Thursday, 10 May 2012

കിഷന്‍ജി ചുവന്ന ഇന്ത്യ സ്വപ്നം കണ്ട പോരാളി



ചുവന്നഇന്ത്യയെ സ്വപ്നം കണ്ട ആന്ധ്രക്കാരനായിരുന്നു കിഷന്‍ജി. അടിയന്തരാവസ്ഥകാലത്ത് ഒളിവില്‍പോവേണ്ടിവന്നപ്പോഴാണ് കിഷന്‍ജി മാവോവാദി നേതാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നത്. 1980-ല്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് സ്ഥാപിക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച അദ്ദേഹം ആന്ധ്രയിലെ തെലങ്കാന, ദണ്ഡകാരണ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനായി. തൊണ്ണൂറുകളില്‍ ബിഹാറിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റി. ശക്തമായ വിയോജിപ്പുകള്‍ക്കിടയിലും പീപ്പിള്‍സ് വാര്‍ഗ്രൂപ്പിനെയും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യയെയും ലയിപ്പിച്ച് 2004-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സ്ഥാപിക്കുന്നതില്‍ വലിയ പങ്കാണ് കിഷന്‍ജിക്കുണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് പശ്ചിമബംഗാളിലെ ആദിവാസിമേഖലയിലേക്ക് പ്രവര്‍ത്തനം പറിച്ചുനട്ട കിഷന്‍ജി തന്റെ തീവ്രമുഖവും അധികാരാഭിമുഖ്യവും പ്രകടമാക്കാന്‍ തുടങ്ങി. തനിക്കിഷ്ടമില്ലാത്തവരെ സംഘടനയില്‍നിന്ന് പുറത്താക്കിയും ഒതുക്കിയും വിപ്ലവസംഘടനയെ സ്വന്തം വരുതിയിലാക്കിയെന്ന് ആരോപണമുയര്‍ന്നു. എങ്കിലും സൈന്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നേരെയുണ്ടായ രക്തരൂഷിത ആക്രമണങ്ങളില്‍ ഓരോ തവണ രാജ്യം ഞെട്ടുമ്പോഴും ലോകം കിഷന്‍ജിയുടെ വാക്കുകള്‍ക്കാണ് കാതോര്‍ത്തത്.

എന്തൊക്കെ വിമര്‍ശനമുണ്ടായാലും ഗണപതിക്കുപിന്നില്‍ സംഘടനയിലെ രണ്ടാമനായി, അനിഷേധ്യനേതാവായി മാറിയിരുന്നു കിഷന്‍ജി. 2010-ല്‍ 24 സൈനികര്‍ വധിക്കപ്പെട്ട ബംഗാളിലെ സില്‍ദക്യാമ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം കിഷന്‍ജി ഏറ്റെടുത്തു. ഇത് തങ്ങളുടെ സമാധാനവേട്ടയെന്ന് വിശേഷിപ്പിച്ച് മാവോവാദികള്‍ക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഹരിതവേട്ട' യെ വെല്ലുവിളിച്ചു. ഭീകരവാദികളേക്കാള്‍ അപകടകാരികളെന്ന് വിളിച്ച് സര്‍ക്കാര്‍ ആക്രമണം ശക്തമാക്കിയപ്പോഴും കിഷന്‍ജി പലകേന്ദ്രങ്ങളില്‍ നിന്നായി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. സൈന്യത്തിനും അധികൃതര്‍ക്കുമെതിരെ കുഴിബോംബ് പാകിയും ഒളിയാക്രമണം നടത്തിയും ഭീതി പരത്തിയ സംഘടനയുടെ യുദ്ധതന്ത്രം ആക്രമിച്ച് പിന്‍മാറുകയെന്നതായിരുന്നു. ആധുനിക ആയുധങ്ങളും പ്രയോഗത്തില്‍ വരുത്തിയതില്‍ മുമ്പിലാണ് ഇവര്‍. 22000-ത്തോളം പോരാളികളാണ് ഈ സൈനികത്തലവനുകീഴില്‍ ചുവന്ന പ്രഭാതം സ്വപ്നം കണ്ട് ജീവിതം നല്‍കി നിലയുറപ്പിച്ചിരിക്കുന്നത്.

സമാധാന ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ച് പ്രസ്താവന അടിക്കടിയിറക്കാറുണ്ടെങ്കിലും ആയുധം താഴെവെക്കില്ലെന്ന കിഷന്‍ജിയുടെ കര്‍ക്കശനിലപാട് ഇതിന് വിഘാതമായി. ബംഗാളിലെ ലാല്‍ഗഢ് പ്രവര്‍ത്തനകേന്ദ്രമാക്കി ചുരുക്കിയെങ്കിലും മാവോവാദികളുടെ ദേശീയ മുഖമായി നിലയുറപ്പിച്ചു.

കഴിഞ്ഞവര്‍ഷം ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും പരിക്കേറ്റെന്നുമുള്ള വാര്‍ത്ത പരന്നതിനു പിന്നാലെ കിഷന്‍ജി മുന്നേറ്റ നിരയില്‍ നിന്ന് അപ്രത്യക്ഷനായി. ഈ പിന്‍വാങ്ങല്‍പോലും മാവോവാദി സംഘടനയുടെ ഭാവി നിലനില്‍പ്പിനെച്ചൊല്ലി സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അത്രമേല്‍ അഭേദ്യമായിരുന്നു കിഷന്‍ജിയും സംഘടനയും തമ്മിലുള്ള ബന്ധം. കിഷന്‍ജിയുടെ അന്ത്യം പ്രസ്ഥാനത്തിന് കനത്ത തിരിച്ചടിയാവുമെന്ന് ഉറപ്പ്.
ആര്‍ക്കും മാപ്പുനല്‍കാന്‍ തയ്യാറുള്ള മൃദുല ഹൃദയനായാണ് കിഷന്‍ജി സ്വയം വിശേഷിപ്പിക്കാറ്.തന്നെ വധിക്കുക അത്ര എളുപ്പമല്ലെന്ന് എപ്പോഴും വീരവാദം മുഴക്കാറുണ്ട് കിഷന്‍ജി. തന്റെ മുഖം പരസ്യപ്പെടുത്താതെയുള്ള മൂന്ന് പതിറ്റാണ്ട് നീണ്ട ഒളിവുജീവിതവും കടുത്ത മാവോപ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച് ജീവന്‍ പണയം വെച്ച് സുരക്ഷാകവചമൊരുക്കിയ സഖാക്കളുമാവാം ഈ അവകാശവാദത്തിനുപിന്നിലുണ്ടായിരുന്നത്. എന്നാല്‍, ലോകം കണ്ട പല സായുധവിപ്ലവകാരികളെയുംപോലെ മുന്നില്‍നിന്ന് വെടിയേറ്റ് വീഴാന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെയും വിധി.

No comments:

Post a Comment