പ്രതിഷേധങ്ങള്‍ മറികടന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ കട തുറക്കാനൊരുങ്ങുന്ന കച്ചവട കുത്തക കമ്പനിയായ വാള്‍മാര്‍ട്ടിന് ന്യൂയോര്‍ക്കില്‍ പ്രവേശിക്കാനാകുന്നില്ല. പ്രാദേശിക കച്ചവടക്കാരുടെയും നാട്ടുകാരുടെയും എതിര്‍പ്പ് മൂലമാണ് വാള്‍മാര്‍ട്ടിന്റെ ഒടുവിലത്തെ നീക്കവും പാളിയത്. പലവട്ടം പരാജയപ്പെട്ട ശേഷം ഇക്കുറി എന്തായാലും ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനില്‍ സ്ഥാപനം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.
അമേരിക്കയില്‍ നാലായിരത്തിലേറെ വില്‍പ്പനശാലകള്‍ തുറക്കാനായെങ്കിലും ന്യുയോര്‍ക്ക് നഗരത്തിലും വാഷിങ്ടണ്‍ ഡിസിയിലും മാത്രം കടന്നുകയറാന്‍ നാട്ടുകാരുടെ എതിര്‍പ്പ്മൂലം കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. ചെറുകിട കച്ചവടക്കാരും ചില സര്‍ക്കാരിതര സംഘടനകളും ചേര്‍ന്ന് രൂപം നല്‍കിയ "വാള്‍മാര്‍ട്ടില്ലാ ന്യുയോര്‍ക്ക്" പ്രസ്ഥാനമാണ് വാള്‍മാര്‍ട്ടിനെതിരെ ന്യൂയോര്‍ക്കില്‍ രംഗത്തുള്ളത്.
"ലോകത്തിലെ ഏറ്റവും വലിയ കുത്തകകളിലൊന്നായ വാള്‍മാര്‍ട്ടിനെ പോലും ചെറുത്തുതോല്‍പ്പിക്കാന്‍ ഒന്നിച്ച് നിന്നാല്‍ കഴിയുമെന്ന് നമ്മള്‍ തെളിയിച്ചു."-പ്രസ്ഥാനത്തിന്റെ വക്താവ് സ്റ്റെഫൈന്‍ യാസ്ഗി ന്യൂയോര്‍ക്ക് ടൈംസ് പത്രത്തോട് പറഞ്ഞു.