Friday, 8 July 2011

അടിസ്ഥാനവികസനത്തിന് ഊന്നല്‍, 'നിക്ഷേപ സംഗമം'

 കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിന്റെ മാതൃകയില്‍ 'എമേര്‍ജിങ് കേരള' എന്ന പേരില്‍ നിക്ഷേപസംഗമം നടത്തുമെന്നും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി വളര്‍ത്തിയെടുക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും ധനമന്ത്രി കെ.എം. മാണി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 

അടിസ്ഥാന വികസനത്തിന് കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. റോഡ് വികസനത്തിന് ആയിരം കോടി, റോഡ്-പാലം വികസനത്തിന് 200 കോടി, പുതിയ മരാമത്ത് പണികള്‍ക്ക് 325 കോടി എന്നിവയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി, ഇന്‍കെല്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ വ്യവസായങ്ങള്‍ക്ക് അടിസ്ഥാനസൗകര്യമൊരുക്കും. 

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുതല്‍ സംയുക്തസംരംഭങ്ങള്‍ക്ക് ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. 500 കോടി രൂപ മുതല്‍മുടക്കില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്വയം സംരംഭക വികസനപദ്ധതി നടപ്പാക്കും, ഇതിനായി കെ.എഫ്.സി. മുഖേന പലിശ രഹിത വായ്പ ലഭ്യമാക്കും.കേരള ബ്രാന്‍ഡ് വികസിപ്പിച്ചെടുക്കുന്നതിന് പ്രാമുഖ്യം നല്‍കുമെന്നും ചെറുനഗരങ്ങളില്‍ ഐ.ടി പാര്‍ക്കുകള്‍ തുടങ്ങുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 

കൊച്ചി സ്മാര്‍ട്ട് സിറ്റിയിലേക്കും സംസ്ഥാനത്തെ മറ്റു ഐ.ടി. പാര്‍ക്കുകളിലേക്കും കൂടുതല്‍ കമ്പനികളെ കൊണ്ടുവരും. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനായി 10 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റാണ് ധനകാര്യമന്ത്രി കെ.എം മാണി അവതരിപ്പിച്ചത്. നിയമസഭയില്‍ രാവിലെ ഒമ്പത് മണിക്ക് തന്നെ ബജറ്റ് പ്രസംഗം തുടങ്ങി. 

ഒമ്പതാമത് ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡിനും ഇതോടെ കെ.എം മാണി ഉടമയായി. സംസ്ഥാനം കടക്കെണിയിലാണെന്നും 2010-11 സാമ്പത്തിക വര്‍ഷത്തെ ആഭ്യന്തരകടം 88,887 കോടി രൂപയാണെന്നും മാണി പറഞ്ഞു. ആസ്തിയുടെ രണ്ടിരട്ടി വരുമിതെന്നും കടം വാങ്ങി കടം തിരിച്ചടക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

ആസൂത്രണ കമ്മീഷന്റെ നിര്‍ദേശങ്ങളും മുന്‍സര്‍ക്കാര്‍ പാലിച്ചില്ലെന്നും കൊടുത്തുതീര്‍ക്കേണ്ട 2154 കോടിയുടെ കുടിശ്ശിക മറച്ചുവെച്ചുവെന്നും ധനമന്ത്രി പറഞ്ഞു. 1663 കോടിയുടെ ട്രഷറി മിച്ചം തുഛമാണെന്നും ശമ്പള പെന്‍ഷന്‍ കുടിശിക 800 കോടിയാണെന്നും ബജറ്റില്‍ പറയുന്നു. റവന്യൂ ചെലവ് 44,961 കോടി രൂപ. കമ്മിറി 350 കോടി. റവന്യൂ വരുമാനം 39,428 കോടി

No comments:

Post a Comment