Wednesday, 4 September 2013

സസ്തനികള്‍ പേറുന്നത് പുതിയ 320,000 വൈറസുകളെയെന്ന് പഠനം

പറക്കും കുറുക്കന്‍ - മനുഷ്യരെ ബാധിക്കുന്ന ഒട്ടേറെ വൈറസുകളെ വഹിക്കുന്ന ജീവി
മനുഷ്യരുള്‍പ്പടെയുള്ള സസ്തനികള്‍ വഹിക്കുന്ന 320,000 വൈറസുകളെ ഇനിയും കണ്ടുപിടിക്കാനുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. പുതിയ രോഗങ്ങള്‍ ഭാവിയില്‍ ഇനിയും പ്രത്യക്ഷപ്പെടുമെന്നാണ് ഇതിനര്‍ഥം.

ഈ വൈറസുകളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിവുള്ളവയെ കണ്ടുപിടിക്കേണ്ടത്, ഭാവിയില്‍ മഹാമാരികള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 'എംബയോ' ( mBio ) ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള പുതിയ വൈറസുകളെ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്ക് 600 കോടി ഡോളര്‍ ( 40,000 കോടി രൂപ) ചെലവുവരും. ഇതൊരു ഭീമമായ തുകയായി തോന്നാം. ഇത് പക്ഷേ, ഒരു മഹാമാരി ഉണ്ടായാല്‍ അത് അമര്‍ച്ച ചെയ്യാന്‍ വേണ്ടിവരുന്ന പണത്തിന്റെ ചെറിയൊരു ഭാഗമേ ആകുന്നുള്ളൂ എന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.



നിഫ വൈറസ്
അമേരിക്കയിലെയും ബംഗ്ലാദേശിലെയും ഗവേഷകര്‍ ഉള്‍പ്പെട്ട സംഘമാണ് പഠനം നടത്തിയത്. പറക്കും കുറുക്കന്‍ ( flying fox ) എന്ന പേരുള്ള ഭീമന്‍ വവ്വാലുകളെയാണ് ഗവേഷകര്‍ പരിശോധിച്ചത്. മനുഷ്യരെ മാരകമായി ബാധിക്കുന്ന 'നിഫ വൈറസി' ( Nipah virus ) ന്റെ വാഹകര്‍ ഇത്തരം വവ്വാലുകളാണ്.

1897 വവ്വാല്‍ സാമ്പിളുകള്‍ ഗവേഷകര്‍ പരിശോധിച്ചു. നിഫ കൂടാതെ ഏതൊക്കെ വൈറസുകള്‍ ആ ജീവികളുടെ ശരീരത്തിലുണ്ടെന്ന് പരിശോധിക്കാന്‍ അത് അവസരമൊരുക്കി. 60 വ്യത്യസ്തയിനം വൈറസുകള്‍ വവ്വാലുകളുടെ ശരീരത്തിലുള്ളതായി കണ്ടു. അതില്‍ മിക്കതും ഇതുവരെ കണ്ടെത്താത്തവയാണ്.

ഈ കണക്ക് അറിയപ്പെടുന്ന മറ്റ് സസ്തനികളുടെ കാര്യത്തില്‍ വ്യാപിപ്പിച്ചപ്പോഴാണ്, 320,000 വൈറസുകള്‍ ഇനിയും കണ്ടുപിടിക്കാനുണ്ടെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്. ആ വൈറസുകളെ മുഴുവന്‍ തിരിച്ചറിയുകയെന്നത്, ഭാവിക്ക് ഏറെ ഗുണംചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു