Friday, 8 July 2011

സ്ത്രീപീഡനം കേരളാ മോഡല്‍

സ്ത്രീപീഡനം ഇന്നൊരു വാര്‍ത്ത അല്ലാതായിരിക്കുന്നു. മൂന്നും നാലും പീഡനവാര്‍ത്തകളാണ് ഓരോ ദിവസവും പത്രങ്ങളിലൂടെ നാം അറിയുന്നത്. പീഡന വാര്‍ത്തകളില്ലാതെ പത്രങ്ങള്‍ ഇപ്പോള്‍ ഒറ്റദിവസം പോലും പുറത്തിറങ്ങാറില്ല എന്നതാണു സത്യം.
അച്ഛന്‍ മകളെ പീഡിപ്പിക്കുക, പിന്നീട് പലര്‍ക്കും കാഴ്ചവെച്ച് പണം സമ്പാദിക്കുക, സ്വന്തം അമ്മയെ മാനഭംഗപ്പെടുത്താന്‍ കൂട്ടുകാരനെ കൊണ്ടുവന്നു സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുക, സഹോദരനും, കൂട്ടുകാരും ചേര്‍ന്നു സഹോദരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുക. കേള്‍ക്കുമ്പോള്‍ തന്നെ അറപ്പുളവാക്കുന്ന ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ നിത്യവാര്‍ത്തകളാണ്. ഈ വാര്‍ത്തകള്‍ക്കൊന്നും കൂടുതല്‍ ആയുസ്സുണ്ടാവാറില്ല. നാളെ വീണ്ടും പുതിയ പീഡനവാര്‍ത്തകള്‍ ഉണ്ടാകുമ്പോള്‍ ഇന്നത്തെ വാര്‍ത്തയുടെ ബാക്കി കഥകള്‍ വായനക്കാര്‍ അറിയാറില്ല. അതിനവര്‍ക്ക് താല്പര്യവുമില്ല. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നുണ്ട്. ബസ്സിലും, റോഡിലും, ഓഫീസിലും, വിദ്യാലയങ്ങളിലും മാത്രമല്ല സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.സാക്ഷര സുന്ദര കേരളത്തില്‍ സ്ത്രീ പീഡനം വര്‍ദ്ധിച്ചു വരുന്നു. ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു വേശ്യാലയം നടത്തുന്നതും, മകളെ കൂട്ടിക്കൊടുക്കുന്ന പിതാക്കന്മാരും, വായിച്ചു മറന്നു കളയാനുള്ള വാര്‍ത്തകള്‍ മാത്രം. നിത്യേനയുള്ള സംഭവമായതിനാല്‍ ചരമകോളം പോലെ പീഡനകോളവും പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കാലം ഇനി വിദൂരമല്ലെന്നു തന്നെ പറയാം.
സൂര്യനെല്ലി പെണ്‍വാണിഭമാണ് കേരളത്തെ പിടിച്ചുകുലുക്കിയ പ്രഥമ സ്ത്രീപീഡനമെന്നാണ് ഓര്‍മ്മ. സൂര്യനെല്ലിയും, ശേഷം വിതുര പെണ്‍വാണിഭവും മാധ്യമങ്ങള്‍ മാസങ്ങളോളം പരമ്പരയായി കൊണ്ടാടിയിരുന്നു. രണ്ടു സംഭവങ്ങളിലും കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരായ പലരും പ്രതിപ്പട്ടികയിലുള്‍പ്പെട്ട വാര്‍ത്ത അന്നു കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചു. എന്നിട്ടോ ഈ പ്രമുഖര്‍ക്കൊന്നും ഒരു പോറലുമേറ്റില്ല. ഇന്നും അവരൊക്കെ കൂടുതല്‍ അന്തസ്സോടെ വെല്ലുവിളിച്ചവരെയൊക്കെ കൊഞ്ഞനം കാട്ടി സമൂഹത്തില്‍ തലയുയര്‍ത്തി നടക്കുന്നുമുണ്ട്.
കേരളത്തിലെ ഇതുവരെ നടന്ന ഏതൊരു സ്ത്രീപീഡനത്തിന്റെ കാര്യമെടുത്താലും വളരെ വ്യക്തമായി കാണാം. പീഡിപ്പിക്കുന്നവരൊക്കെ പ്രശസ്തരും, സമൂഹത്തില്‍ ഏറെ സ്വാധീനമുള്ളവരുമാണെന്ന്. പീഡനത്തിനു വിധേയരാകുന്ന പെണ്‍കുട്ടികള്‍ സമൂഹത്തിലെ ഏറെ താഴെതട്ടിലുള്ളവരും, നിര്‍ധനരും, ഇടത്തരക്കാരുമാണ്. അഴിമതിയിലൂടെ സമ്പാദിച്ച കോടികളുടെ പുറത്ത്, വീര്‍ത്ത വയറുമായി അടയിരിക്കുന്നവര്‍ വാര്‍ദ്ധക്യകാലത്തെ ലൈംഗിക തൃഷ്ണ ശമിപ്പിക്കാനുള്ള ആവേശത്തില്‍ ചാടിപ്പുറപ്പെട്ട് കുടുങ്ങുന്നതാണു മുകളില്‍ പരാമര്‍ശിച്ച രണ്ടു സംഭവങ്ങളിലും കാണാന്‍ കഴിഞ്ഞത്. ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന പല സ്ത്രീപീഡനക്കേസുകളിലും ഒട്ടേറെ പ്രമുഖരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുമുണ്ട്.
കൂത്താടാനും, കൂടെ കിടക്കാനും തരുണീമണികളെ ലഭിക്കാന്‍ പഞ്ഞമുള്ള നാടല്ല നമ്മുടെ ഇന്ത്യ. നോട്ടുകെട്ടുകളെറിഞ്ഞാല്‍ ബോളിവുഡ്ഡിലേയും, കോളിവുഡ്ഡിലേയുമൊക്കെ തൊലിവെളുത്ത അതിസുന്ദരിമാര്‍ നിശാശയനത്തിനായി ഏതുസമയവും തയ്യാറായി വരുമെന്നുള്ളതും വലിയ രഹസ്യമായ കാര്യവുമല്ല. എന്നിട്ടും, പിന്നെന്തിനു ഈ പട്ടിണിക്കോലങ്ങളുടെ വരണ്ടചര്‍മ്മത്തില്‍ കാമമിറക്കാന്‍ സമ്പന്നരും, പ്രശസ്തരും മുന്നിട്ടിറങ്ങുന്നു എന്നത് ഒരു കൗതുകമായ ചിന്തയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. അര്‍ദ്ധരാത്രി അമ്മയുടെ അരികില്‍ നിന്നും പിഞ്ചുപൈതലിനെ പൊക്കിയെടുത്ത് കൊണ്ടുപോയി ക്രൂരമായി പിച്ഛിച്ചീന്തിയതും, സെമിത്തേരിയില്‍ അടക്കം ചെയ്ത മൃതദേഹം തോണ്ടിയെടുത്ത് കാമദാഹം തീര്‍ത്തതും, അയല്‍വാസിയായ പെണ്‍കുട്ടിയെ അച്ഛനും, മകനും ഒരുപോലെ പീഡിപ്പിച്ച വിചിത്ര സംഭവവും കേരളത്തില്‍ നിന്നും മാത്രം കേട്ട ചില വാര്‍ത്തകളാണ്. സുന്ദരിയായ നവവധുവിനെ വീട്ടിലിരുത്തി യാത്രക്കാരിയായ കൊച്ചുകുട്ടിയെ പീഡിപ്പിക്കാന്‍ തുനിഞ്ഞ ഓട്ടോക്കാരനും കേരളത്തിന്റെ സന്തതി. ഏതാനും വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച പ്രൊഫസര്‍മാരും കേരളത്തിനു സ്വന്തം. മലയാളിയുടെ ഈ മനോവൈകല്യം മന്ത്രി തൊട്ട് മണല്‍തൊഴിലാളി വരെയുള്ളവരെ ഒരുപോലെ ബാധിച്ചിരിക്കുന്നു.
സ്ത്രീകളെ പീഡിപ്പിക്കുന്ന കാര്യത്തില്‍ ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന ഭേദമില്ല. തൊഴിലാളി മുതലാളി വ്യത്യാസമില്ല. ഇക്കാര്യത്തില്‍ എല്ലാവരും ഒരേ അഭിപ്രായത്തിലും നല്ല ഐക്യത്തിലുമാണ്. സ്ത്രീപീഡനത്തിനും, പെണ്‍വാണിഭത്തിനും ജാതി മത രാഷ്ട്രീയ പക്ഷഭേദമൊന്നുമില്ല. മന്ത്രിയും,തന്ത്രിയൂം, മൗലവിയും, പാതിരിയുമൊക്കെ ഈ ഞരമ്പുരോഗത്തിനു അടിമപ്പെട്ടിട്ടുണ്ട് എന്നതാണ് വസ്തുത. മലയാളിയുടെ ധാര്‍മ്മിക മൂല്യവും, സദാചാര ബോധവും ഇത്രയും അധപതിച്ച ഒരു കാലം ഇതിനു മുമ്പെങ്ങും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് സ്ത്രീ പീഡനങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചതായി ഈയിടെ പുറത്തിറക്കിയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണെന്നറിയുമ്പോഴാണു ലജ്ജ കൊണ്ടു നമ്മുടെ ശിരസ്സ് കുനിയേണ്ടത്.

ഉണക്ക കമ്പില്‍ സാരിചുറ്റിക്കണ്ടാല്‍ പോലും ആര്‍ത്തിയോടെ വീക്ഷിക്കുന്നവനാണ് മലയാളി. അടക്കി നിര്‍ത്താനാവാത്ത അമിതമായ കാമാസക്തി മലയാളിയെ പിടികൂടിയിരിക്കുന്നു. ഇതിനൊരു തടയിടാന്‍ ശക്തമായ നിയമനിര്‍മ്മാണം കൊണ്ടുമാത്രമേ കഴിയൂ. അതിനു വേണ്ടിയുള്ള സന്ധിയില്ലാ സമരത്തിനായി സ്ത്രീ സംഘടനകളും, പൊതുജനങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കു

No comments:

Post a Comment