Friday, 8 July 2011

കവിയരങ്ങിലെ അറുംകൊലകള്‍

കവിതയെ എങ്ങനെ കൊല്ലാം ? കൊല്ലുന്നത് കണ്ടുകാണില്ലെങ്കിലും കവിതയുടെ വിറങ്ങലിച്ച ശവം നമ്മള്‍ ഏറെ കണ്ടിട്ടുണ്ട് - പ്രസാധകരും എഴുത്തുകാരനും തമ്മിലുള്ള അവിഹിതബന്ധത്തില്‍ പിറന്നു വീഴുന്ന ചാപിള്ളകളായും, പണം മുടക്കുന്ന വ്യക്തിയുടെയോ കക്ഷിയുടെയോ താല്പര്യം സംരക്ഷിക്കാന്‍ പുറത്തിറക്കുന്ന ആനുകാലികങ്ങളിലും! പക്ഷേ കൊലപാതകത്തിന്റെ തല്‍സമയ സംപ്രേഷണം കാണാന്‍ എന്ത് ചെയ്യണം? വരൂ, ഒരു കവിയരങ്ങിലേക്ക് പോകാം.
തകരപോലെ മുളച്ചു നാട്ടില്‍ പൊന്തുന്ന ഏതൊരു സാംസ്‌കാരികസംഘടനക്കും നാല് കോളം വാര്‍ത്ത സൃഷ്ടിക്കാന്‍ ചെലവ് കുറഞ്ഞ മാര്‍ഗങ്ങളില്‍ ഒന്നാണല്ലോ കവിയരങ്ങ്!
നല്ല നാലെഴുത്തിന്‍റെ പേരില്‍ കവിപ്പട്ടം ചാര്‍ത്തിക്കിട്ടിയ മൂന്നു നാല് കവികള്‍ . നിശ്ചിത സമയം ഇടവിട്ട്‌ ഇവരെ പുകഴ്ത്തിപ്പാടാന്‍ സംഘാടകരിലെ നീളം കൂടിയ നാവുള്ള ചിലര്‍. ബുദ്ധി കൂടിയത് കൊണ്ട് മാത്രം പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ നടക്കുന്ന ഏതാനും ബുദ്ധിജീവികള്‍. ഒപ്പം എന്തിനും കയ്യടിച്ചു മാത്രം ശീലിച്ച കുറച്ചു പൊതുജനം. ഇത്രയും മതി കവിതയ്ക്ക അറവുശാലയോര്ക്കാന്‍.
കാശ് മുടക്കുന്നവരുടെ ശ്രദ്ധക്ക്, കവികള്‍ ദാരിദ്ര്യത്തെയും വിശപ്പിനെയും കുറിച്ചു ഇടയ്ക്കിടെ ആകുലപ്പെടുന്നവരാണ് . ആയതിനാല്‍ ഹാളില്‍ എ.സി ഉണ്ടായിരിക്കണം.
സ്വാഗത പ്രാസംഗകന്‍ ആണ് വേദിയില്‍ ആദ്യം കത്തിയെടുക്കുക. സംഘാടക സമിതിയുടെ പൂര്‍വലീലാവിലാസങ്ങളെ കുറിച്ചു ഒരു പരിചയപ്പെടുത്തല്‍. സാഹിത്യത്തിനെ പൊക്കി പുരപ്പുറത്തു കയറ്റാന്‍ ആ മഹത്സംഘം ചെയ്ത ധീര കൃത്യങ്ങള്‍, രക്തരഹിത വിപ്ലവങ്ങള്‍ ! അത് കഴിഞ്ഞാല്‍ വേദിയിലിരിക്കുന്ന മുഖ്യഅറവുകാരെ.., ക്ഷമിക്കണം, മുഖ്യാഥിതികളെ കുറിച്ചും തന്നെക്കാള്‍ പ്രസ്തുത തൊഴിലില്‍ അവര്‍ക്കുള്ള വൈഭവത്തെ കുറിച്ചും സ്വാഗതവിദ്വാന്‍ വാചാലനാകുന്നു. ചെയ്യാന്‍ പോകുന്ന പാതകത്തില്‍ എല്ലാവരുടെയും പങ്കു സസ്നേഹം ഉറപ്പു വരുത്തിക്കൊണ്ട്, ഉപസംഹാരത്തില്‍ ഏതെന്കിലും മഹാകവിയുടെ നല്ല വരികളുടെ റിമികസ് അവതരിപ്പിച്ച് അദ്ദേഹം പടിയിറങ്ങും. ഇതിലും വലുത് വരാന്‍ ഇരിക്കുന്നതേയുള്ളൂ!
ഓരോ കയ്യിലും മാറി മാറി കത്തി കൊടുക്കുന്നത് വേദിയിലെ തലമുതിര്‍ന്ന അധ്യക്ഷസാമ്രാട്ട് ആണ്.
ഉദ്ഘാടകന്‍ ജനപ്രിയനായിരിക്കാറാണ് പതിവ്. പോസ്റ്ററില്‍ എടുത്തുകാട്ടി ആളെ കൂട്ടണമല്ലോ! കവിതയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച് , വേറെ വഴിയില്ലാത്തതിനാല്‍ ഉദ്ഘാടനം പ്രഘ്യാപിച്ച്, ക്ഷണിച്ചതിന്റെ പേരില്‍ നാല് വരിയും ചൊല്ലി കവിപ്രമുഖന്‍ സ്ഥലം വിടും. ഇനിയുള്ള ദാരുണരംഗം കാണാന്‍ നില്‍ക്കാത്തതായിരിക്കാം!
എഴുതിത്തെളിഞ്ഞവര്‍ കവിതയുടെ ആസന്നമൃത്യുവില്‍ അന്ത്യോപചാരം അര്‍പ്പിച്ചു, ചരമഗീതം പോലെ തങ്ങളുടെ കവിതയും ചൊല്ലി നേരത്തെ അരങ്ങ് ഒഴിയും. തലയറുക്കും മുന്‍പ് വെള്ളം കൊടുക്കുന്ന പോലെ.
അധ്യക്ഷന്‍ ഓരോ ബുദ്ധിജീവിയെയും മാറി മാറി വിളിക്കും. പാരമ്പര്യമായ അഹങ്കാര ഭാവത്തില്‍ ഒട്ടും കുറവ് വരുത്താതെ ഇവര്‍ സംസാരിച്ചു തുടങ്ങും. സമൂഹം അംഗീകരിച്ച പ്രശസ്ത എഴുത്തുകാരെ നഖശിഖാന്തം വിമര്‍ശിക്കും. അവര്‍ എഴുതുന്നത്‌ സാഹിത്യമല്ല എന്ന് പോലും പറഞ്ഞു പോകും. തനിക്ക് കിട്ടാത്ത ആദരവ്‌ എഴുതി നേടിയ എല്ലാവരെയും തെറി വിളിച്ചു കഴിഞ്ഞു എന്ന് ഉറപ്പായാല്‍ ഈ (ബുദ്ധി)ജീവി കവിത ആരംഭിക്കും. “കവിതയൊക്കെ ഇങ്ങനെയും ചൊല്ലാമോ?” എന്ന് സദസ്സിലെ ഏതെന്കിലും പുതുമുഖം അടക്കം പറഞ്ഞാല്‍ ക്ഷമിക്കുക. അംഗവിക്ഷേപങ്ങലാലും ഭാവവിന്യാസങ്ങലാലും സമ്പൂര്‍ണമായ ആലാപനം കഴിഞ്ഞാല്‍ ഒരു ഷാജി കൈലാസ്‌ പടം തീര്‍ന്ന സംതൃപ്തിയില്‍ വേണമെങ്കില്‍ കൈയ്യടിക്കാം. നമ്മള്‍ കൈയടിച്ചില്ലെന്കിലും സാരമില്ല. സമാനതാടിക്കാരും തലക്കനക്കാരും ആയ ഒരു സംഘം “ഭേഷ്‌ ഭേഷ്‌” മുഴക്കുന്നുണ്ടാകും. ഇത് കേട്ട് കവിശ്രേഷ്ടന്‍ കോള്‍മയിര്‍ കൊള്ളും.

ഓരോ കവിതയുടെയും ഇടവേളകളില്‍ ആണ് സംഘാടകരിലെ പ്രമുഖര്‍ പിന്‍വാതില്‍ വഴി ഓരോരുത്തെരെയായി വിളിച്ചു കൊണ്ട് പോകുന്നത്. തിരിച്ചു വരാന്‍ കെല്‍പ്പുള്ളവര്‍ ആടിയാടി വന്ന് ഏതെന്കിലും മൂലയ്ക്ക് താടി താങ്ങി ഇരിക്കും.
ബുദ്ധിജീവിക്കവിതകള്‍ കഴിയുമ്പോഴേക്കും കവിത ഏറെക്കുറെ മരിച്ചു കാണണം. എന്നാലും അതൊന്നുറപ്പിക്കാന്‍ ചില പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കുന്നതാണ്. ഇത്രയും മികച്ച ആരാച്ചാര്‍മാര്‍ക്ക് മുന്‍പില്‍ വിനയം കൊണ്ട് നമ്രശിരസ്കരായ ഈ കൂട്ടര്‍ തങ്ങളുടെ എളിയ കവിതയെ കുറിച്ചു വളരെ ബുദ്ധിമുട്ടി പറഞ്ഞു തുടങ്ങും. കവിത ജനിച്ച നിമിഷവും വളര്‍ന്ന വഴികളും അതിനു കാരണ ഭൂതരായവരെയും കുറിച്ചു വിവരിച്ചു കഴിയുമ്പോഴേക്കും നമുക്ക്‌ ഉറക്കം വന്ന് തുടങ്ങിക്കാണും. “പാടാന്‍ വന്നാല്‍ പാടിയിട്ടു പോടോ..” എന്ന് വിളിച്ചു പറയരുത്. ഇത് പൂരപ്പറമ്പിലെ ഗാനമേളയല്ല., കവിയരങ്ങാണ്, കവിയരങ്ങ്! മാന്യതയ്ക്ക് താടി വെച്ചവര്‍ ആണ് തൊട്ടപ്പുറത്ത് തലയെ ബാലന്‍സ്‌ ചെയ്തു നിര്‍ത്താന്‍ കഷ്ടപ്പെടുന്നത്!
വേറൊരു കൂട്ടരുണ്ട്. ഞാന്‍ കവിയല്ല എന്ന് ആദ്യമേ അങ്ങ് പ്രഖ്യാപിച്ചു കളയും. ഭാര്യക്കും മക്കള്‍ക്കും വേണ്ടി എഴുതി തുടങ്ങിയതാണെന്നും, സാന്ദര്‍ഭികവശാല്‍ അത് വായിക്കേണ്ടി വന്ന സുഹൃത്തിന്റെ നിര്‍ബന്ധം മൂലം ഇവിടെ ചൊല്ലാതെ ഗത്യന്തരാമില്ലാതെ വന്നതാണെന്നും ഒക്കെ പറയും. എന്തിനു ഇതൊക്കെ പറഞ്ഞു കഷ്ടപ്പെടുന്നു സുഹൃത്തെ? കവിത കഴിയുമ്പോള്‍ അറിഞ്ഞൂടെ ഇതൊക്ക തന്‍റെഭാര്യേടേം മക്കളുടെം മുന്‍പില്‍ മാത്രമേ ചോല്ലാവൂ എന്ന്!

ഇങ്ങനത്തെ രണ്ടു മൂന്നു അവതാരങ്ങള്‍ കൂടി വന്ന് പോകുമ്പോള്‍ കവിതയുടെ മരണം വേദിയില്‍ പൂര്‍ണമായിരിക്കും. ദുഖഭാരം കൊണ്ട് തലകുനിഞ്ഞു സദസ്സില്‍ എല്ലാവരും ഉറങ്ങുകയുമായിരിക്കും.
അപ്പോള്‍ സംഘാടകരിലെ മറ്റൊരു രാജാവ്‌ നന്ദി പറയണം എന്നാണു വഴക്കം. ഇടക്കിടക്ക്‌ പിന്‍വാതിലിലൂടെ പോയി വരേണ്ടി വന്നതിനാല്‍ നാക്ക് വഴങ്ങുന്നവരുടെ അഭിമുഖസംഭാഷണം കഴിഞ്ഞു തരക്കേടില്ലാത്തവന്‍ മൈക്കില്‍ പിടിച്ചു വീഴാതെ നില്‍ക്കാന്‍ ശ്രമിക്കും. "നിങ്ങളുടെ വിലയേറിയ സമയം അപഹരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല" എന്ന് ഏഴാം തവണയും ആവര്‍ത്തിക്കുമ്പോള്‍ സമയത്തിനു ഒരു വിലയും ഇല്ലാതായിക്കാണും. കവിതയെ കൊന്നവര്‍ക്കെല്ലാം നന്ദി പറയുന്ന ഈ ചടങ്ങാണ് സംസ്കാരം. അറുംകൊല ഉപസംസ്കാരം. കവികളെല്ലാം വേച്ചു വേച്ചു പുറത്തിറങ്ങി ഒറ്റയ്ക്കും തെറ്റയ്ക്കും ബാറിലേക്ക് നീങ്ങും. അടുത്ത കവിത

No comments:

Post a Comment