Wednesday, 12 December 2012

പിണറായി വിജയന്‍ പുട്ട് തിന്നുന്നു .

ഇന്നത്തെ ചോദ്യം ഇതാണ് ,

"സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന ,വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ഇന്ത്യയില്‍ ,ഒരു തൊഴിലാളി പാര്‍ടിയുടെ നേതാവ് വരേണ്യ വര്‍ഗ്ഗത്തിന്റെ ആഹാരമായ പുട്ട് തിന്നുന്നത് ശരിയാണോ?""


ട്വിട്ടെരിലും ,ഫേസ് ബൂകിലും നിങ്ങളുടെ അഭിപ്രായം രേഖപെടുതാം .
കൂടാതെ ഞങ്ങളുടെ നമ്പറില്‍ നേരിട്ട് വിളിച്ചും അഭിപ്രായം അറിയിക്കാവുന്നതാണ് ..

ഈ വിഷയത്തില്‍ പ്രതികരിക്കുവാന്‍ നമ്മോടൊപ്പം അഡ്വക്കേറ്റു:ശശി ശങ്കര്‍ ,തിരുവനതപുരം സ്റ്റുഡിയോ യിലും,സുമേഷ്‌ ബാബു കണ്ണൂര്‍ സ്റ്റുഡിയോ യിലും ,ശരി ഹരന്‍ കൊച്ചിന്‍ സ്റ്റുഡിയോ യിലും ചേരുന്നു ..

ആദ്യം അഡ്വക്കേറ്റു:ശശി ശങ്കര്‍:,താങ്കള്‍ ഇതിനെ എങ്ങനെ നോക്കി കാണുന്നു ..
ഒരു ചെത്ത്‌ കാരന്റെ മകനും സര്‍വോപരി ഈഴവനും ,കണ്ണൂര്‍ ഭാഗങ്ങളില്‍ തീയ്യാന്‍ എന്നും പറയും, ആയ പിണറായി "മുതലാളി " നായന്മാരും നമ്പൂതിരിമാരും കഴിക്കുന്ന പുട്ട് കഴിക്കുന്നു എന്ന് ഉള്ളത് തന്നെ എന്നെ വല്ലാതെ ചിന്തിപികുന്ന ഒന്നാണ് ..പിണറായി പണ്ടും ഇങ്ങനെ ആണ് , ഇതിലൊന്നും ഒരു പുതുമയും എനിക്ക് തോന്നുന്നില്ല ..

ഓക്കേ മടങ്ങി വരാം തന്കളിലെയ്ക്ക് ,ശ്രീ സുമേഷ്‌ ബാബു ,തന്റെ നില മറന്നു പുട്ട് പോലെ ഉള്ള വരേണ്യ വര്‍ഗ ഭക്ഷണം കഴിക്കുന്ന പിണറായി കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളില്‍ നിന്നും വ്യതിചലിച്ചു എന്ന് സാധാരണ ജനങള്‍ക്ക് തോന്നിയാല്‍ തെറ്റ് പറയുവാന്‍ കഴിയുമോ.?

ഞങ്ങള്‍ വളരെ നാളുകളായി പറയുന്ന ഒരു കാര്യം ആണിത് ......വലതു വല്കരണവും .വലതു വ്യതിയാനവും കൂടുന്നതിന്റെ ഭലം ആയുള്ള ഈ മാറ്റങ്ങള്‍ "യദാര്‍ത്ഥ " കമ്മ്യൂണിസ്റ്റ്‌ കാര്‍ക്ക് ചേര്‍ന്നതല്ല ..വി എസ് എടുത്തു വരുന്ന പല നിലപാടുകള്‍ക്കും എതിരാണ് ഈ പുട്ട് തീറ്റി ...പാലക്കാടു സമ്മേളനത്തില്‍ പ്രഭാത ഭക്ഷണമായി പുട്ട് എര്പെടുതിയത്നു എതിരെ ഞാന്‍ ഉള്‍പ്പടെ ഉള്ളവര്‍ ഒരു പ്രമേയം കൊണ്ട് വന്നിരുന്നു..എന്നാല്‍ ഇതിനെ അടിച്ചമാര്തുകയാണ് ചെയ്തത് ...
ഓക്കേ ,ശരി ഹരന്‍ ,താങ്കള്‍ ഉള്‍പടെ ഉള്ളവര്‍ സി പി എം ഇല നിന്നും വിട്ടു പോന്നു കെ എം പി രൂപീകരിച്ചതിനു പിന്നില്‍ ഉള്ള കാരണങ്ങള്‍ ഈ വലതു വ്യതിയാനവും ബൂര്‍ഷ്വാ ജീവിതവും അല്ലെ ..

തീര്‍ച്ചയായും മനീഷ്‌ ,പിണറായിയുടെ വീട് കാണാന്‍ പോയ രണ്ടു സഖാക്കള്‍ കണ്ട കാഴ്ച ആണ് ഒരു കാരണം ...ഗേറ്റ് വഴി ഉളിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് അകത്തു ഒരു സപ്രമാന്ച്ചതില്‍ ഇരുന്നു പിണറായി പുട്ടും പഴവും കഴിക്കുന്നു ..തിരിച്ചു വന്ന സഖാക്കള്‍ അത് സി പി യോട് പറയുകയും ചെയ്തു ...ഇതൊക്കെ ആണ് കെ എം പി രൂപീകരിക്കുവാന്‍ ഉണ്ടായ മൂല കാരണം ..പിന്നേ വലതു വ്യതിയാനത്തിന്റെ ....

ക്ഷമിക്കണം ശരി ഹരന്‍ ,സമയകുരവ് മൂലം ഞാന്‍ ഇടപെടുന്നു,,
,
ചര്‍ച്ചയില്‍ പങ്കെടുത്തതിന് നന്ദി

Thursday, 6 December 2012

ഗുജറാത്ത് വികസനത്തിന് പിന്നിലെ കള്ളക്കണക്കുകള്‍



ഗുജറാത്തിലെ വികസനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട അതുല്‍ സൂദ് ദി ഹിന്ദുവില്‍ എഴുതിയ ലേഖനം. ഗുജറാത്തിലെ ആഘോഷിക്കപ്പെടുന്ന വികസനത്തിന് പിന്നിലെ പൊള്ളത്തരം വെളിപ്പെടുത്തുകയാണ് ജെഎന്‍യുവില്‍ അദ്ധ്യാപകനായ ലേഖകന്‍. ഗുജറാത്ത് കൂട്ടക്കൊല ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങുന്നവരെയെല്ലാം വിലക്കുന്ന ഒരു കാര്യമാണ് ഗുജറാത്തിലെ വികസനം. എന്നാല്‍ വികസനം കള്ളത്തരമാണെന്ന് വാദിക്കുകയാണ് ഗുജറാത്തിലെ വികസനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട പത്തംഗ കമ്മറ്റിയുടെ അംഗം അതുല്‍ സൂദ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ കണക്കെടുത്താല്‍ മൊത്ത ആഭ്യന്തര ഉത്പാദനം കുത്തനെ കൂടിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്തിലെ വികസനത്തെക്കുറിച്ച് വാചലരാകുന്നത്.

എന്നാല്‍ അതിനമപ്പുറമാണ് യഥാര്‍ത്ഥ പ്രശ്നങ്ങളെന്നാണ് അതുല്‍ സൂദ് പറയുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ വളര്‍ച്ചയുടെ ഒരംശംപോലും വിഭ്യാഭ്യാസ മേഖലയിലോ തൊഴില്‍ മേഖലയിലോ കാണുന്നില്ല. ശമ്പളത്തിന്റെ കാര്യത്തിലും ഗുജറാത്തിലെ തൊഴില്‍ മേഖലകള്‍ മോശം സ്ഥിതിയിലാണെന്ന് പഠനം തെളിയിക്കുന്നു. ഗുജറാത്തില്‍ നടപ്പിലാക്കിയ വികസനത്തിന്റെ പേരിലാണ് മോഡിയെ എല്ലാവരും പാടി പുകഴ്ത്തുന്നത്. സാമൂഹിക സുരക്ഷ, ഭക്ഷ്യ സാധനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, നീതി, സമാധാനം എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഗുജറാത്തില്‍ പാലിക്കപ്പെടുന്നില്ലെന്ന് പത്തംഗ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ഇതെല്ലാം മാറ്റിവെച്ചിട്ടാണ് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ പിന്നാലെ മോഡിയും കുട്ടരും പായുന്നത്. ജി.ഡി.പിയുടെ കാര്യമെടുത്താല്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാളും ഉയരെയാണ് ഗുജറാത്തിന്റെ സ്ഥാനം. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയില്‍ മറ്റേത് സംസ്ഥാനം കൈവരിച്ചതിനെക്കാളും വലിയ നേട്ടങ്ങളാണ് ഗുജറാത്ത് ഇക്കാര്യത്തില്‍ നേടിയത്.

മഹാരാഷ്ട്ര, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ജി.ഡി.പിയും ഇതിന് സമാനമായിട്ട് ഉയരുന്നുണ്ടെങ്കിലും കാര്‍ഷിക മേഖലയില്‍ ഗുജറാത്തിന് കൈവരിച്ച നേട്ടം സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല.

ഗുജറാത്തിന്റെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ ദുരന്തം നേരിടുന്നത് തൊഴില്‍ മേഖലയാണ്. 1993-94 മുതല്‍ 2004-05 കാലഘട്ടം വരെയുള്ള തൊഴില്‍നിരക്കില്‍ 2.69 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ അത് 2004-05 മുതല്‍ 2009-10 കാലമെത്തിയപ്പോള്‍ പൂജ്യം ശതമാനമായി കുറഞ്ഞിട്ടുണ്ട്. പതിനേഴ് വര്‍ഷത്തെ (1993- 2010) തൊഴില്‍നിരക്ക് നോക്കുമ്പോള്‍ ഗ്രാമീണ ഇന്ത്യയിലെ തൊഴില്‍ നിരക്കിന് സമാനമാണ് ഗുജറാത്തിലെ ഗ്രാമങ്ങളിലെ തൊഴില്‍നിരക്കും. നഗരത്തിലെ തൊഴില്‍നിരക്കും ഇന്ത്യയിലെ നഗരങ്ങളിലെ തൊഴില്‍ നിരക്കിന് സമാനമാണ്. കൃഷിഭൂമി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്കരിച്ചതുമൂലം അത് വില്‍ക്കാന്‍ സാധിക്കില്ല. ഇതാണ് കൃഷി വര്‍ദ്ധിക്കുന്നതിന് കാരണമായത്. നിയമങ്ങള്‍ മാറ്റി കൃഷിഭൂമി വില്‍ക്കുന്നത് തടഞ്ഞതിനോടൊപ്പം ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില കിട്ടാന്‍ തുടങ്ങിയതും കൃഷി വര്‍ദ്ധിക്കാന്‍ കാരണമായി.

സേവന മേഖലയിലാണ് പ്രധാനമായും തൊഴില്‍ നിരക്ക് വര്‍ദ്ധിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടങ്ങളിലെല്ലാംതന്നെ കുറഞ്ഞ ശമ്പളനിരക്കാണുള്ളത്. ശമ്പളവര്‍ദ്ധനവിന്റെ കാര്യമെടുത്താല്‍ 2000 മുതല്‍ 1.5 ശതമാനം മാത്രമാണ് ശമ്പള വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. ബാക്കിയുള്ള എല്ലായിടത്തും 3.7 ശമതാനം വര്‍ദ്ധനവ് രേഖപ്പെടുത്തുമ്പോഴാണ് ഗുജറാത്തില്‍ ഇത്രയും കുറഞ്ഞ ശമ്പളനിരക്ക് രേഖപ്പെടുത്തുന്നത്. കരാര്‍ തൊഴിലാളികളെ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതാണ് മറ്റൊരു പ്രശ്നം. 2001 മുതല്‍ 2008 വരെയുള്ള കണക്ക് നോക്കിയാല്‍ കരാര്‍ വ്യവസ്ഥയില്‍ ഉപയോഗിക്കുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ 19 ശതമാനം മുതല്‍ 34 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

നിര്‍മ്മാണ മേഖലയിലും ഇതുതന്നെയാണ് അവസ്ഥ. മഹാരാഷ്ട്ര, ഹരിയാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ കുറഞ്ഞ ശമ്പളനിരക്കാണ് ഇവിടങ്ങളില്‍ എല്ലായിടത്തുമുള്ളത്. നിര്‍മ്മാണ മേഖലയില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നതിനും ലാഭം കൂടുന്നതിനും അനുസരിച്ച് തൊഴിലാളികളുടെ അവസ്ഥ ദുരിതപൂര്‍ണ്ണമാകുന്ന കഥയാണ് ഗുജറാത്തില്‍നിന്ന് പുറത്തുവരുന്നത്. കൃഷിയെ ആശ്രയിക്കുന്ന ആദിവാസികളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കൃഷിയെ ആശ്രയിക്കുന്ന മുസ്ലീങ്ങളുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. 1993-94 കാലഘട്ടത്തില്‍ 15 ശതമാനമായിരുന്നത് ഇപ്പോള്‍ 14 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

മൊത്തം ആഭ്യന്തര ഉത്പാദനം വര്‍ദ്ധിക്കുമ്പോഴും ആളോഹരി വരുമാനത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. മറ്റ് സംസ്ഥാനങ്ങളെ നോക്കുമ്പോള്‍ ആളോഹരി വരുമാനത്തില്‍ ഗുജറാത്ത് വളരെ പുറകിലാണ്. 2009-10 വര്‍ഷത്തില്‍ ഗുജറാത്തിലെ ആളോഹരി വാര്‍ഷിക വരുമാനം 1388 രൂപയാണ്. ഹരിയാനയില്‍ ഇത് 1598 രൂപയും മഹാരാഷ്ട്രയില്‍ ഇത് 1549 രൂപയുമാണ്. ഇതു പക്ഷേ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഗ്രാമങ്ങളിലെ ദാരിദ്ര്യം

ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിന്റെ കണക്ക് നോക്കുമ്പോള്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് (2.5) ഗുജറാത്തിലേത്. എന്നാല്‍ ഇതിനെക്കാള്‍ മികച്ച രീതിയിലാണ് തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഗ്രാമങ്ങളിലെ ദാരിദ്ര്യനിരക്ക് കൈകാര്യം ചെയ്യുന്നത്. 2009-10 വര്‍ഷത്തെ കണക്ക് മാത്രം നോക്കിയാല്‍ തമിഴ്നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ദരിദ്രരാണ് ഗുജറാത്തിലുള്ളത്. ഇനി സംസ്ഥാനങ്ങളുടെ ശരാശരിയാണ് നോക്കുന്നതെങ്കില്‍ തൊണ്ണൂറുകളില്‍ ഉണ്ടായിരുന്നതിനെക്കാള്‍ ഒട്ടും മികച്ച തരത്തിലല്ല ഗുജറാത്തിലെ അവസ്ഥ.

ഇന്ത്യയിലെ നഗരങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് 1993-2005 കാലഘട്ടത്തിലും 2005-10 കാലഘട്ടത്തിലും ഉണ്ടായിരുന്നതിനാല്‍ അധികമൊന്നും മെച്ചമായിട്ടില്ല. അസുന്തുലിതാവസ്ഥ ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തന്നെയാണുള്ളത്. ഗ്രാമങ്ങളിലെ അസുന്തുലിതാവസ്ഥ കുറയുന്നതിന്റെ കണക്ക് നോക്കിയാല്‍ ഹരിയാന, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കണക്കുമായി ഏറെയൊന്നും വ്യത്യാസമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഗുജറാത്ത് ഇപ്പോള്‍ ഒരു സമ്പന്ന സംസ്ഥാനമാണ്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും സംസ്ഥാനം ഏറെ പിന്നിലാണ്. സാക്ഷരത നിരക്കിനെക്കുറിച്ചാണ് ചോദിക്കുന്നതെങ്കില്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കാണ് ഗുജറാത്തിലേതെന്ന് പറയേണ്ടിവരും. ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ളവരുടെ കണക്ക് നോക്കിയാല്‍ ഗുജറാത്ത് ഏഴാം സ്ഥാനത്താണ് എത്തുക. രാജ്യത്തെ പ്രധാനപ്പെട്ട 15 സംസ്ഥാനങ്ങളെ എടുക്കുമ്പോഴാണ് ഗുജറാത്ത് ഇത്ര പിന്നിലെത്തുന്നത്. ആറ് വര്‍ഷം മുമ്പത്തെ കണക്കില്‍ ഗുജറാത്ത് ആറാം സ്ഥാനത്തായിരുന്നു. എന്തെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസം നേടിയവരുടെ കണക്കെടുക്കുമ്പോള്‍ ഗുജറാത്ത് 21ആം സ്ഥാനത്തുനിന്നും 26ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നു.

ആരോഗ്യം

ശിശുമരണ നിരക്ക് നോക്കിയാല്‍ രാജ്യത്ത് പത്താം സ്ഥാനത്തെത്തും ഗുജറാത്ത്. ഗ്രാമങ്ങളിലെയും നഗരങ്ങളിലേയും ശിശുമരണ നിരക്ക് പരിശോധിച്ചാല്‍ 2000-10 കാലഘട്ടത്തിലെ അതേ നിരക്ക് തന്നെയാണ് തുടരുന്നത്. ശിശുമരണ നിരക്കിലെ ലിംഗവ്യത്യാസം ഇപ്പോഴും രൂക്ഷമായ നിലയില്‍തന്നെ തുടരുന്നു. അതില്‍തന്നെ എസ്.ടി, എസ്.സി എന്നിവ ഉള്‍പ്പെടെയുള്ള സമൂഹത്തില്‍ ശിശുമരണ നിരക്ക് കാര്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. പോഷകാഹാരങ്ങളുടെ ലഭ്യത നോക്കിയാല്‍ ദേശീയ ശരാശരിയിലും താഴെയാണ് ഗുജറാത്തിന്റെ സ്ഥാനം.

ഇതൊക്കെയാണ് ഗുജറാത്തിലെ വികസനത്തിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍. മൊത്ത ആഭ്യന്ത ഉത്പാദനത്തിന് പിന്നിലെ കണക്കുകളാണ് ഗുജറാത്തിന് ഇത്രയേറെ വാര്‍ത്ത പ്രാധാന്യം കൊടുക്കുന്നത്.

Sunday, 2 December 2012

പലസ്തീന്‍ ഇനി രാഷ്ട്രം


ഐക്യരാഷ്ട്ര കേന്ദ്രം: പൂര്‍ണ പരമാധികാര രാഷ്ട്ര പദവിക്ക് പലസ്തീനുള്ള അനിഷേധ്യ അവകാശത്തിന് അടിവരയിട്ട് ഐക്യരാഷ്ട്ര പൊതുസഭ വന്‍ ഭൂരിപക്ഷത്തോടെ പലസ്തീന് അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര പദവി അനുവദിച്ചു. 193 രാഷ്ട്രങ്ങള്‍ക്ക് അംഗത്വമുള്ള പൊതുസഭയില്‍ അമേരിക്കയും ഇസ്രയേലും അടക്കം ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് പലസ്തീന്റെ ആവശ്യത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ക്യൂബ, ദക്ഷിണാഫ്രിക്ക തുടങ്ങി ബഹുഭൂരിപക്ഷം വികസ്വര രാജ്യങ്ങളടക്കം138 രാജ്യങ്ങള്‍ പലസ്തീന്റെ പദവി ഉയര്‍ത്തുന്നതിനെ അനുകൂലിച്ചു. ബ്രിട്ടനും ജര്‍മനിയുമടക്കം 41 രാജ്യങ്ങള്‍ വിട്ടുനിന്നു. മൂന്നുരാജ്യങ്ങള്‍ പങ്കെടുത്തില്ല. പലസ്തീന്‍ പ്രദേശങ്ങളില്‍ ഫലമറിഞ്ഞ് ജനങ്ങളുടെ ആഹ്ലാദം അണപൊട്ടി.

കഴിഞ്ഞ വര്‍ഷം യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്കന്‍ വീറ്റോ ഭീഷണി മൂലം പൂര്‍ണ അംഗ രാഷ്ട്ര പദവിയ്ക്കുള്ള ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടിവന്ന പലസ്തീന് അതിന് വീണ്ടും ശ്രമിക്കാന്‍ കരുത്തുപകരുന്നതാണ് യുഎന്‍ പൊതുസഭയില്‍ നടന്ന ചരിത്രപ്രധാനമായ വോട്ടെടുപ്പ്. ഫ്രാന്‍സും ഇറ്റലിയുമടക്കം 17 യൂറോപ്യന്‍ രാജ്യങ്ങളും പലസ്തീന്റെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതമായി. ചെക് റിപബ്ലിക് ഒഴികെ മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങളും വിട്ടുനിന്നു. പലസ്തീന്റെ ആവശ്യത്തെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്ന് ഇസ്രയേല്‍ കണക്കാക്കിയ യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീനെ അനുകൂലിച്ച് വോട്ട് ചെയ്യാനോ നിഷ്പക്ഷത പാലിച്ച് വിട്ടുനില്‍ക്കാനോ തയ്യാറായത് സയണിസ്റ്റ് ജൂത വംശീയ രാഷ്ട്രത്തിന് കനത്ത പ്രഹരമായി.

അവിഭക്ത പലസ്തീന്‍ പ്രദേശം വിഭജിച്ച് അറബ്, ജൂത രാജ്യങ്ങള്‍ക്ക് രൂപം നല്‍കാന്‍ യുഎന്‍ പൊതുസഭ 181ാം പ്രമേയത്തിലൂടെ തീരുമാനിച്ചതിന്റെ 65ാം വാര്‍ഷിക നാളിലാണ് ആ പ്രമേയത്തില്‍ പരാമര്‍ശിച്ച പലസ്തീന്‍ ജനതയ്ക്ക് നീതിയുടെ തരിമ്പെങ്കിലും ലഭ്യമാവുന്നത്. 181ാം പ്രമേയത്തില്‍ പലസ്തീന് നീക്കിവച്ച പ്രദേശത്തിന്റെ പകുതിയില്‍ താഴെ മാത്രം വരുന്നതാണ് ഇപ്പോള്‍ പലസ്തീന്‍ പ്രദേശങ്ങളായി അവശേഷിക്കുന്ന വെസ്റ്റ്ബാങ്കും ഗാസയും കിഴക്കന്‍ ജെറുസലെമും. എന്നാല്‍ അതുപോലും അനുവദിക്കാതെ പലസ്തീന്‍ രാഷ്ട്ര രൂപീകരണം തടയാന്‍ ഇസ്രയേല്‍ അമേരിക്കന്‍ സഹായത്തോടെ നടത്തിവന്ന ശ്രമത്തിനെതിരെയാണ് ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും വോട്ട് ചെയ്തത്.

അന്താരാഷ്ട്ര പലസ്തീന്‍ ഐക്യദാര്‍ഡ്യ ദിനമായി യുഎന്‍ ആചരിക്കുന്ന ദിനത്തിലാണ് ആ അറബ്ജനതയ്ക്ക് ഈ ചരിത്ര നേട്ടം എന്നതും ശ്രദ്ധേയമാണ്. പ്രമേയം വോട്ടിനിടുന്നതിന് മുമ്പ് പലസ്തീന്‍ പ്രസിഡന്റ് നടത്തിയ പ്രസംഗത്തില്‍, 65 വര്‍ഷം മുമ്പുള്ള യുഎന്‍ പ്രമേയം ഇസ്രയേലിന്റെ ജനസര്‍ട്ടിഫിക്കറ്റായത് എടുത്തുപറഞ്ഞു. അതുപോലെ പലസ്തീന്‍ രാഷ്ട്രമെന്ന യാഥാര്‍ത്ഥ്യത്തിന്റെ ജന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അബ്ബാസ് ലോകത്തോട് അഭ്യര്‍ത്ഥിച്ചു. ഹര്‍ഷാരവത്തോടെയാണ് യുഎന്നിലെ പ്രൗഢസദസ് അബ്ബാസിനെ വരവേറ്റത്. പലസ്തീന്‍ ജനതയുടെ അനിഷേധ്യ അവകാശങ്ങള്‍ നടപ്പാക്കുന്നതിനുള്ള സമിതിയ്ക്ക് വേണ്ടി യുഎന്നിലെ സുഡാന്റെ സ്ഥിരം പ്രതിനിധി ദഫാ അല്ലാ എല്‍ഹാഗ് അലി ഉസ്മാനാണ് പലസ്തീന്റെ പദവി ഉയര്‍ത്താന്‍ ആവശ്യപ്പെടുന്ന കരട് പ്രമേയം യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ചത്.

ചൈന, ക്യൂബ, വെനസ്വേല, ദക്ഷിണാഫ്രിക്ക, സിംബാബ്വെ തുടങ്ങി എഴുപതില്‍പരം രാജ്യങ്ങള്‍ പ്രമേയത്തിന്റെ സഹപ്രായോജകരായി. 67ാം യുഎന്‍ വാര്‍ഷിക സമ്മേളനത്തിന്റെ അധ്യക്ഷനായ വാക് ജെറെമിക് വോട്ടിങ്ങ് ഫലം പ്രഖ്യാപിച്ചപ്പോള്‍ സഭാ ഹാളില്‍ നിന്ന് വന്‍കരഘോഷമുയര്‍ന്നു. പൂര്‍ണ അംഗരാഷ്ട്ര പദവിക്ക് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പലസ്തീന്‍ സമര്‍പ്പിച്ച അപേക്ഷ യുഎന്‍ രക്ഷാസമിതി അനുഭാവപൂര്‍വം പരിഗണിക്കുമെന്നും പ്രമേയത്തിലൂടെ പൊതുസഭ പ്രത്യാശ പ്രകടിപ്പിച്ചു. മധ്യപൗരസ്ത്യ സമാധാന പ്രക്രിയ പുനരാരംഭിക്കാന്‍ അടിയന്തിരമായി ചര്‍ച പുനരാരംഭിക്കുന്നതിനും പൊതുസഭ ആവശ്യപ്പെട്ടു. പലസ്തീന്‍ പ്രതിനിധികള്‍ക്ക് ഇനി യുഎന്‍ സംവാദങ്ങളില്‍ പങ്കെടുക്കുകയും ഐസിസി അടക്കമുള്ള യുഎന്‍ വേദികളില്‍ അംഗത്വം നേടുകയും ചെയ്യാന്‍ അനുവദിക്കുന്നതാണ് ഇപ്പോള്‍ ലഭിച്ച നിരീക്ഷക രാഷ്ട്ര പദവി. ഇസ്രലേുമായി ചര്‍ച്ചയിലൂടെ മാത്രമേ പലസ്തീന് രാഷ്ട്രപദവി ലഭിക്കൂ എന്ന് ശഠിക്കുന്ന ഇസ്രയേലും അമേരിക്കയും പൊതുസഭാ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു.

പലസ്തീന് നിരീക്ഷകരാഷ്ട്ര പദവി: ഭീഷണിയുമായി അമേരിക്ക

ഐക്യരാഷ്ട്രകേന്ദ്രം: ഐക്യരാഷ്ട്രസംഘടനയില്‍ വെറും "നിരീക്ഷക" പദവിയില്‍ നിന്ന് "അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര" പദവിയിലേക്ക് ഉയരുന്ന പലസ്തീനെ ഈ ചരിത്രനേട്ടത്തില്‍ നിന്ന് തടയാന്‍ അവസാനവേളയില്‍ അമേരിക്കയുടെ ഭീഷണി. പദവി ഉയര്‍ത്തുന്നതിന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പൊതുസഭയില്‍ പ്രമേയം അവതരിപ്പിച്ചാല്‍ പലസ്തീനുള്ള ധനസഹായം വെട്ടിക്കുറയ്ക്കുമെന്നാണ് അമേരിക്കന്‍ ഭീഷണി. പ്രമേയത്തിനെതിരെ വോട്ടുചെയ്യുമെന്നും അമേരിക്ക വ്യക്തമാക്കി. പ്രമേയം പാസാക്കിയാല്‍ പലസ്തീന്‍കാരില്‍ നിന്നു പിരിക്കുന്ന നികുതിപ്പണം അബ്ബാസ് ഭരണകൂടത്തിന് കൈമാറില്ലെന്ന് ഇസ്രയേലിന്റെ ഭീഷണിയുമുണ്ട്.

വ്യാഴാഴ്ച പകല്‍ മൂന്ന് (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നര) കഴിഞ്ഞേ പ്രമേയം വോട്ടിനിടൂ എന്നാണ് റിപ്പോര്‍ട്ട്. അവിഭക്ത പലസ്തീന്‍ അറബ്, ജൂതരാഷ്ട്രങ്ങളായി വിഭജിക്കാന്‍ ഐക്യരാഷ്ട്ര പൊതുസഭ പ്രമേയം പാസാക്കിയതിന്റെ 65-ാം വാര്‍ഷികനാളിലാണ് പലസ്തീന്‍ തങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിലേക്ക് ഒരു ചുവടുകൂടി വയ്ക്കുന്നത്. പലസ്തീന്‍ പ്രമേയം പാസാകാന്‍ 193 അംഗ പൊതുസഭയില്‍ കേവല ഭൂരിപക്ഷം മതിയെങ്കിലും കുറഞ്ഞത് 130 രാഷ്ട്രമെങ്കിലും പിന്തുണയ്ക്കുമെന്നാണ് സൂചന. പതിനഞ്ചോളം യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീന്‍ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചത് പലസ്തീന്‍ നീക്കത്തെ എതിര്‍ക്കുന്ന അമേരിക്കയെയും ഇസ്രയേലിനെയും തീര്‍ത്തും ഒറ്റപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെക് റിപ്പബ്ലിക് മാത്രമാണ് പ്രമേയത്തെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ജര്‍മനി, നെതര്‍ലന്‍ഡ്സ്, എസ്തോണിയ, ലിത്വാനിയ എന്നിവ വോട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും. ബ്രിട്ടന്‍, ഇപ്പോഴും നിഷ്ഠുരമായ വംശഹത്യ കേസുകളിലടക്കം അന്താരാഷ്ട്ര കോടതിയില്‍ ഇസ്രയേല്‍ വിചാരണ ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ പലസ്തീനുമായി വിലപേശലിലാണ്. ഇസ്രയേലിനെ ഐസിസിയിലേക്ക് വലിച്ചിഴക്കില്ലെന്ന് ഉറപ്പുനല്‍കിയാല്‍ പ്രമേയത്തെ അനുകൂലിക്കാമെന്നാണ് ബ്രിട്ടന്റെ നിലപാട്.

ഇസ്രയേലും പലസ്തീനും തമ്മില്‍ ചര്‍ച്ച ചെയ്താകണം പലസ്തീന്‍ രാഷ്ട്രപദവി നേടേണ്ടത് എന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍, ലോകാഭിപ്രായം അവഗണിച്ച് പലസ്തീന്‍ പ്രദേശങ്ങളില്‍ അനധികൃത കുടിയേറ്റങ്ങള്‍ വ്യാപിപ്പിച്ച് ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ ഇസ്രയേല്‍ ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ് പലസ്തീന്‍ യുഎന്‍ പൊതുസഭയെ സമീപിച്ചത്. കഴിഞ്ഞവര്‍ഷം പൂര്‍ണ രാഷ്ട്രപദവിക്ക് പലസ്തീന്‍ ശ്രമിച്ചിരുന്നെങ്കിലും രക്ഷാസമിതിയില്‍ തടയുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയതിനാല്‍ പിന്‍വാങ്ങുകയായിരുന്നു. നിരീക്ഷക രാഷ്ട്രപദവിക്ക് അമേരിക്കന്‍ ഇടങ്കോല്‍ ഫലിക്കാത്ത പൊതുസഭയില്‍ ഭൂരിപക്ഷ പിന്തുണ മതി യെന്നതാണ് പലസ്തീന് കരുത്താകുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഒന്നടങ്കം എതിര്‍ത്താലും പൊതുസഭയില്‍ വികസ്വരരാജ്യങ്ങളുടെ വന്‍പിന്തുണയോടെ പ്രമേയം പാസാക്കാനാകും.