തന്റെ ഒരു മണിക്കൂര്‍ അഭിമുഖത്തിലൂടെ വാറന്‍ ബഫറ്റ് ലോകത്തിനു നല്‍കിയ സന്ദേശങ്ങളിലൂടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും കടന്നുപോകുന്നത് നന്ന്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നന്‍ , പത്തു പുത്തന്‍ കൈയിലുള്ള പുതുപ്പണക്കാരെപ്പോലെ പൊങ്ങച്ച വര്‍ത്തമാനങ്ങളാണ് പറഞ്ഞതെങ്കില്‍ പാതിവഴിക്ക് ചാനല്‍ ഓഫ് ചെയ്യുമായിരുന്നു, പ്രേക്ഷകര്‍. എന്നാല്‍ സിഎന്‍ബിസി ചാനലിലേക്ക് ഇപ്പോഴും കത്തുകളും ഫോണ്‍വിളികളും ഇ മെയിലുകളും പ്രവഹിക്കുകയാണ്. ഒന്നുകൂടി ആ അഭിമുഖം സംപ്രേഷഷണം ചെയ്യൂ എന്ന് അഭ്യര്‍ത്ഥിക്കുന്നവരില്‍ ആദ്യ അഭിമുഖം കണ്ടവരുണ്ട്, കേട്ടറിഞ്ഞവരുമുണ്ട്.
വാറന്‍ ബഫറ്റ് പറഞ്ഞത് എന്തെന്നല്ലേ.
പതിനൊന്നാം വയസിലാണ് വാറന്‍ ബഫറ്റ് ആദ്യ ഓഹരി വാങ്ങിയത്. എന്നാലോ ഇപ്പോഴതില്‍ അദ്ദേഹം ദുഖിക്കുന്നു. ഇത്തിരി വൈകിപ്പോയോ എന്നാണത്രേ ചിന്ത. കുറച്ചുകൂടി നേരത്തേയാകാമായിരുന്നു അത്. വീടുകള്‍തോറും പത്രങ്ങള്‍ വിതരണം ചെയ്‌ത് പതിനാലാമത്തെ വയസില്‍ വാറന്‍ ബഫറ്റ് സ്വന്തമായി ഒരു കൃഷിഭൂമി വാങ്ങി. താമസം ഇപ്പോഴും ഒമാഹ നഗര മധ്യത്തിലെ മൂന്നു മുറുകളുള്ള കൊച്ചുവീട്ടില്‍. അതിലദ്ദേഹം സംതൃത്‌പതനുമാണ്. തനിക്കു വേണ്ടതെല്ലാം ഇതിലുണ്ടല്ലോ പിന്നെന്തിനാ മണിമന്ദിരം പണിയണം എന്നാണു വാദം. 50 വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹം കഴിച്ചയുടന്‍ വാങ്ങിയതാണ് ഈ വീട്. കാറോടിക്കാന്‍ ഡ്രൈവറില്ല, രക്ഷിക്കാന്‍ ബോഡി ഗാര്‍ഡുമില്ല. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനി ഉടമയായ ഈ മനുഷ്യന്‍ തനിക്കു മാത്രമായി വിമാനം ചാര്‍ട്ടര്‍ ചെയ്‌ത് സഞ്ചരിക്കാറേയില്ല. അദ്ദേഹത്തിന്‍റെ കമ്പനിയായ ബര്‍ക്‌ഷെയര്‍ ഹതാവേയുടെ കീഴിലുള്ളത് 63 കമ്പനികളാണ്. ഇതില്‍ ഒന്നിന്റെ പോലും സിഇഒമാരെ എല്ലായ്‌പോഴും ഫോണില്‍ വിളിക്കുകയോ മീറ്റിംഗുകള്‍ വിളിക്കുകയോ ചെയ്യാറില്ല. വര്‍ഷത്തില്‍ ഒരു കത്തെഴുതും, ആ വര്‍ഷത്തെ ലക്ഷ്യം എന്തായിരിക്കണം എന്ന് അറിയിക്കാനായി മാത്രം. രണ്ടു നിര്‍ദേശങ്ങളാണ് അദ്ദേഹം സിഇഒമാര്‍ക്ക് നല്‍കാറുള്ളത്. ഒന്ന്- നമ്മുടെ സ്ഥാപനത്തില്‍ പണം മുടക്കുന്നവര്‍ക്ക് നഷ്‌ടം വരാന്‍ അനുവദിക്കരുത്. രണ്ട്- ആദ്യത്തെ നിര്‍ദേശം മറക്കരുത്.
സമ്പന്നരുടെ വലിയ സദസുകളില്‍ വാറന്‍ ബഫറ്റ് പോകാറില്ല. വിശ്രമവേകളില്‍ വീട്ടിലിരിക്കും. പാചകം അല്ലെങ്കില്‍ ടിവി കാണല്‍. വാറന്‍ ബഫറ്റ് മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കാറില്ല. അദ്ദേഹത്തിന്റെ മേശപ്പുറത്ത് കമ്പ്യൂട്ടറുമില്ല.
ലോകത്തിലെ ഒന്നാമത്തെ സമ്പന്നനായ ബില്‍ ഗേറ്റ്‌സ് വാറന്‍ ബഫറ്റുമായി കാണുന്നത് അഞ്ചു വര്‍ഷം മുമ്പാണ്. തങ്ങള്‍ക്കുതമ്മില്‍ പൊതുവായി ഒന്നും തന്നെ സംസാരിക്കാനുണ്ടാകില്ലെന്നായിരുന്നു ബില്‍ ഗേറ്റ്‌സ് ചന്തിച്ചിരുന്നത്. അതുകൊണ്ട് കൂടിക്കാഴ്‌ച നിശ്ചയിച്ചത് വെറും അരമണിക്കൂര്‍ നേരത്തേക്കു മാത്രം. എന്നാല്‍ പിരിഞ്ഞതോ പത്തു മണിക്കൂര്‍ കഴിഞ്ഞ്. ബില്‍ ഗേറ്റ്‌സ് വാറന്‍ ബഫറ്റിന്റെ ആരാധകനായി മാറിയ കൂടിക്കാഴ്‌ചയായിരുന്നു അത്.
വാറന്‍ ബഫറ്റ് യുവാക്കള്‍ക്കു നല്‍കുന്ന ഉപദേശങ്ങളില്‍ ഒന്നാമത്തേത് ബാങ്ക് വായ്‌പകള്‍ എടുക്കരുത് എന്നാണ്. പണമല്ല മനുഷ്യനെ സൃഷ്‌ടിക്കുന്നതെന്നും മറിച്ച് മനുഷ്യന്‍ പണത്തെയാണ് ഉണ്ടാക്കുന്നതെന്നും ഓര്‍മിക്കാന്‍ അദ്ദേഹം ഉപദേശിക്കുന്നു. നിങ്ങള്‍ നിങ്ങളായി, കഴിയുന്നത്ര ലളിതമായി ജീവിക്കുക, മറ്റുള്ളവര്‍ പറയുന്നതുപോലെ ചെയ്യുന്നതിനു പകരം നിങ്ങള്‍ക്ക് നല്ലതെന്നു തോന്നുന്നത് ചെയ്യുക( മറ്റുള്ളവര്‍ പറയുന്നതിനു ചെവികൊടുക്കുക.), ബ്രാന്‍ഡ് നെയിമുകള്‍ക്കു പിന്നാലെ പോകാതെ നിങ്ങള്‍ക്ക് സൗകര്യപ്രദമായ വസ്‌ത്രങ്ങള്‍ ധരിക്കുക, പണം ആവശ്യത്തിനു മാത്രം ചെലവഴിക്കുക, ആവശ്യമില്ലാത്തതൊന്നും വെറുതേ വാങ്ങിക്കൂട്ടാതിരിക്കുക, ജീവിതം നിങ്ങളുടേതാണ് എന്നോര്‍ക്കുക എന്നീ ഉപദേശങ്ങളും സിഎന്‍ബിസി അഭിമുഖത്തില്‍ വാറന്‍ ബഫറ്റ് നല്‍കി.
അദ്ദേഹം നേരത്തേ സൂപ്പര്‍ ഹിറ്റാണ്. അഭിമുഖമോ മെഗാ ഹിറ്റായി.