Tuesday, 22 November 2011

നക്സൽ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലുടെ ഒരു യാത്ര

ഇന്ത്യൻ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ ചൈനാ-സോവിയറ്റ് പിളർപ്പിന് ശേഷമുരുത്തിരിഞ്ഞ തീവ്ര കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ പൊതുവായി വിളിക്കുന്ന നാമമാണ് നക്സലൈറ്റുകൾ അല്ലെങ്കിൽ നക്സലുകൾ എന്നത്. പ്രത്യയശാസ്ത്രപരമായി അവർ മാവോയിസമാണ് പിന്തുടരുന്നത്. പശ്ചിമ ബംഗാളിലാണ് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ തുടക്കം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ മദ്ധ്യ, പൗരസ്ത്യ ഭാഗത്തെ അവികസിത ദേശങ്ങളിൽ പ്രത്യേകിച്ചും ആന്ധ്രാ പ്രദേശ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) മുതലായ സംഘടനകളിലൂടെ അവരുടെ പ്രവർത്തനം വ്യാപകമായി. ഇന്ത്യൻ സർക്കാരും ഇന്ത്യയിലെ ചില സംസ്ഥാന സർക്കാരുകളും സി.പി.ഐ. (മാവോയിസ്റ്റ്)-നെയും മറ്റ് ചില നക്സൽ സംഘടനകളെയും തീവ്രവാദ സംഘങ്ങളായി കരുതുന്നു

സെപ്റ്റമ്പർ 21, 2004-ൽ സ്വതന്ത്രമാക്കപ്പെട്ടൊരു മേഖലയിൽ വെച്ച്, മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), പീപ്പിൾസ് വാർ ഗ്രൂപ്പ് എന്നീ സംഘടനകൾ തമ്മിൽ ലയിച്ച്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്), എന്ന പാർട്ടി ആയി. പീപ്പിൾസ് വാർ ഗ്രൂപ്പും ആന്ധ്രാ പ്രദേശ് ഭരണകൂടവും നടത്തിക്കൊണ്ടിരുന്ന സമാധാന ചർച്ചകൾക്കിടയിൽ വെച്ച്, പീപ്പീൾസ് വാർ ഗ്രൂപ്പ് സംസ്ഥാന സെക്രട്ടറി, രാമകൃഷ്ണ, ഹൈദരാബാദിൽ, ഒക്ടോബർ 14, 2004-നാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.[3]

പേരിനു പിന്നിൽ
+++++++++++++++
പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച ആക്രമാസക്തമായ വിപ്ലവ പ്രക്ഷോഭമാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. നക്സൽബാരി എന്ന ഈ സ്ഥലനാമം മൂലമാണ് നക്സലൈറ്റുകൾ എന്ന് ഇവർക്ക് പേരു് വരുവാൻ കാരണമായത്.

ചരിത്രം
----------------
1967-ൽ കാനു സന്യാലിന്റെയും ചാരു മജൂംദാറിന്റെയും നേതൃത്വത്തിൽ അന്നത്തെ സി. പി. ഐ. (എം)-ന്റെ ഒരു ഭാഗം പ്രവർത്തകർ ഔദ്യോഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച ആക്രമാസക്തമായ വിപ്ലവ പ്രക്ഷോഭമാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. നക്സൽബാരി എന്ന ഈ സ്ഥലനാമം മൂലമാണ് നക്സലൈറ്റുകൾ എന്ന് ഇവർക്ക് പേരു് വരുവാൻ കാരണമായത്. 1967 മേയ് 25-ന് നക്സൽബാരിയിലെ ഒരു കർഷകനെ വാടക ഗുണ്ടകൾ മർദ്ദിച്ചതിന്റെ പേരിലാണ് പ്രക്ഷോഭം ആരംഭിച്ചത്. ജന്മികളെ അവിടെയുള്ള കർഷകർ സംഘടിതമായി തിരിച്ചടിച്ചപ്പോൾ ആക്രമണം രൂക്ഷമായി.

ചൈനയിലെ മാവോ സെഡോങ്ങിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ചാരു മജൂംദാർ, അതു കൊണ്ടു തന്നെ, മാവോയുടെ കാലടികൾ പിന്തുടർന്ന് കൊണ്ട് തങ്ങളുടെ ശോച്യാവസ്ഥയ്ക്ക് ഹേതുവായ ഉപരി വർഗ്ഗത്തെയും ഭരണകൂടത്തെയും നിഷ്കാസിതരാക്കുവാൻ കർഷകരോടും സമൂഹത്തിന്റെ താഴേക്കിടയിൽ ജീവിക്കുന്നവരോടും ആഹ്വാനം ചെയ്യുമായിരുന്നു.

ഇന്ത്യയിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന് ചൂടും ചൂരുമേകിക്കൊണ്ട് അദ്ദേഹം പല സൃഷ്ടികളും നടത്തുകയുണ്ടായി. നക്സലൈറ്റ് പ്രത്യശാസ്ത്രത്തിന്റെ അടിസ്ഥാനമായ Historic Eight Documents എന്ന പുസ്തകമാണ് അതിലേറ്റവും പ്രശസ്തം. 1967-ൽ തന്നെ നക്സലൈറ്റുകൾ AICCCR (All India Coordination Committee of Communist Revolutionaries) രൂപവത്കരിക്കുകയും, പിന്നീട് സി. പി. ഐ. (എം)-ൽ നിന്ന് പിളർന്ന് പോരുകയും ചെയ്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പല പ്രക്ഷോഭങ്ങൾ ആരംഭിക്കുകയുണ്ടായി. 1969-ൽ AICCR, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)-ന് ജന്മമേകി.

മിക്കവാറുമുള്ള എല്ലാ നക്സൽ സംഘടനകളുടെയും ഉദ്‌ഭവം സി. പി. ഐ. (എം-ൽ)-ൽ നിന്നാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ രൂപമെടുത്തത് ദക്ഷിണ ദേശ സംഘത്തിൽ നിന്നുമാണ് . മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ പിന്നീട് പീപ്പിൾസ് വാർ ഗ്രൂപ്പുമായി ലയിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന സംഘടന രൂപവത്കരിച്ചു.

1970-കളോടെ നക്സൽ പ്രസ്ഥാനം പല വിധ തർക്കങ്ങളാൽ പല കഷണങ്ങളായി ഭാഗിക്കപ്പെട്ടു. 1980-ൽ മുഴുവനും മുപ്പതിനായിരം സംഘാംഗങ്ങളുമായിട്ട് ഏകദേശം മുപ്പതോളം സജീവ നക്സൽ സംഘടനകളുണ്ടായിരുന്നതായി പറയപ്പെടുന്നു. 2004-ലെ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്ക് പ്രകാരം, ആ സമയത്ത് ഏകദേശം 9300 ആയുധധാരികളായ പ്രവർത്തകർ ഉണ്ടായിരുന്നതായി പറയുന്നു. ജീഡിത്ത് വിഡാൽ-ഹാൾ (2006) പറയുന്നതനുസരിച്ച് ഏകദേശം പതിനയ്യായിരത്തോളം സായുധ സൈനികർ, രാജ്യത്തെ 160 ജില്ലകളിലായി, ഇന്ത്യയുടെ അഞ്ചിലൊന്ന് വനപ്രദേശത്തിന്റെ നിയന്ത്രണം കയ്യാളുന്നു.

ബംഗാൾ കലാപം
---------------------------
കൽക്കട്ടയിൽ വിദ്യാർത്ഥികൾക്കിടയിൽ നക്സലൈറ്റ് പ്രസ്ഥാനത്തിന് ആഴത്തിലുള്ള സാന്നിധ്യമുണ്ടായിരുന്നു. വിപ്ലവ പ്രവർത്തനങ്ങൾക്കായിട്ട് പല വിദ്യാർത്ഥികളും വിദ്യാഭ്യാസം മാറ്റി വയ്ക്കുക വരെ ഉണ്ടായിട്ടുണ്ട്. വിപ്ലവം ഗ്രാമങ്ങളിൽ കേന്ദ്രീകൃതമായിട്ടല്ല, എല്ലായിടത്തുമൊരേ പോലെ, ഒരേ സമയത്ത് നടത്തണമെന്നയിരുന്നു ചാരു മജൂംദാറിന്റെ ആശയം. വിപ്ലവത്തിന്റെ ഭാഗമായി "വർഗ്ഗ ശത്രുക്കളായ" വ്യക്തികളെ കൊലപ്പെടുത്തണമെന്ന് മജൂംദാർ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തുതിന്റെ ഫലമായി ജന്മികളെ മാത്രമല്ല, സർവ്വകലാശാലയിലെ അദ്ധ്യാപകരെയും, പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാർക്കെതിരെയുമൊക്കെ നടപടികൾ ഉണ്ടായി.

കൽക്കട്ടയിലുടനീളം വിദ്യാലയങ്ങൾ അടച്ചിടുകയുണ്ടായി. നക്സലൈറ്റ് അനുഭാവികളായ വിദ്യാർത്ഥികൾ ജാദവ്‌പൂർ സർവ്വകലാശാലയുടെ നിയന്ത്രണമേറ്റെടുത്തു. അവിടുത്തെ യന്ത്രശാലയിൽ പോലീസുകരെ നേരിടുവാനുള്ള കുഴൽ തോക്കുകളുടെ നിർമ്മാണവും തുടങ്ങി. കൽക്കട്ടയിലെ പ്രസിഡൻസി കോളേജായിരുന്നു അവരുടെ ആസ്ഥാനം. ജാദവ്‌പൂർ വൈസ് ചാൻസലർ ആയിരുന്ന ഡോ. ഗോപാൽ സെന്നിനെ വധിച്ചത് നക്സലൈറ്റുകളായിരിക്കാം എന്ന് സന്ദേഹിക്കുന്നവരുമുണ്ട്.

ബംഗാളിലെ നക്സലൈറ്റ് പ്രക്ഷോഭത്തിലെ വർഗ്ഗ ശത്രുക്കളായ വ്യക്തികൾക്കെതിരായ നടപടികൾ തിരിച്ചടികളെ വിളിച്ചു വരുത്തി. അന്നത്ത് ബംഗാൾ മുഖ്യമന്ത്രിയായിരുന്ന സിദ്ധാർത്ഥ ശങ്കർ റേ-യുടെ നേതൃത്വത്തിൽ ശക്തമായ, പിന്നീട് പലപ്പോഴും അപലപിക്കപ്പെട്ടിട്ടുള്ള, പ്രതിരോധ നടപടികൾ തുടങ്ങി. വിചാരണ കൂടാതെയുള്ള തടവു്, പീഡനം, വ്യാജ ഏറ്റുമുട്ടലുകൾ മുതലായവ ഇതിൽ പെടുന്നു.

മാസങ്ങൾക്കുള്ളിൽ നക്സൽ പ്രക്ഷോഭം അടിച്ചമർത്തപ്പെട്ടു. പോലീസിന്റെയും ഭരണകൂടത്തിന്റെയും കാഴ്ചപ്പാടിൽ നക്സലൈറ്റുകൾക്ക് മനസ്സിലാകുന്ന ഒരു ഭാഷ ആക്രമത്തിന്റേത് മാത്രമാണ് എന്നായിരുന്നു. ഈ കമ്മ്യൂണിസ്റ്റുകൾക്കെതിരെ ശരിക്കുമൊരു ആഭ്യന്തരയുദ്ധമാണ് പോരാടിയിരുന്നതെന്നും ജനാധിപത്യ മര്യാദകളോ അവകാശങ്ങൾക്കോ അത്തരമൊരു യുദ്ധത്തിൽ സ്ഥാനമില്ലെന്നുമവർ അവകാശപ്പെട്ടു. ഈ പ്രക്ഷോഭം റാഡിക്കൽ മാവോയിസ്റ്റുകളുടെ പ്രതിഛായയെ കാര്യമായി ബാധിക്കുകയും പിന്തുണ ഇടിയുന്നതിന് കാരണമാവുകയും ചെയ്തു.

മാത്രവുമല്ല ആഭ്യന്തര കലഹങ്ങൾ കാരണം പ്രസ്ഥാനം താറുമാറായിരുന്നു. മജൂംദാറിന്റെ നയങ്ങളെയും നേതൃത്വത്തെയും സംഘാംഗങ്ങൾ ചോദ്യം ചെയ്യുവാൻ തുടങ്ങി. 1971-ൽ സി. പി. ഐ. (എം-എൽ) രണ്ടായി പിളർന്നു. മജൂംദാരിന്റെ നേതൃത്വത്തെ എതിർടത്ത സത്യ നാരായണൻ സിങ്ങിന്റെ കൂടെ ആയിരുന്നു ഒരു ഭാഗം പ്രവർത്തകർ പാർട്ടി വിട്ടത്. 1972-ൽ മജൂംദാർ പിടിക്കപ്പെടുകയും പോലീസ് കസ്റ്റഡിയിൽ, അലിപ്പൂർ ജയിലിൽ വെച്ച് മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണശേഷം പാർട്ടിയിലെ പിളർപ്പുകൾ കൂടുതൽ രൂക്ഷമായി.

നക്സൽ വിപ്ലവം കേരളത്തിൽ
----------------------------------------------
1967-ലെ നക്സൽബാരി പ്രക്ഷോഭത്തിൽ നിന്നുമാവേശമുൾക്കൊണ്ട് അറുപതുകളുടെ അന്ത്യഘട്ടത്തിൽ കേരളത്തിൽ നക്സൽ പ്രക്ഷോഭങ്ങൾ വ്യാപകമായി. 1968-76 കാലയളവിനെ നക്സലുകളുടെ സുവർണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കാം. ഈ സമയത്താണ് തലശ്ശേരി-പുൽപ്പള്ളി, കുറ്റ്യാടി, കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണങ്ങൾ, വയനാടു്, കാസർഗോഡു്, കണ്ണൂർ, കോട്ടയം, കൊല്ലം‌, തിരുവനന്തപുരം ജില്ലകളിൽ ജന്മികളെ കൊള്ളയടിക്കലും കൊലപാതകവും നടത്തിയത്.


ചാരു മജൂംദാർ
-------------------------
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)-ന്റെ സ്ഥാപകനേതാവ്. ഇന്ത്യൻ കമ്യൂണിസ്റ്റ് വിപ്ലവകാരി

പശ്ചിമബംഗാളിലെ സിലിഗുഡിയിൽ 1918 ലാണ് ചാരു മംജുദാർ ജനിച്ചത്. അച്ഛൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. 1938-ൽ വിദ്യാഭ്യാസം പൂർത്തിയാക്കി മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി മാറി.1946 തേഭാഗ ഭൂസമരത്തിൽ പങ്കെടുത്തു. 1962 ലും 1972 ലും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

രാഷ്ട്രീയ കാഴ്ചപ്പാട്: ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗ്ഗസ്വഭാവത്തെക്കുറിച്ചുള്ള കടുത്ത എതിർപ്പാണ് ചാരു മജൂംദാറെ അതിൽ നിന്നും അകലാൻ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യയിലെ ഭരണവർഗ്ഗം ആഗോള ബൂർഷ്വായുടെ ദല്ലാൾ ദൌത്യമാണ് നിർവ്വഹിക്കുന്നതെന്നും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കരുതുന്നതു പോലെ ദേശീയസ്വഭാവമുള്ള ബൂർഷ്വായല്ല ഇന്ത്യൻ ഭരണവർഗ്ഗം എന്ന വിശകലനമാണ് ചാരു മജൂംദാരിന്റേത്. ഇതിന്റെ അടിസ്ഥാനത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉപദേശപ്രകാരം മാവോ സെ ദുങ്ങിന്റെ പാത പിന്തുടർന്നു കൊണ്ട് ഗ്രാമങ്ങളെ മോചിപ്പിക്കുവാനും അതു വഴി നഗരങ്ങളെ കീഴ്പ്പെടുത്തുവാനുമുള്ള രാഷ്ട്രീയ പോരാട്ടം ആരംഭിച്ചു. ബംഗാളിലെ നക്സൽബാരി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച ഈ പോരാട്ടം അതിനാൽ നക്സലിസം എന്ന പേരിൽ അറിയപ്പെട്ടു.

സി.പി.ഐ. (എം.എൽ.): 1964 ൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കോൺഗ്രസ്സിൽ ഇന്ത്യൻ ബൂർഷ്വാസിയുടെ ദല്ലാൾ സ്വഭാവത്തെ മുൻനിറുത്തി പിരിഞ്ഞ സി.പി.ഐ. (എം.)-ൽ നിന്ന് 1968 ലാണ് ചാരു മജൂംദാർ, കനു സംന്യാൽ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പിരിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)സ്ഥാപിച്ചത്. സായുധ സമരത്തിലൂടെ തൊഴിലാളിവർഗ്ഗ വിമോചനം ലക്ഷ്യമാക്കിയ പാർട്ടി നിരവധി രക്തരൂഷിതമായ സമരങ്ങൾക്ക് നേതൃത്വം നല്കി. 1969 ൽ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ അഖിലേന്ത്യാ കോർഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കുന്നതിന് നേതൃത്വം നല്കി. കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ചാരു മജൂംദാറായിരുന്നു.

അന്ത്യം: 1972 ജുലൈ 28-ന്‌ അലിപൂർ ജയിലിൽ പോലീസ് കസ്റ്റഡിയിൽ മർദ്ദനവും പീഡനവും സഹിച്ച് ആസ്ത്‌മാ രോഗിയായിരുന്ന ചാരു മജൂംദാർ ചികിത്സ ലഭിക്കാതെ മരിച്ചു. ഇന്ത്യയിലെ പ്രധാന നക്സലൈറ്റ് പ്രസ്ഥാനങ്ങൾ ജുലൈ 28 രക്തസാക്ഷിദിനമായി ആചരിച്ച്‌ വരുന്നു.

സി.പി.ഐ (എം.എൽ)
-----------------------------------
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് - ലെനിനിസ്റ്റ്) എന്നതിന്റെ ചുരുക്കരൂപം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് വിപ്ലവപാർട്ടികളിൽ ഒന്ന്. ഈ പാർട്ടി സ്ഥാപിക്കപ്പെട്ടത് 1969 ൽ ആൾ ഇ-ന്ത്യ കോർഡിനേഷൻ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റെവല്യൂഷണറീസിന്റെ സമ്മേളനത്തിലാണ്. ഇതിന്റെ സ്ഥാപനവിവരം ലെനിന്റെ ജന്മദിനമായ ഏപ്രിൽ-22 ന് കാനു സന്യാൽ ആണ് ഈ സമ്മേളനത്തിൽ അറിയിച്ചത്.

ചരിത്രം: സി.പി.ഐ.(എം.എൽ) ന്റെ പ്രധാന നേതാക്കൾ ചാരു മജുംദാർ, കാനു സന്യാൽ എന്നിവരാണ്. ഇവർ ആദ്യം സി.പി.ഐ (എം) ലെ പശ്ചിമബംഗാളിലെ നേതാക്കന്മാരായിരുന്നു. പാർട്ടിയുടെ ആദ്യ കോൺഗ്രസ്സ് നടന്നത് 1970 ൽ കൽക്കട്ടയിലായിരുന്നു. ഇതിൽ പാർട്ടിയുടെ സെണ്ട്രൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

പീപ്പിൾസ് വാർ ഗ്രുപ്പ്
---------------------------------
ആന്ധ്രാ പ്രദേശിലെ ജനങ്ങൾക്കിടയിൽ വളരെ സ്വാധീനമുള്ളൊരു നക്സലൈറ്റ് നേതാവായ കൊണ്ടപ്പള്ളി സീതാരാമയ്യായുടെ നേതൃത്വത്തിൽ 1980, ഏപ്രിൽ 22-നാണ് സി.പി.ഐ. (എം.എൽ.) പീപ്പിൾസ് വാർ രൂപീകൃതമായത്. പീപ്പിൾസ് വാർ ഗ്രൂപ്പ് എന്നും അറിയപ്പെട്ടിരുന്നു. പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ആന്ധ്രാ പ്രദേശിലെ കരിംനഗർ ജില്ല, വടക്ക് തെലുങ്കാനാ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് തുടങ്ങിയത്. പിന്നീടത് സംസ്ഥാനത്തിന്റെ ഇതര മേഖലകളിലേക്കും സംസ്ഥാനത്തിനു് പുറത്തേക്കും പടർന്ന് പിടിച്ചു.

1998-ൽ ബിഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവര്ത്തിച്ചിരുന്ന സി.പി.ഐ. (എം.എൽ. പാർട്ടി യൂനിറ്റി ) എന്ന സംഘടന പീപ്പിൾസ് വാറിൽ ലയിക്കുകയുണ്ടായി.

ഇന്ന്, എം.സി.സി.ഐ.-യുമായി ലയിച്ച് സി.പി.ഐ. മാവോയിസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്നു.

പ്രവർത്തനങ്ങൾ: ആന്ധ്രാപ്രദേശിലെ പ്രമുഖ നക്സലൈറ്റ് നേതാവും സി.പി.ഐ. (എം.എൽ.) (1977-പിരിച്ച് വിട്ടു) കേന്ദ്രകമ്മിറ്റിയിലെ അംഗവുമായിരുന്ന കൊണ്ടപ്പള്ളി സീതാരാമയ്യ ആയിരുന്നു ഈ പ്രസ്ഥാനത്തിനു രൂപം നല്കിയത്. വിദ്യാർത്ഥികൾക്കിടയിലും ആദിവാസി-കർഷകവിഭാഗങ്ങൾക്കിടയിലും സ്വാധീനമുണ്ടാക്കാൻ ഈ പ്രസ്ഥാനത്തിന്‌ സാധിച്ചിരുന്നു. ജന്മിമാരിൽ നിന്ന് പിടിച്ചെടുത്ത ആയിരക്കണക്കിന്‌ ഏക്കർ ഭൂമി കർഷകർക്കിടയിൽ വിതരണം ചെയ്യുകയും ലക്ഷക്കണക്കിന്‌ ആളുകൾ പങ്കെടുത്ത റാലികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈ പ്രസ്ഥാനത്തിന്‌ നിരോധനം ഏർപ്പെടുത്തിയിരുന്നു.

2004-ൽ ആന്ധ്രപ്രദേശ് സർക്കാരുമായി നടത്തിയ സമാധാനചർച്ചകൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പോലീസുമായും അർദ്ധസൈനികവിഭാഗങ്ങളുമായും വർഷങ്ങളോളം തുടർന്നു വന്ന ഏറ്റുമുട്ടലിൽ ആയിരക്കണക്കിന്‌ പീപ്പിൾസ് വാർ പ്രവർത്തകർ മരണമടഞ്ഞിട്ടുണ്ട്. 1999 ഡിസംബർ 22-ന് പോളിറ്റ് ബ്യൂറോ അംഗങ്ങളായ മഹേഷ്, മുരളി, ശ്യാം എന്നിവരെ ആന്ധ്രപ്രദേശ് പോലീസ് തട്ടി കൊണ്ടു പോയി വെടി വെച്ചു കൊല്ലുകയുണ്ടായി[അവലംബം ആവശ്യമാണ്]. 2001-ൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസിൽ അഖിലേന്ത്യാജനറൽ സെക്രട്ടറിയായി ഗണപതി തിരഞ്ചെടുക്കപ്പെട്ടു.

2000 ഡിസംബർ 22-ന് രൂപം കൊണ്ട പീപ്പിൾസ് വാറിന്റ സൈനികവിഭാഗമഅയ പീപ്പിൾസ് ഗറില്ല ആർമി പോലീസിനും ജന്മിമാർക്കും അർദ്ധസൈനികവിഭാഗങ്ങൾക്കും എതിരായി നിരവധി സമരങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)
----------------------------------------------------------------------
ഇന്ത്യയിലെ പ്രധാന മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഒന്നാണ് സി.പി.ഐ. മാവോയിസ്റ്റ്. 2004 സെപ്റ്റംബർ 21-ന് സി.പി.ഐ. (എം.എൽ.) പീപ്പിൾസ് വാർ ഗ്രൂപ്പ്, എം.സി.സി.ഐ. എന്നീ പാർട്ടികൾ തമ്മിൽ ലയിച്ച് സി.പി.ഐ. മാവോയിസ്റ്റ് രൂപം കൊണ്ടു. അഖിലേന്ത്യ ജനറൽ സെക്രട്ടറി ഗണപതിയാണ്‌.

നക്സൽബാരി കാർഷിക കലാപം ജന്മം നല്കിയ നക്സൈലൈറ്റ് പ്രസ്ഥാനങ്ങൾ ഇന്ന് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വത്തിനു ഭീഷണി ഉയരുന്ന ഒന്നായി മാറിയിട്ടുണ്ട് എന്ന് സര്‍കാരുകള്‍ പറയുന്നു . ഇന്ന് 13 സംസ്ഥാനങ്ങളിലോളം നക്സൽ പ്രസ്ഥാനത്തിന് സജീവമായ പ്രവർത്തനങ്ങളുണ്ട്. പല സംസ്ഥാനങ്ങളും ഈ പ്രസ്ഥാനത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവർത്തനമേഖലകൾ:
ആന്ധ്രാപ്രദേശ്
ഒറീസ്സ
ഹരിയാന
തമിഴ്‌നാട്
കർണാടക
മദ്ധ്യപ്രദേശ്
മഹാരാഷ്ട്ര
ഛത്തീസ്ഗഡ്
ബിഹാർ
ഝാർഖണ്ഡ്
പശ്ചിമബംഗാൾ
ഉത്തർപ്രദേശ്
ഉത്തർഖണ്ഡ്

പ്രധാന വർഗ്ഗ ബഹുജന സംഘടനകൾ:
എ.ഐ.ആർ.എസ്.എഫ്. (ഓൾ ഇന്ത്യ റവലൂഷണറി സ്റ്റുഡന്റ്സ് ഫ്രണ്ട്)
ആർ.ഡി.എഫ്.(റവലൂഷണറി ഡെമൊക്രാറ്റിക് ഫ്രണ്ട്)
എ.ഐ.എൽ.ആർ.സി. (ഓൾ ഇന്ത്യ ലീഗ് ഫോർ റവലൂഷണറി കൾച്ചർ)

പ്രദേശിക സംഘടനകൾ:
ഒറീസ്സ: ദമൻ പ്രതിരോധ് മഞ്ച്, ചാസി മുല്ല സംഘ്, ജന നാട്യ മണ്ടലി, ക്രാന്ദികാരി കിസാൻ സമിതി, ബാലസംഘടന
ആന്ധ്രാപ്രദേശ്: ഏ.ഐ.ആർ.എസ്.എഫ്.(AIRSF), ര്യ്ത്തു കൂലി സംഘ്‍ (RCS), സിംഗനെരി കാർമിക സമക്യ (SIKASA),വിപ്ലവ കാർമിക സമക്യ (VIKASA), റാഡിക്കൽ യൂത്ത് ലീഗ്(RYL)
ഹരിയാന: ക്രാന്ദികാരി കിസാൻ യൂനിയൻ, ജാഗരൂക് ഛാത്ര മോർച്ച (JCM), ദിശ സാംസ്ക്രിതിക് മഞ്ച്, മഹിള മുക്തി മോർച്ച
കേരളം: ആദിവാസി വിമോചന മുന്നണി, റവലൂഷണറി പീപ്പിൾസ് ഫ്രണ്ട്.

സാംസ്കാരികാവലംബങ്ങൾ
------------------------------------------
1986-ൽ പുറത്തിറങ്ങിയ എം. ടി. വാസുദേവൻ നായർ തിരക്കഥയെഴുതി, ടി. ഹരിഹരൻ സം‌വിധാനം ചെയ്ത [12] പഞ്ചാഗ്നി എന്ന ചിത്രത്തിലെ ഗീത അവതരിപ്പിച്ച ഇന്ദിര എന്ന കേന്ദ്ര കഥാപാത്രം ഒരു നക്സലൈറ്റിന്റെ കഥ പറയുന്നു.
1988-ൽ പുറത്തിറങ്ങിയ എം. ടി. വാസുദേവൻ നായർ തിരക്കഥയെഴുതി, ഹരിഹരൻ സം‌വിധാനം ചെയ്ത ആരണ്യകം എന്ന ചിത്രത്തിലെ ദേവൻ അവതരിപ്പിച്ച കഥാപാത്രം ഒരു നക്സലൈറ്റ് നേതാവാണ്.
2008-ൽ പുറത്തിറങ്ങിയ ബാബു ജനാർദ്ദനൻ തിരക്കഥയെഴുതി മധുപാൽ സംവിധാനം ചെയ്ത തലപ്പാവു് എന്ന ചിത്രത്തിലെ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജോസഫ് എന്ന കഥാപാത്രം വയനാട്ടിൽ പ്രവർത്തിക്കുന്ന ഒരു നക്സലൈറ്റ് നേതാവാണ്.[13]
2008-ൽ തന്നെ പുറത്തിറങ്ങിയ മറ്റൊരു ചിത്രമായ ഗുൽമോഹറിലും, നക്സലൈറ്റുകളുടെ ജീവിതമാണ് പ്രമേയം. ദിദി ദാമോദരൻ തിരക്കഥയെഴുതി ജയരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പ്രശസ്ത തിരക്കാഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് ആണ്. [14]
അരുന്ധതി റോയ്‌യുടെ ഗോഡ് ഓഫ് സ്മോൾ തിങ്ങ്‌സ് എന്ന പുസ്തകത്തിൽ നക്സലൈറ്റ് ആകുവാൻ ഇറങ്ങിത്തിരിച്ച ഒരു കഥാപാത്രത്തെ പറ്റി പരമാർശിക്കുന്നുണ്ട്

No comments:

Post a Comment