ജാഫര്‍ എസ്. പുല്‍പള്ളി
സ്‌റ്റേറ്റ് കാപ്പിറ്റലിസം മുന്നോട്ടുള്ള ഒരു ചുവട് വെപ്പാണ് എന്നത് യഥാര്‍ഥ്യമാണ്. ചെറിയ ഒരു കാലയളവിനുള്ളില്‍ നമുക്ക് 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' നേടാന്‍ കഴിഞ്ഞാല്‍ അത് ഒരു വിജയമായിരിക്കും'-വി.ഐ.ലെനിന്‍(1918)
അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അഫ്ഘാന്‍ അധിനിവേശം ഉച്ചസ്ഥായിയില്‍ എത്തിനിന്ന 2007 ലാണ് ലോകത്തേറ്റവും വലിയ ചെമ്പ് നിക്ഷേപം ഉണ്ടെന്ന് വിശ്വസിക്കുന്ന അഫ്ഘാനിസ്താനിലെ 'അയ്‌നക്' എന്ന പ്രദേശത്ത് ഖനനത്തിനുള്ള ആഗോള ടെണ്ടര്‍ നടന്നത്. യു.എസ്സ്., യൂറോപ്യന്‍ സാമ്പത്തിക ശക്തികള്‍, കാനഡ എന്നിവര്‍ രംഗത്തുണ്ട്. ടെണ്ടര്‍ കിട്ടാന്‍ എല്ലാവരും കിണഞ്ഞു ശ്രമിക്കുമ്പോള്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നത് പോല ആ അമൂല്യ നിധി കിട്ടിയത് ചൈനയ്ക്കായിരുന്നു. അഫ്ഘാന്‍ യുദ്ധത്തിനായി പത്തു കാശ് മുടക്കാത്ത, ഒരു തുള്ളി ചോര പോലും ചിന്താത്ത ചൈനയുടെ 'ചൈന മെറ്റലര്‍ജിക്കല്‍ കോര്‍പ്പറേഷന്‍' എന്ന സര്‍ക്കാര്‍ കമ്പനി കൊണ്ടു പോയി ഖനി. യു.എസ്സ് ഭടന്‍ കാവല്‍ നില്‍ക്കുന്ന ഖനിയില്‍ ചൈന 'കാശിട്ട് കാശ് വാരാന്‍' തുടങ്ങി. അങ്ങനെ ചൈനയുടെ 'ചെമ്പ്' പുറത്തായി. ഇത് ഒരു ഉദാഹരണം മാത്രം. ഇതേ പോലെ ആഫ്രിക്കയിലും യൂറോപ്പിലും ചൈന കാല്‍ വെച്ചു കഴിഞ്ഞു.
'സ്‌റ്റേറ്റ് കാപ്പിറ്റലിസം'
19 ാം നൂറ്റാണ്ടില്‍ നാമിന്നുകാണുന്ന സ്വതന്ത്ര മുതലാളിത്തവും, ഉത്പാദനത്തെ സ്‌റ്റേറ്റ് തന്നെ നിയന്ത്രിക്കുന്ന കമ്യൂണിസ്റ്റ്/സോഷ്യലിസ്റ്റ് വ്യവസ്ഥയും രൂപം കൊള്ളുന്ന കാലത്ത് തന്നെയാണ് കമ്പോള മുതലാളിത്തത്തെ ഗവണ്മന്റ് ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന, മുതലാളിത്തത്തിന്റെ ഗുണഫലങ്ങള്‍
സാധാരണക്കാരിലെത്തിക്കാന്‍ സര്‍ക്കാര്‍ സേഫ്റ്റി നെറ്റ് സൃഷ്ടിക്കുന്ന വ്യവസ്ഥയും വിഭാവനം ചെയ്യപ്പെട്ടത്. 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' എന്ന് വിളിക്കപ്പെട്ട ഈ വ്യവസ്ഥയില്‍ ഭരണകൂടം തന്നെയാണ് ലാഭാധിഷ്ഠിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉത്പാദനരൂപത്തിലും സേവനത്തിലും നടത്തുക. ഈ വ്യവസ്ഥയില്‍ ഉത്പാദന ശക്തികളെ തികഞ്ഞ മുതലാളിത്ത രൂപത്തിലും രീതിയിലും ആയിരിക്കും ഭരണകൂടം നിയന്ത്രിക്കുക, അത് നാമമാത്രമായ ഒരു സോഷ്യലിസ്റ്റ് ഭരണകൂടമാണെങ്കില്‍ പോലും. പൂര്‍ണമായല്ലെങ്കിലും ഈസ്റ്റിന്ത്യാ കമ്പനിയുടെ രൂപത്തിലും പ്രവര്‍ത്തനത്തിലും ഈ ആശയത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. ജപ്പാനും തെക്കന്‍ കൊറിയയും അവരുടെ വികസനത്തിന്റെ ആദ്യനാളുകളില്‍ ഭരണകൂടം നിയന്ത്രിക്കുന്ന മുതലാളിത്തത്തിന്റെ പ്രയോക്താക്കളായിരുന്നു.
മുതലാളിത്തം: ഒടുക്കത്തിന്റെ തുടക്കം?
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യനാളുകള്‍ തൊട്ട് 1970കള്‍ വരെ പാശ്ചാത്യ സാമ്പത്തിക വിചാരധാരയില്‍ ഈ ആശയത്തിനു പ്രാധാന്യം ഉണ്ടായിരുന്നു. 1970 കളുടെ ഒടുക്കം മുതല്‍ മാര്‍ഗരറ്റ് താച്ചര്‍ ഇംഗ്ലണ്ടിലും എണ്‍പതുകളില്‍ റോണാള്‍ഡ് റീഗന്‍ അമേരിക്കയിലും സര്‍വതന്ത്ര സ്വതന്ത്രമായ, ഭരണകൂടത്തിന്റെ നിയന്ത്രണം ഏറ്റവും കുറവായ, 'ലൈസെ ഫെയര്‍' ആശയത്തില്‍ അധിഷ്ഠിതമായ കമ്പോള മുതലാളിത്തത്തിന് തുടക്കം കുറിച്ചതോടെ ചിത്രം മാറിമറിഞ്ഞു. പിന്നെ സ്വതന്ത്ര കമ്പോള മുതലാളിത്തത്തിന്റെ സുവര്‍ണകാലമായി. ഗാട്ട് കരാറും ലോകവ്യാപാരസംഘടനയുടെ രൂപീകരണവും അതിന്റെ വളര്‍ച്ചയ്ക്ക് വേഗം നല്‍കി. മുതലാളിത്ത ലോകത്തിന് ഏക ബദല്‍ എന്ന പ്രതീകമായിരുന്ന സോവിയറ്റ് യൂണിയന്റെയും പൂര്‍വ യൂറോപ്യന്‍ കമ്യൂണിസ്റ്റ് ബ്ലോക്കിന്റെയും തകര്‍ച്ച മുതലാളിത്ത ക്യാമ്പില്‍ സന്തുഷ്ടി വിളമ്പി.
തൊട്ടു മുമ്പത്തെ 30 വര്‍ഷമായി സ്‌റ്റേറ്റും വിപണിയും തമ്മില്‍ നടന്ന മത്സരം ഒടുങ്ങി, സ്‌റ്റേറ്റ് വിപണിക്ക് കീഴടങ്ങി. സ്‌റ്റേറ്റിന്റെ നിയന്ത്രണമില്ലായ്മയും സ്വതന്ത്രവ്യാപാരവും മൂലധനത്തിന്റെ സ്വച്ഛന്ദമായ ഒഴുക്കും 'ആഗോളവത്കരണ'ത്തിനു വഴി തെളിച്ചു. എല്ലാം അങ്ങനെ സുന്ദരമായി
കടന്നു പോകെ ആദ്യ പൊട്ടിത്തെറി 2008 ല്‍ അമേരിക്കയില്‍ ആരംഭിച്ചു.റിയല്‍ എസ്‌റ്റേറ്റ് / ഹൗസിംഗ് മേഖലയില്‍ ആരംഭിച്ച ഇടിവ് 'ലിമാന്‍ ബ്രദേര്‍സ്' പോലുള്ള വമ്പന്‍ ബാങ്കുകളുടെ തകര്‍ച്ചയിലേക്കു വഴിമാറി. മറ്റ് യൂറോപ്യന്‍ മുതലാളിത്ത രാജ്യങ്ങളിലും പ്രതിസന്ധി പടര്‍ന്നു. അങ്ങനെ അജയ്യമായ മുതലാളിത്തം തോല്‍ക്കുമോ എന്ന ഭീതി പടര്‍ന്നു ലോകമെമ്പാടും. തൊഴിലില്ലായ്മ, ശമ്പളം വെട്ടിക്കുറയ്ക്കല്‍, ഭവന രഹിതര്‍...ഇവ എങ്ങും നിറഞ്ഞു. മുതലാളിത്തം അതിന്റെ ചരിത്രത്തിലെ വലിയ പരീക്ഷണത്തില്‍, പ്രതിസന്ധിയില്‍ പെട്ടുലഞ്ഞു.
ചൈനീസ് പൂച്ചയുടെ വരവ്
തകര്‍ന്നടിഞ്ഞ മുതലാളിത്ത ലോകം അമ്പരപ്പോടെ നോക്കിക്കണ്ട ഒരു പ്രതിഭാസത്തിന്റെ പൂര്‍ണ രൂപം ദ്യശ്യമാവുകയായിരുന്നു പിന്നെ. കമ്യൂണിസത്തിന്റെ ചൈനീസ് മാത്യക മുതലാളിത്തത്തിന്റെ ചൈനീസ് മാത്യകയായ പരിണാമമാണ് സമകാലിക സാമ്പത്തിക, രാഷ്ട്രീയ ചര്‍ച്ചകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. 80 കളില്‍ തങ്ങളുടെ നയങ്ങളില്‍ കാതലായ മാറ്റം വരുത്തി, നിറമേതായാലും എലിയെപ്പിടിക്കുന്ന ആ ചൈനീസ് പൂച്ച. 90 കളില്‍ എല്ലാ അര്‍ഥത്തിലും ആധുനിക മുതലാളിത്തത്തിന്റെ ആടയാഭരണങ്ങള്‍ അണിഞ്ഞ ചൈന 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' എന്ന വ്യവസ്ഥയ്ക്ക് സ്വന്തം വ്യാഖ്യാനം ചമയ്ക്കുകയായിരുന്നു. അതിന്റെ മകുടോദാഹരണമാണ് അഫ്ഘാനിലെ ചെമ്പ് ഖനി. 'ദ എന്‍ഡ് ഓഫ് ദ ഫ്രീ മാര്‍ക്കറ്റ് : ഹു വിന്‍സ് ദ വാര്‍ ബിറ്റ്വീന്‍ സ്‌റ്റേറ്റ്‌സ് ആന്റ് കോര്‍പ്പറേഷന്‍സ്' എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഇയാന്‍ ബ്രെമ്മെര്‍ പറയുന്നു: സ്വതന്ത്ര കമ്പോള ഘടനയ്ക്കുള്ള വെല്ലുവിളിയെന്ന നിലയില്‍ സ്‌റ്റേറ്റ് കാപ്പിറ്റലിസത്തെ
ഉയര്‍ത്തിക്കൊണ്ട് വന്നത് ചൈനയാണ്, പ്രത്യേകിച്ച് മുതലാളിത്തത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍.
'ഒരായിരം മൊബൈലുകള്‍ വിരിയട്ടെ'
തങ്ങളുടെ മൊബൈല്‍ സെറ്റുകളെപ്പോലെ സര്‍വവ്യാപിയാണ് ചൈന ലോക സാമ്പത്തിക രംഗത്തിന്ന്. പുതിയ പ്രതിസന്ധിയില്‍ യൂറോപ്പിനും പണം കടം നല്‍കുന്നു അവര്‍. ചൈനീസ് കമ്പനികള്‍ വിദേശകമ്പനികളെ ഏറ്റെടുക്കുന്നത് ഇന്ന് വാര്‍ത്തയേ അല്ല. ചൈനയുടെ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കമ്പനികള്‍ ലോകമെമ്പാടും കരാറുകള്‍ നേടുന്നു.'നൂറ് പൂക്കള്‍ വിടരട്ടെ' എന്നത് 'ഒരായിരം മൊബൈലുകള്‍ വിരിയട്ടെ' എന്നായി മാറുന്നു. ഒട്ടേറെ പണക്കാരുള്ള ഒരു പാവപ്പെട്ട രാജ്യമോ അതോ കുറേ പാവങ്ങളുള്ള സമ്പന്ന രാജ്യമോ ചൈന?
പുത്തന്‍ മുതലാളിത്തത്തിന്റെ ഘടനയും പ്രവര്‍ത്തനവും
സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തിലുള്ള ദേശീയ ബഹുരാഷ്ട്ര കമ്പനികള്‍ വഴിയാണ് ഈ പുത്തന്‍ മുതലാളിത്തം ചൈന പരീക്ഷിക്കുന്നത്. സ്വകാര്യ കുത്തക കമ്പനികളെപ്പോലെയാണ് അവ പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് പകരം ബിസിനസ് എക്‌സിക്യൂട്ടിവുകളാണവയെ ഭരിക്കുക. ഗവണ്മന്റ് പിന്തുണ ഇവയ്ക്ക് സ്ഥിരതയും വളര്‍ച്ചയും നല്‍കുന്നു. 'സ്വകാര്യമേഖല പിന്‍വാങ്ങുമ്പോള്‍ സ്‌റ്റേറ്്് മുന്നേറുന്നു' എന്നതാണ് 'സ്‌റ്റേറ്റ് കാപ്പിറ്റലിസ'ത്തിന്റെ ചൈനീസ് വ്യാഖ്യാനം. അമ്പതുകളില്‍ ജപ്പാനിലും അതിനു മുന്‍പ് യൂറോപ്പിലും ഉപയോഗിച്ചതിനേക്കാള്‍ മികച്ച ആയുധങ്ങളു മായാണ് 'സ്‌റ്റേറ്റ് കാപ്പിറ്റലിസം ഇന്ന് പ്രവര്‍ത്തിക്കുന്നത്.
സ്വകാര്യകമ്പനികളെ പോലെ ഇവയും സ്‌റ്റോക്ക് മാര്‍ക്കറ്റുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നു. ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡര്‍ സര്‍ക്കാര്‍ തന്നെയായിരിക്കും. വിപണിയെ രൂപപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതും ഭരണകൂടം തന്നെ. ലോകത്തിലെ ഏറ്റവും വലിയ 13 എണ്ണക്കമ്പനികള്‍ അവരാണ്. മൊത്തം എണ്ണയുടെ ഭൂരിഭാഗവും കയ്യാളുന്നത് പൂര്‍ണ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അവര്‍ തന്നെ. 'ചൈന മൊബൈല്‍ ' എന്ന സര്‍ക്കാര്‍ ഗോലിയാത്തിനു 600 മില്യണ്‍ ഉപഭോക്താക്കളുണ്ട്. ആഫ്രിക്കയിലെ കണ്‍സ്ട്രക്ഷന്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ മേഖലയില്‍ ചൈന ശതകോടികളാണ് ഇറക്കിയിരിക്കുന്നത്.
ഒരു ജനകീയപ്രതിഷേധവ ും ഭയക്കാതെ ലക്ഷക്കണക്കിനു ജനങ്ങളെ
കുടിയിറക്കി പ്രക്യതിവിഭവങ്ങളെ ചൂഷണം ചെയ്യുന്ന വന്‍കിട പദ്ധതികള്‍ തുടങ്ങാന്‍ അവര്‍ക്ക് കഴിയും, ചുരുക്കത്തില്‍, ജനാധിപത്യം നിലനില്‍ക്കുന്ന അമേരിക്കയെക്കാളും മുതലാളിത്ത വ്യവസ്ഥ നടപ്പിലാക്ക 'കമ്യൂണിസ്റ്റ്' ചൈനയിലാണ് എന്ന് വരുന്നു. 'സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ചൈനയെ സഹായിച്ചത് സങ്കീര്‍ണവും ബ്യഹത്തായതുമായ തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കാനുള്ള അതിന്റെ സര്‍വാധിപത്യ ഭരണകൂടത്തിന്റെ കഴിവാണ്. ചൈനയുടെ 'വിജയയത്തെ കുറിച്ച് ഫ്രാന്‍സിസ് ഫുകുയാമ പറയുന്നു.
ഇന്ന് 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' ലോകത്തിലെ ഏറ്റവും വിജയം കൈവരിച്ച വലിയ സമ്പദ്ഘടനയ്ക്കാണ് ഇഴ പാകിയിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തെ ചൈനയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 9.5 ശതമാനമാണ്. അഃിന്റെ അന്താരാഷ്ട്ര വ്യാപാരം 18 % വര്‍ദ്ധനയും രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥ എന്ന ജപ്പാന്റെ സ്ഥാനം ചൈന കൈയ്യടക്കി. ഓഹരി വിപണിയില്‍ 80 ശതമാനവും സര്‍ക്കാര്‍ കമ്പനികളുടെ ഓഹരികളാണ്. ബ്രസീലില്‍ ഇത് 38-ഉം റഷ്യയില്‍ 62-ഉം ശതമാനം മാത്രം. ചൈനയെ പോലെ 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' നിലവിലുള്ളത് ബ്രസീലിലും റഷ്യയിലും ആണെന്ന് ഓര്‍ക്കുക.
റഷ്യയും ബ്രസീലും പുറകെയുണ്ട്
റഷ്യയും ബ്രസീലും ഊര്‍ജ, പ്രക്യതിവിഭവ, അടിസ്ഥാനസൗകര്യ മേഖലകളില്‍ രാജ്യത്തിനകത്തും പുറത്തും വന്‍ തോതില്‍ പണം നിക്ഷേപിക്കാന്‍ തങ്ങളുടെ സര്‍ക്കാര്‍ കമ്പനികളെ പ്രാപ്തമാക്കാനായി അവയെ ഘടനാപരമായി മാറ്റി. റഷ്യയില്‍ ബോറീസ് യെല്‍സ്തിന്‍ തുടങ്ങി വെച്ചത് പുട്ടിന്‍ ത്വരിതഗതിയില്‍ തുടരുന്നു. പുട്ടിന്റെയും മുന്‍ കെ.ജി.ബി സഖാക്കളുടെയും റഷ്യയും ചൈനയെ പോലെ ഏകാധിപത്യത്തില്‍ അമരുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയ സാഹചര്യത്തില്‍ പുതിയ ഒരു ചോദ്യം പ്രസക്തമായി വരുന്നു .മുന്‍പ് നാം പഠിച്ചു വെച്ചതില്‍ നിന്ന് വിഭിന്നമായി മുതലാളിത്തത്തിന്റെ വളര്‍ച്ചയ്ക്ക്, അതിന്റെ നിലനില്‍പ്പിനു ജനാധിപത്യത്തേക്കാള്‍ മികച്ച ഭരണസംവിധാനം ഏകാധിപത്യം തന്നെയാണോ എന്ന ചോദ്യം.
വിമര്‍ശനങ്ങള്‍
ആരാണ 'സ്‌റ്റേറ്റ് കാപ്പിറ്റലിസ'ത്തിന്റെ ഏറ്റവും വലിയ ശത്രുക്കള്‍? സ്വാഭാവികമായും തങ്ങള്‍ക്ക് കിട്ടേണ്ടത് കൊത്തിക്കൊണ്ട് പോകുന്നത് കണ്ടുനില്‍ക്കേണ്ടി വരുന്ന സ്വതന്ത്ര കമ്പോള വ്യവസ്ഥ തന്നെയാണ് സര്‍ക്കാര്‍ മുതലാളിത്തത്തിന്റെ മുഖ്യവിമര്‍ശകര്‍. സര്‍ക്കാരുകളുടെ പൂര്‍ണ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി മത്സരിക്കാന്‍ ഇന്ന് ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്കാവുന്നില്ല. പലരും വലിയ നഷ്ടം പേറുന്നു, ഈ പ്രതിസന്ധി ഘട്ടത്തില്‍. സാമ്പത്തികപ്രതിസന്ധിയുടെ ഘട്ടത്തില്‍ പെട്ടുഴലുന്ന രാജ്യങ്ങള്‍ക്ക് രാഷ്ട്രത്തിന്റെ സമ്പൂര്‍ണ പിന്തുണയുമായി വരുന്ന ചൈനീസ് കമ്പനികളോട് മത്സരിക്കാന്‍ കഴിയുന്നില്ല എന്ന് ചുരുക്കം. ഇത് ആത്യന്തികമായി കമ്പോളമുതലാളിത്ത വ്യവസ്ഥയ്ക്ക് തന്നെയാണ് ദോഷം ചെയ്യുക എന്നതാണ് വിമര്‍ശനത്തിന്റെ സാരാംശം. വിപണി പരിഷ്‌കാരം, സ്‌റ്റേറ്റിന്റെ നിയന്ത്രണം നീക്കം ചെയ്യല്‍, നിക്ഷേപസൗഹ്യദ അന്തരീക്ഷം നിലനിര്‍ത്തല്‍ എന്നിവയാണ് മറിച്ച് 'സ്‌റ്റേറ്റ് കാപ്പിറ്റലിസ'മല്ല ഇന്ന് മുതലാളിത്തം എത്തിച്ചേര്‍ന്നിരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം എന്നാണ് അവരുടെ വാദം.
ഇത്തരത്തില്‍ 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' തങ്ങളുടെ രാജ്യത്തില്‍
പ്രയോഗിക്കുന്നതിനുള്ള ചൈനയുടെ ആത്യന്തിക ലക്ഷ്യം സാമ്പത്തികപരമല്ല
രാഷ്ട്രീയപരം ആണെന്ന് ഇയാന്‍ ബ്രെമ്മെര്‍ പറയുന്നു. ഭരണകൂടത്തിന്റെ അധികാരവും നേത്യത്വത്തിന്റെ നിലനില്പ്പിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുക എന്ന രാഷ്ട്രീയലക്ഷ്യം. ഭരണകൂടം ഒരു പ്രധാന സാമ്പത്തിക നിയന്ത്രിതാവ് ആകുന്നതും രാഷ്ട്രീയ ലക്ഷ്യത്തിനായി വിപണിയെ ഉപയോഗിക്കുകയും ചെയ്യുന്ന തരത്തിലുള്ള മുതലാളിത്തം ആണ് ചൈനയുടേതെന്ന് അദ്ദേഹം വിലയിരുത്തുന്നു.
ഒടുങ്ങാത്ത ചരിത്രം
'ജനാധിപത്യ മുതലാളിത്ത'ത്തിന്റെ വിജയത്തോടെ ചരിത്രം അവസാനിച്ചു എന്നാണ്
പ്രസിദ്ധ ചരിത്രകാരന്‍ ഫ്രാന്‍സിസ് ഫുക്കുയാമ പറഞ്ഞത്.അത് തെറ്റാണെന്നും
കമ്യൂണിസമാണ് മനുഷ്യസമൂഹത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും അതിലെത്താതെ ചരിത്രം ഒടുങ്ങില്ലെന്നും മാര്‍ക്‌സിസ്റ്റുകള്‍. ഇന്ന് കമ്യൂണിസത്തിന്റെ പേരില്‍ ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും വലിയ അധികാരഘടന പറയുന്നു , മുതലാളിത്തത്തിനും സ്‌റ്റേറ്റിനും കൈകോര്‍ക്കാനും ഭരണകൂടത്തിനു മുതലാളിത്തത്തെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ വെക്കാനും കഴിയും എന്ന്.