്കുന്ന പത്രമാണ് ഒരു കേസ് ഉണ്ടായതിന്റെ പേരില്‍ മര്‍ഡോക് അടച്ചുപൂട്ടിയത്. കേസ്സെങ്കില്‍ കേസ്... കേസ്സിനെതിരെ പൊരുതുകയും ശിക്ഷിക്കപ്പെട്ടാല്‍ പത്രാധിപര്‍ക്ക് യാത്രയയപ്പ് നല്‍കുകയും പറ്റുമെങ്കില്‍ അതൊരു സഹതാപതരംഗമാക്കി സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ നോക്കുകയുമാണ് മര്‍ഡോക് ശൈലി. പക്ഷേ മര്‍ഡോക് ഇത്തവണ അതല്ല ചെയ്തത്. ഇളയ മര്‍ഡോക് പ്രഭു ജയിംസ് മര്‍ഡോക് സ്ഥാപനത്തിലെ ജേണലിസ്റ്റുകളെ വിളിച്ചുചേര്‍ത്ത് നടത്തിയ പ്രസംഗം വായിച്ചാല്‍ ഇത് നമ്മള്‍ കേട്ട മര്‍ഡോക് തന്നെയോ എന്ന് സംശയം തോന്നിപ്പോകും.
168 വര്‍ഷത്തെ ചരിത്രമുള്ള സ്ഥാപനമാണ് ന്യൂസ് ഓഫ് ദ വേള്‍ഡ്. ' പത്രസ്വാതന്ത്ര്യത്തോടും പത്രപ്രവര്‍ത്തനത്തോടുമുള്ള പ്രതിബദ്ധത ന്യൂസ് ഓഫ് ദ വേള്‍ഡിനെ മറ്റ് പ്രസിദ്ധീകരണങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നുവെന്നും അത് പത്രപ്രവര്‍ത്തകരുടെ സംഭാവനയാണെന്നും കുറ്റകൃത്യങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ സ്ഥാപനം നിരന്തരമായ പോരാട്ടം നടത്തുകയായിരുന്നുവെന്നുമെല്ലാം
മറ്റുള്ളവരെക്കൊണ്ട് കണക്ക് പറയിക്കുന്ന സ്ഥാപനമാണ് നമ്മുടേത്. പക്ഷേ ഇപ്പോള്‍ നമ്മള്‍ മറ്റുള്ളവരോട് കണക്ക് പറയേണ്ടിവന്നിരിക്കുന്നു. ഇപ്പോള്‍ പുറത്തുകേള്‍ക്കുന്ന ആരോപണങ്ങള്‍ ശരിയെങ്കില്‍ അവ മനുഷ്യത്വരഹിതമാണ്, നമ്മുടെ സ്ഥാപനത്തില്‍ അവയ്ക്ക് സ്ഥാനം നല്‍കിക്കൂടാ- ജയിംസ് മര്‍ഡോക് പറഞ്ഞു. 2006 ല്‍ രണ്ട് പത്രാധിപന്മാര്‍ ജയിലിലടക്കപ്പെട്ട കാര്യം ജയിംസ് ഓര്‍മ്മിപ്പിച്ചു. നിരന്തരം ഉയര്‍ന്ന ആരോപണങ്ങളെകുറിച്ച് ആഴത്തില്‍ചെന്ന് അന്വേഷിക്കുന്നതിലും പരിഹാര നടപടിയെടുക്കുന്നതിലും സ്ഥാപനം പരാജയപ്പെട്ടു. അതിന്റെ ഫലമാണ് ഇപ്പോഴത്തെ വിവാദങ്ങളും ഗുരുതരമായ ആക്ഷേപങ്ങളുമെന്ന് അദ്ദേഹം കുമ്പസാരിച്ചു. വേണ്ടത്ര വസ്തുതകളറിയാതെയാണ് താന്‍ തന്റെ പത്രത്തെ അകത്തും പുറത്തും ന്യായീകരിച്ചതെന്നും പുറത്ത് ഒത്തുതീര്‍പ്പുകളില്‍ പങ്കാളിയായതെന്നുമുള്ള ഏറ്റുപറച്ചിലും ജയിംസ് മര്‍ഡോക് നടത്തി. തന്റെ സ്ഥാപനത്തില്‍ പത്രപ്രവര്‍ത്തനം തീര്‍ത്തും ധാര്‍മികവും കുറ്റമറ്റതുമായിരിക്കണമെന്നും അത് അങ്ങനെയല്ലാതായിരുന്നു എന്നതിനാല്‍ സ്ഥാപനം എന്നന്നേക്കുമായി അടച്ചുപൂട്ടുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചത് സ്വാഭാവികമായും പത്രപ്രവര്‍ത്തകരെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തുകാണും.
ഓസ്‌ട്രേലിയയില്‍ നിന്ന് കുടിയേറുകയും തീര്‍ത്തും അധാര്‍മികമായ വഴികളിലൂടെ സഞ്ചരിക്കാന്‍ ഒട്ടും മടിക്കാതിരിക്കുകയും അങ്ങനെ ലോകത്തെമ്പാടുമുള്ള അനേകമനേകം പത്രങ്ങളുടെ ഉടമസ്ഥനാവുകയും ലോക മാധ്യമരംഗത്തെ അടക്കി ഭരിക്കുകയും ചെയ്ത മര്‍ഡോക് കുടുംബത്തെ ഇത്രമേല്‍ അലട്ടുകയും തങ്ങളുടെ ഏറ്റവും വലിയ കമ്പനികളിലൊന്നിന്റെ ഉല്‍പ്പന്നത്തെ എന്നന്നേക്കും ഇല്ലായ്മ ചെയ്യുകയും ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ മാത്രം എന്താണ് സംഭവിച്ചതെന്ന ചോദ്യം ആരുടെയും മനസ്സിലുണരും. മര്‍ഡോക്കിന്റെ പത്രങ്ങള്‍ നിരന്തരം ചെയ്യുന്നതിനപ്പുറമൊന്നും യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരുന്നില്ല.
ന്യൂസ് ഓഫ് ദ വേള്‍ഡ് ഇനത്തില്‍ പെട്ട പത്രങ്ങളെ പൊതുവായി വിശേഷിപ്പിക്കുന്നത് ഗട്ടര്‍ പ്രസ് എന്നാണ്. ഓവുചാല്‍ പത്രം എന്നുതന്നെ! അത്രയേറെ മലീമസമാണ് അവ. കോപ്പി കൂടുതല്‍ വില്‍ക്കുക, ലാഭം കുന്നുകൂട്ടുക എന്നല്ലാതെ പത്രപ്രവര്‍ത്തനത്തിലെ ശരിതെറ്റുകള്‍ അവയെ ഒരിക്കലും അലട്ടുകയുണ്ടായിട്ടില്ല. തീര്‍ച്ചയായും ഇതിനാവശ്യമായ പല വേഷങ്ങളും അവര്‍ കെട്ടാറുണ്ട്. ജനസേവകരായും ജനാവകാശ സംരക്ഷകരായും ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്നവരായുമെല്ലാം അവര്‍ വേഷം കെട്ടാറുണ്ട്. പല പൊതുസേവനസംരംഭങ്ങള്‍ക്കും പണംമുടക്കാറുമുണ്ട്. ഇതൊന്നും പക്ഷേ അവയുടെ ഓവുചാല്‍ സ്വഭാവം മറച്ചുവെക്കാന്‍ പര്യാപ്തമാകാറില്ല. മര്‍ഡോക്കിനെ പോലെ ലാഭമുണ്ടാക്കുക തന്നെയാണ് പത്രപ്രവര്‍ത്തനത്തിന്റെ ഏറ്റവും മഹത്തായ ലക്ഷ്യമെന്ന് പറയാന്‍ ഒരിക്കലും മടികാണിച്ചിട്ടില്ലാത്ത ഒരു പത്രമുതലാളിയെ എന്തുകൊണ്ട് ചില അധാര്‍മികതകള്‍ അടിമുടി പിടിച്ചുകുലുക്കി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തോന്നിപ്പോകും.
നിയമലംഘകര്‍ക്കെതിരെ പോരാടുന്നു എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജനപിന്തുണ നേടിയ പത്രം നിരന്തരം നടത്തിക്കൊണ്ടിരുന്നത് നിയമലംഘനങ്ങളായിരുന്നു. കുറ്റവാളികളുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താറുണ്ട് എന്ന് അഭിമാനപൂര്‍വം ഏറ്റുപറയാറുള്ള പത്രം ചെയ്തത് കൊലചെയ്യപ്പെട്ട പതിമൂന്നുകാരിയുടെ വോയ്‌സ് മെയിലിലുണ്ടായിരുന്ന സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുകയാണ്. കുട്ടി മരിച്ചിട്ടില്ല എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അത് ചെയ്തത് എന്ന് അറിഞ്ഞപ്പോള്‍ ജനങ്ങള്‍ ഞെട്ടിത്തരിച്ചുപോയി. സര്‍ക്കുലേഷന്‍ വര്‍ദ്ധനയ്ക്കും ലാഭത്തിനും വേണ്ടി പോകാവുന്നതിന്റെ പരമാവധിയായിരുന്നു അത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. അത് പോലെ നിരവധി കുറ്റകൃത്യങ്ങള്‍ പുറത്തായി. മാനേജ്‌മെന്റ് അറിയാതെ എങ്ങനെ പത്രപ്രവര്‍ത്തകര്‍ക്ക് ആയിരക്കണക്കിന് ഫോണുകള്‍ ചോര്‍ത്താന്‍ കഴിയുക ? അതിന്റെ പണം ആര് മുടക്കി ? കുറ്റവാളികളെ ഡിറ്റക്റ്റീവുകളായി നിയോഗിക്കാനുള്ള വന്‍തുക ആരു മുടക്കി ? നുറുനുറുചോദ്യങ്ങള്‍ ഉയര്‍ന്നു.
ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ നിയമലംഘനങ്ങളെ ജനമദ്ധ്യത്തില്‍ തുറന്നുകാട്ടിയത് ഗാര്‍ഡിയന്‍ പത്രമായിരുന്നു. ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ ശമ്പളക്കാരായ ഡിറ്റക്റ്റീവുകള്‍ ആരുടെ ഫോണും ചോര്‍ത്താന്‍ പ്രാപ്തരായിരുന്നു. ഫോണ്‍ ചോര്‍ത്തുക ഒരു കുറ്റകൃത്യമാണ് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് അവരത് ചെയ്തുപോന്നത്. ഈ ഫോണ്‍ചോര്‍ത്തല്‍ പൊലീസിനും അറിവുള്ള കാര്യമായിരുന്നു. ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ ആളുകളും പൊലീസിലെ ഉന്നതരും ചേര്‍ന്നാണ് ഈ കുറ്റകൃത്യങ്ങളേറെയും ചെയ്തുകൂട്ടിയത്. രഹസ്യങ്ങള്‍ പരസ്പരം കൈമാറി അവര്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചുപോന്നു. കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ ഫോണ്‍ മാത്രമല്ല, ഭീകരാക്രമണങ്ങളില്‍ മരിച്ച സാധാരണക്കാരുടെയും മരിച്ച സൈനികരുടെയും വരെ ഫോണുകള്‍ ഇങ്ങനെ ചോര്‍ത്തപ്പെട്ടതായി ഗാര്‍ഡിയന്‍ തെളിയിച്ചു.
ഗട്ടര്‍ പ്രസ്സുകള്‍ക്ക് ഏതളവ് വരെപോകാം എന്നതിന്റെ വ്യക്തമായ ചിത്രമായി ന്യൂസ് ഓഫ് ദ വേള്‍ഡ് വിവാദം. ഒരു പത്രം മാത്രമല്ല പല പത്രങ്ങള്‍ ഇങ്ങനെ ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെടാറുണ്ടെന്ന് തെളിഞ്ഞതാണ്. നാട് മുഴുവന്‍ ഇതെല്ലാം പാട്ടാവുകയും ബ്രിട്ടീഷ് ഗവണ്മെന്‍് ന്യൂസ് കോര്‍പ്പറേഷന് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പാകുകയും ചെയ്തപ്പോഴാണ് മര്‍ഡോക് പത്രം അടച്ചുപൂട്ടി നല്ല പിള്ള ചമഞ്ഞത്. ആകെ ലാഭനഷ്ടങ്ങള്‍ കൂട്ടിനോക്കിയേ മര്‍ഡോക് ഒരു കാര്യം ചെയ്യാറുള്ളൂ. ലാഭം വര്‍ദ്ധിപ്പിക്കുക എന്ന ഒറ്റമൂല്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സ്ഥാപനമാണത്. അവരുടെ കണക്കുകള്‍ തെറ്റാറില്ല.
മാധ്യമപ്രവര്‍ത്തനം മറ്റൊരു വ്യവസായം മാത്രമാണ് എന്ന തത്ത്വശാസ്ത്രമാണ് ഇവിടെ തോലുപൊളിച്ച് നഗ്നമാക്കപ്പെട്ടിരിക്കുന്നത്. റുപര്‍ട് മര്‍ഡോക്കിന്റെ വരവോടെയാണ് സാമൂഹ്യലക്ഷ്യത്തോടെയുള്ള മാധ്യമപ്രവര്‍ത്തനം എന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആശയത്തിന് മങ്ങലുണ്ടായത്. വാര്‍ത്തയല്ല, പരസ്യമാണ് പ്രധാനം എന്ന് പറയാന്‍ മര്‍ഡോക് മടിച്ചില്ല. പരസ്യം ആളുകളിലെത്തിക്കാനുള്ള മാധ്യമം മാത്രമാണ് വാര്‍ത്ത എന്ന ആശയംപോലും യാതൊരു മനപ്രയാസവുമില്ലാതെ ഉന്നയിക്കപ്പെട്ടു.
മാധ്യമവ്യവസായം മറ്റേതൊരു വ്യവസായവും പോലെയാണ് എന്ന് പറയുമ്പോള്‍ തന്നെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന നിലയിലുള്ള സാമൂഹ്യ-രാഷ് ട്രീയ പദവികളും അതിന്റെ മറ്റ് സാമ്പത്തികാനുകൂല്യങ്ങളും നേടാന്‍ ഇവരാരും മടിച്ചില്ല. മര്‍ഡോക് തന്നെ രാഷ്ട്രീയമായ സ്വാധീനത്തിന് വേണ്ടി തന്റെ മാന്യ പത്രങ്ങളെ ഉപയോഗപ്പെടുത്തുകയും പണമുണ്ടാക്കാന്‍ ഗട്ടര്‍ പ്രസ്സുകളെ ഉപയോഗിക്കുകയുമാണ് ചെയ്തുപോന്നത്.
കച്ചവടത്തില്‍ മാത്രം ഊന്നിയ മാധ്യമത്തിനുണ്ടാകാവുന്ന ഏറ്റവും വലിയ തിരിച്ചടി മര്‍ഡോക്കിന്റെ ഉടമസ്ഥതയില്‍ ഉള്ള ഒരു സ്ഥാപനത്തില്‍ തന്നെ സംഭവിച്ചത് ചരിത്രത്തിന്റെ നീതിയാണെന്ന് തോന്നിപ്പോകുന്നു. ആ തിരിച്ചടിയെ നേരിടാനോ അതില്‍ ഉള്‍പ്പെട്ട അധാര്‍മികതകളെ ന്യായീകരിക്കാനോ കരുത്തില്ലാതെ, ലോകത്തിലെ ഏറ്റവും വലുതെന്ന അവകാശവാദം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ
ധാര്‍മികതയെ ഓടയിലെറിഞ്ഞുള്ള ലാഭക്കൊതിയും അത് നേടാനുള്ള കഴുത്തറപ്പന്‍ മത്സരവുമാണ് ഇതിലേക്ക് എത്തിച്ചത്. ഇന്ന് ന്യൂസ് ഓഫ് ദ വേള്‍ഡില്‍ സംഭവിച്ചത് ഏറിയും കുറഞ്ഞും മറ്റെവിടെയും സംഭവിക്കാം.
ബ്രിട്ടനില്‍ മര്‍ഡോക്കിനെതിരെ ഉയര്‍ന്ന ജനരോഷം മാധ്യമ മര്യാദകള്‍ക്ക് വില കല്പിക്കുന്നവരില്‍ വലിയ സന്തോഷമുയര്‍ത്തിയിരിക്കും. എന്നാല്‍ ഇത് മൊത്തം മാധ്യമങ്ങള്‍ക്കെതിരെ കര്‍ക്കശ നടപടികളെടുക്കുന്നതിലേക്കാണ് സര്‍ക്കാറിനെ നയിക്കുന്നതെങ്കില്‍ മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും അത് ഹാനികരമാകുമെന്ന കാര്യം തീ
No comments:
Post a Comment