Friday, 8 July 2011
കമ്യൂണിസത്തെക്കുറിച്ച് ഓഷോ പറയുന്ന ഒരു ഫലിതമുണ്ട്. മാവോവിനെ കളിയാക്കുന്ന ഒരു 'മ്യാവൂ' ഫലിതം. താഴ്ന്ന ക്ലാസുകള്‍ മുതല്‍തന്നെ കമ്യൂണിസം പഠിപ്പിക്കുന്ന ചൈനയിലെ ഒരു സ്‌കൂള്‍. കുഞ്ഞുങ്ങള്‍ കമ്യൂണിസം പഠിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഭരണകൂടത്തിന്റെ പരിശോധന ഇടക്കിടെ ഉണ്ടാവും. നമ്മുടെ നാട്ടില്‍ എ.ഇ.ഒമാരുടെ വരവുപോലെ. ഒരു ദിവസം ഒരു ആറുവയസ്സുകാരിക്ലാസ്ടീച്ചറോട് വീട്ടുവിശേഷം പറഞ്ഞു: 'ടീച്ചര്‍, എന്റെ വീട്ടിലെ പൂച്ച പ്രസവിച്ചു. കുഞ്ഞുങ്ങളെല്ലാം കമ്യൂണിസ്റ്റുകള്‍.' ടീച്ചര്‍ക്ക് സന്തോഷമായി. നോക്കണേ, തന്റെ അധ്യാപനത്തിന്റെ ഒരു മികവ്. പഠിപ്പിക്കുന്ന കുട്ടിയുടെ വീട്ടിലെ പൂച്ച പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍പോലും കമ്യൂണിസ്റ്റുകള്‍. നാളെ പരിശോധനക്ക് ഇന്‍സ്‌പെക്ടര്‍ വരുമ്പോള്‍ ഈ വിശേഷം പറയണമെന്ന് ടീച്ചര്‍ കുട്ടിയെ ഓര്‍മിപ്പിച്ചു. പിറ്റേന്ന് ഇന്‍സ്‌പെക്ടര്‍ വന്നു. കുട്ടികളുടെ കമ്യൂണിസ്റ്റ് വിദ്യാഭ്യാസത്തിന്റെ പുരോഗതിയറിയാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ ആറു വയസ്സുകാരി എണീറ്റുനിന്ന് പറഞ്ഞു, 'സര്‍, എന്റെ വീട്ടിലെ പൂച്ച പ്രസവിച്ചു. കുഞ്ഞുങ്ങളെല്ലാം ഹ്യൂമനിസ്റ്റുകള്‍' എന്ന്. അതുകേട്ട് ടീച്ചര്‍ ഞെട്ടി. ഇന്‍സ്‌പെക്ടര്‍ കോപാകുലനായി. പരിഭ്രമത്തോടെ ടീച്ചര്‍ കുട്ടിയോടു ചോദിച്ചു: 'ഇന്നലെയല്ലേ കുട്ടി പറഞ്ഞത്, പൂച്ചക്കുഞ്ഞുങ്ങളെല്ലാം കമ്യൂണിസ്റ്റുകളാണെന്ന്? എന്നിട്ടിപ്പോള്‍ മാറ്റിപ്പറയുന്നോ?' കുട്ടി പറഞ്ഞു: 'മാറ്റിപ്പറഞ്ഞതല്ല ടീച്ചര്‍. ഇന്നലെ പിറന്നുവീണപ്പോള്‍ പൂച്ചക്കുഞ്ഞുങ്ങളെല്ലാം കമ്യൂണിസ്റ്റുകള്‍ തന്നെയായിരുന്നു. ഇന്നു രാവിലെ അവ കണ്ണു തുറന്നു!
Subscribe to:
Post Comments (Atom)
No comments:
Post a Comment